Connect with us

Kerala

വീക്ഷണം എഡിറ്റോറിയില്‍ അംഗീകരിക്കാനാകില്ല; താന്‍ കോണ്‍ഗ്രസുകാരനാണോയെന്ന് മുല്ലപ്പള്ളിയോട് ചോദിക്കണം-അബ്ദുല്ലക്കുട്ടി

Published

|

Last Updated

കണ്ണൂര്‍: സോഷ്യല്‍ മീഡിയയില്‍ നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് പോസ്റ്റിട്ടതിനു പിന്നാലെ തനിക്കെതിരെ കോണ്‍ഗ്രസ് മുഖപത്രത്തില്‍ വന്ന ലേഖനം അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുല്ലക്കുട്ടി.

ബി ജെ പയില്‍ ചേരുന്ന കാര്യം സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടില്ല. താന്‍ കോണ്‍ഗ്രസുകാരനാണോയെന്ന് സംശയമുള്ളവര്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോട് ചോദിക്കണമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
ചിലര്‍ വ്യക്തിവിരോധം തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ തന്നോട് പകയാണ്. സുധീരന്‍ ആദര്‍ശമില്ലത്ത വ്യക്തിയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ തകര്‍ക്കാന്‍ ശ്രമിച്ചയാളാണ്. ഇന്ദിരാഗാന്ധിയെ എതിര്‍ത്തവരാണ് തനിക്കെതിരെ രംഗത്തുവരുന്നതെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രീതി അബ്ദുല്ലക്കുട്ടി പണ്ടേ ശീലിച്ചതാണെന്നാണ് ഇന്ന് ഇറങ്ങിയ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ എഡിറ്റോറിയില്‍ പറയുന്നു. ഇപ്പോള്‍ താമരക്കുളത്തില്‍ മുങ്ങിക്കുളിക്കാനാണ് അബ്ദുല്ലക്കുട്ടിയുടെ മോഹം. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ബി ജെ പിക്ക് മംഗളപത്രം രചിക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാനാകില്ല. ദേശാടനപക്ഷിപോലെ ഇടയ്ക്കിടെ ആവാസസ്ഥലം മാറ്റുന്ന അബ്ദുല്ലക്കുട്ടി സി പി എമ്മില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയത് അധികാരമോഹത്തിന്റെ ഭാണ്ഡക്കെട്ടുമായാണ്. ഇപ്പോള്‍ ബി ജെ പിയിലേക്ക് ചേക്കേറാനും അതേ ഭാണ്ഡക്കെട്ടാണ് അബ്ദുല്ലക്കുട്ടി മുറിക്കിക്കൊണ്ടിരിക്കുന്നതെന്നും എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ലോക്‌സബാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്ന അബ്ദുല്ലക്കുട്ടിക്ക് ആ മോഹം നടക്കാതെപോയതാണ് ഇപ്പോഴത്തെ കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നത്. അബ്ദുല്ലക്കുട്ടിയെ ഇനിയും കോണ്‍ഗ്രസില്‍ വെച്ചുപൊറുപ്പിക്കരുത് എന്നു പറഞ്ഞാണ് എഡിറ്റോറിയല്‍ അവസാനിപ്പിക്കുന്നത്.