Connect with us

Malappuram

ഭിന്നശേഷിക്കാരുടെ ഉത്പന്നങ്ങൾ; വിപണി കണ്ടെത്താൻ സർക്കാർ

Published

|

Last Updated

തിരൂർ: ഭിന്നശേഷിക്കാരുടെ നേതൃത്വത്തിൽ നിർമിക്കുന്ന വിവിധ ഉത്പന്നങ്ങൾ വിപണനം നടത്താൻ സർക്കാർ ഇടപെടുന്നു. ഉപജീവനത്തിനായി ഭിന്നശേഷിക്കാർ നിർമിക്കുന്ന പേനകൾ, കുടകൾ തുടങ്ങി വിവിധ ഉത്പന്നങ്ങൾക്ക് മതിയായ വിപണി കണ്ടെത്താനാണ് സാമൂഹികനീതി വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ നടത്തിയ പ്രെപ്പോസലിന് വ്യാവസായിക പരിശീലന വകുപ്പ് അനുമതി നൽകിയത്.

കേരളത്തിലെ പലയിടങ്ങളിലും വീൽചെയറുകളിലും മറ്റും ജീവിക്കുന്ന ഭിന്നശേഷിക്കാർ നിത്യവൃത്തിക്കായി നിർമിക്കുന്ന പേപ്പർ പേനകൾ, കുടകൾ എന്നിവക്കാണ് വികലാംഗ ക്ഷേമ കോർപറേഷൻ വിപണി കണ്ടെത്താൻ കേരളത്തിലെ ഐ ടി ഐകൾ മുഖാന്തരം ശ്രമിക്കുന്നത്. ഇത്തരത്തിൽ നിർമിക്കുന്നവരുടെ പേപ്പർ പേനകൾ, കുടകൾ എന്നിവ ഐ ടി ഐകളിൽ എത്തിക്കുന്നതിനാവശ്യമായ നടപടികൾ സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ സ്വീകരിക്കും. ഐ ടി ഐകളെ ഹരിത ക്യാമ്പസ് ആക്കുന്നതിന്റെ ഭാഗമായും പ്ലാസ്റ്റിക് പേനകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായും ഭിന്നശേഷിക്കാർ നിർമിക്കുന്ന ഈ സാധനങ്ങൾ ഐ ടി ഐ കളിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾ, എൻ എസ് എസ്, എൻ സി സി യൂനിറ്റുകൾ, സ്റ്റാഫ് കമ്മിറ്റികൾ മുഖേന വിതരണം ചെയ്യേണ്ടതാണെന്ന് നിർദേശിച്ച് ട്രെയിനിംഗ് ഡയറക്ടർ സർക്കുലർ നൽകിയിട്ടുണ്ട്.

ഐ ടി ഐകളെ ഹരിത ക്യാമ്പസുകളാക്കി മാറ്റുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് പേനകൾക്ക് പകരം വിത്തുകൾ ഉൾക്കൊള്ളുന്ന പേപ്പർ പേനകൾ മാത്രം ക്യാമ്പസുകളിൽ ഉപയോഗിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഉപയോഗ ശേഷം വലിച്ചെറിയുന്ന പേപ്പർ പേനകളിൽ വിവിധതരം വിത്തുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നതിനാൽ ഇവ ചെടിയായി വളരുകയും തലമുറകൾക്ക് പുതു സന്ദേശം പകരുന്നതിന് സഹായകരം ആകുകയും ചെയ്യുന്നതാണ്. ഇത് വിജയകരമാണെന്ന് കണ്ടാൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും സർക്കാർ ആലോചിക്കുന്നുണ്ട്.

Latest