Connect with us

National

മോദിയെ പ്രശംസയില്‍ മൂടി ശിവസേന മുഖപത്രം സാമ്‌ന

Published

|

Last Updated

മുംബൈ: രണ്ടാം തവണയും പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്ന നരേന്ദ്രമോദിക്ക് പ്രശംസ ചൊരിഞ്ഞ് ശിവസേന. രാജ്യത്തിന്റെ രക്ഷകനാണ് മോദിയെന്നും അദ്ദേഹം വീണ്ടും ഭരിക്കണമെന്നത് ദൈവനിശ്ചയമാണെന്നും ശിവസേന മുഖപത്രമായ സാമ്‌ന അഭിപ്രായപ്പെട്ടു. മോദിയെ ഐക്യനായകനായി വിശേഷിപ്പിച്ച് ടൈം മാഗസിന്റെ ഓണ്‍ലൈനില്‍ വന്ന ലേഖനം ചൂണ്ടിക്കാട്ടിയായിരുന്നു ശിവസേനയുടെ പരാമര്‍ശം. മോദിയെ വിഭജന നായകനാക്കിയ ടൈം മാഗസിന്‍ തന്നെ ഇപ്പോള്‍ അദ്ദേഹത്തെ ഐക്യനായകനാക്കി “യു ടേണ്‍” എടുത്തിരിക്കുകയാണെന്ന് ശിവസേന പറഞ്ഞു.

ഇന്ത്യയില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ മോദിയെയാണ് ഇതിലെല്ലാം അപരാധിയായി ആരോപിക്കുന്നത്. ഇന്നലെ വരെ ചൗക്കിദാര്‍ ആയിരുന്ന അദ്ദേഹം ഇന്ന് മുതല്‍ രാജ്യത്തിന്റെ സംരക്ഷകനായി അധികാരത്തിലെത്തുകയാണെന്നും സാമ്‌ന വിശദീകരിച്ചു.

ടൈം മാഗസിന്റെ നേരത്തെ പുറത്തിറങ്ങിയ കവര്‍ പേജില്‍ മോദിയെ വിഭജന നായകന്‍ എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ജയത്തിന് ശേഷം പുറത്തിറങ്ങിയ പുതിയ ലേഖനത്തില്‍ മോദി ഇന്ത്യയെ ഒന്നിപ്പിച്ച ഐക്യനായകനാണെന്നാണ് പറയുന്നത്.
ഭരണം നിലനിര്‍ത്തുക എന്നതിനപ്പുറം എങ്ങനെയാണ് ഇത്രയും ഭീകരമായൊരു ഭൂരിപക്ഷം മോദിക്ക് ലഭിച്ചത്? ആ പിന്തുണ എവിടെ നിന്നാണ്? അതിന് ഒരു ഉത്തരമേ ഉള്ളൂ… ഇന്ത്യയുടെ ഏറ്റവും വലിയ പരാധീനതയായ വര്‍ഗീയ വിഭജനം എന്നതിനപ്പുറം മോദി കടന്നെത്തിയിരിക്കുന്നു എന്നു മനോജ് ലഡ്വ എഴുതിയ ടൈം ലോഖനം പറയുന്നു.

Latest