Connect with us

Religion

മത മൈത്രിയില്‍ നിര്‍മിതമായ മലപ്പുറം ശുഹദാ മസ്ജിദ്

Published

|

Last Updated

മലപ്പുറം വലിയങ്ങാടി ശുഹദാ മസ്ജിദ്

മലപ്പുറം: മലപ്പുറം വലിയങ്ങാടി ശുഹദാ മസ്ജിദ് നിര്‍മിതമായ വര്‍ഷം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും 300ലേറെ വര്‍ഷം പഴക്കമുണ്ട്.
സാമൂതിരിയുടെ കീഴിലുള്ള നാടുവാഴികളായിരുന്നു മലപ്പുറത്തെ പാറനമ്പിയും കോട്ടക്കല്‍ തമ്പുരാനും. ഇവര്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കമുണ്ടാകുകയും ഏറ്റുമുട്ടലില്‍ കലാശിക്കുകയും ചെയ്തു. പിന്നീടുണ്ടായ സമരത്തില്‍ കോട്ടക്കല്‍ സ്വരൂപം ജയിച്ചു. ഇതിനെ തുടര്‍ന്ന് മലപ്പുറം പാറനമ്പി മാപ്പിളമാരെ ഉള്‍പ്പെടുത്തി സൈന്യം വിപുലീകരിച്ചു. നായര്‍-മാപ്പിള പടയാളികള്‍ ഒരുമിച്ച് യുദ്ധം ചെയ്ത് കോട്ടക്കല്‍ സ്വരൂപത്തെ പരാജയപ്പടുത്തി.
മുസ്‌ലിംകള്‍ നല്‍കിയ പിന്തുണക്ക് പാരിതോഷികമായി പള്ളി നിര്‍മിക്കാനും കൃഷിയിറക്കാനുമുള്ള സ്ഥലം തിരഞ്ഞെടുക്കാന്‍ പാറനമ്പി പറഞ്ഞു. വലിയങ്ങാടിയില്‍ കടലുണ്ടിപ്പുഴയുടെ സമീപ പ്രദേശത്തെ 14 ഏക്കര്‍ സ്ഥലത്ത് അവര്‍ കൃഷിയിറക്കുകയും ഓലപ്പള്ളി നിര്‍മിക്കുകയും ചെയ്തു. നാടിന്റെ നാനാഭാഗത്ത് നിന്നും മുസ്‌ലിംകള്‍ ഇവിടെയെത്തി വീട് വെച്ച് താമസം തുടങ്ങി.
പള്ളിയില്‍ സ്ഥലപരിമിതി വന്നപ്പോള്‍ കുട്ടിഹസ്സന്‍ ഖാസിയാരുടെ നേതൃത്വത്തില്‍ പള്ളി പുതുക്കിപ്പണിതു. മത സൗഹാര്‍ദത്തിന്റെ പേരുകേട്ട സ്ഥലമായി മലപ്പുറം മാറി. ഇതിനിടയില്‍ പാറനമ്പി നിര്യാതനായി. ശേഷം അദ്ദേഹത്തിന്റെ അനന്തരവനായ പുതിയ പാറനമ്പി ഭരണം ഏറ്റെടുത്തു.

പുതിയ പാറനമ്പിയുടെ ചില മോശം ഇടപെടലുകള്‍ അവിടത്തെ മതസൗഹാര്‍ദത്തെ തച്ചുടച്ചു. മുസ്‌ലിംകളെ പലവിധത്തിലും പീഡിപ്പിക്കാന്‍ തുടങ്ങി. കര്‍ഷകരില്‍ നിന്നും നികുതി, പാട്ടം എന്നിവ പിരിച്ചിരുന്നത് അലിമരക്കാര്‍ എന്ന ധീര യോദ്ധാവായിരുന്നു. നാടുവാഴിക്ക് കൊടുക്കേണ്ട സംഖ്യ അടക്കാത്തവരെ അടിമകളാക്കി വില്‍ക്കുന്ന സമ്പ്രദായമുണ്ടായിരുന്നു അന്ന്. വില്‍ക്കപ്പെടുന്ന അടിമയുടെ പകുതി വില പാറനമ്പിക്കും പകുതി അലിമരക്കാര്‍ക്കും എന്നതായിരുന്നു വ്യവസ്ഥ.

ഒരിക്കല്‍ അലിമരക്കാര്‍ പാറനമ്പിയുടെ ബന്ധുക്കളില്‍പ്പെട്ട ഒരാളെ അടിമയാക്കി വിറ്റു. തത്ഫലമായി ഹിന്ദുക്കളില്‍ ചിലര്‍ പാറനമ്പിയെ തെറ്റിദ്ധരിപ്പിച്ചു. ഇത് വിശ്വസിച്ച പാറനമ്പി നികുതി പിരിച്ചിരുന്ന അലിമരക്കാരെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ അലിമരക്കാര്‍ കൊല്ലപ്പെട്ടു. അതോടെ നാട്ടിലെ സൗഹാര്‍ദാന്തരീക്ഷം വീണ്ടും അവതാളത്തിലായി.

മുസ്‌ലിംകളെ കൊലപ്പെടുത്താനും പള്ളി നശിപ്പിക്കാനും ശ്രമം നടന്നു. പലനിലക്കും മുസ്‌ലിംകളെ കഷ്ടപ്പെടുത്തി. ഇത് ഹിന്ദു-മുസ്‌ലിം യുദ്ധത്തില്‍ കലാശിച്ചു. പാറനമ്പിയുടെ നൂറുകണക്കിന് ഭടന്മാര്‍ മുസ്‌ലിംകളുടെ വാളിനിരയായി.
ക്ഷുഭിതനായ പാറനമ്പി തന്റെ മുന്‍ഗാമി നിര്‍മിച്ചുനല്‍കിയ പള്ളി തകര്‍ക്കാന്‍ തീരുമാനമെടുത്തു. എന്ത് വന്നാലും പള്ളി നശിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് മുസ്‌ലിംകളിലെ പുരുഷന്മാര്‍ പ്രതിജ്ഞയെടുത്ത് പള്ളിക്കകത്ത് തമ്പടിച്ചു. പള്ളി വളഞ്ഞുകൊണ്ട് നായര്‍ പടയാളികളും. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിനൊടുവില്‍ വലിയങ്ങാടി പള്ളി കത്തിച്ചാമ്പലാക്കി. എല്ലാം നശിപ്പിച്ചു. 44 മുസ്‌ലിംകള്‍ രക്തസാക്ഷികളായി. ഇവരാണ് മലപ്പുറം ശുഹദാക്കള്‍. 1732ല്‍ (ഹിജ്‌റ-1144 ശഅബാന്‍ 8,9) നടന്ന ഈ സംഭവം “മലപ്പുറം പട” എന്ന പേരില്‍ അറിയപ്പെട്ടു. പള്ളി തകര്‍ക്കപ്പട്ട് അധികനാള്‍ കഴിയും മുമ്പേ പാറനമ്പിക്കും കുടുംബത്തിനും മാറാവ്യാധി രോഗം പിടിപ്പെട്ടു. കുടുംബക്കാരും ഭടന്മാരും അനുദിനം മരണപ്പെട്ടുകൊണ്ടിരുന്നു. ഒരു ചികിത്സയും ഫലിച്ചില്ല. പിന്നീട് ഒരു ജ്യോത്സ്യന്‍ പരിഹാരവുമായെത്തി. മുസ്‌ലിംകളുടെ പള്ളി കരിച്ചതിന്റെ ശാപമാണ് നിങ്ങള്‍ക്കെന്നും അവരെ തിരിച്ചുകൊണ്ടുവന്ന് ഇവിടെ താമസിപ്പിക്കുകയും പള്ളി നിര്‍മിച്ചു നല്‍കുകയും ചെയ്താലേ രോഗം സുഖപ്പെടുകയുള്ളൂവെന്നും പറഞ്ഞു.

യുദ്ധത്തിന് കാരണക്കാരനായ പാറനമ്പി രോഗംബാധിച്ച് മരണപ്പെട്ടു. ശേഷം അധികാരത്തില്‍ വന്ന നമ്പിക്കും അതേരോഗം പിടിപ്പെട്ടു. ഉടനെ രക്തസാക്ഷികളുടെ ബന്ധുക്കളെയും വള്ളുവനാട്ടിലെ ചില മുസ്‌ലിം കുടുംബങ്ങളെയും ക്ഷണിച്ചുവരുത്തി. അവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുകയും പള്ളി പുനരുദ്ധീകരിക്കുകയും ചെയ്തു. ഇതോടെയാണ് അതിരൂക്ഷമായ പകര്‍ച്ചവ്യാധി പാറനമ്പി കുടുംബത്തില്‍ നിന്നും വിട്ടുമാറിയത്. ഈ വീടുകളുടെ ശേഷിപ്പുകള്‍ വലിയങ്ങാടിയില്‍ ഇന്നും കാണാം.
ഹിന്ദു-മുസ്‌ലിം സൗഹാര്‍ദം വീണ്ടും വളര്‍ന്നുവന്നു. ഇസ്‌ലാം യഥാര്‍ഥ മതമാണെന്ന് ബോധ്യമായ ഇതര സമുദായക്കാര്‍ സ്വമേധയാ ഇസ്‌ലാം സ്വീകരിച്ചു. പാറനമ്പിയും ബന്ധുക്കളും ഇസ്‌ലാം മത പ്രചാരണത്തിന് സ്വാതന്ത്രം നല്‍കി. ഇതോടെ അറ്റുപോയ ഹിന്ദു-മുസ്‌ലും മതമൈത്രി വീണ്ടും വളര്‍ന്നുവന്നു.

ശുഹദാക്കളുടെ മഖ്ബറക്ക് സമീപം തന്നെയാണ് പുതിയ പള്ളിക്ക് തറക്കല്ലിട്ടത്. വിദഗ്ധരായ കല്‍പ്പണിക്കാരെയും ആശാരിമാരെയും വരുത്തിയാണ് പാറനമ്പി പള്ളി പണി തുടങ്ങിയത്. മൂന്ന് നിലകളുള്ള പള്ളിയുടെ മൂന്നാംനിലയും തൂണുകളും വലിയ തേക്ക് കൊണ്ട് നിര്‍മിച്ചതാണ്.
അനേകം ശില്‍പ്പികളുടെ കരവിരുതില്‍ ഉയര്‍ന്ന പള്ളിയിലെ കൊത്തുപണികള്‍ വളരെ പ്രസിദ്ധമായിരുന്നു അക്കാലത്ത്. ജനലുകളിലും വാതിലുകളിലും എല്ലാം ഖുര്‍ആന്‍ സൂക്തങ്ങളും പ്രവാചക വചനങ്ങളും കൊത്തിവെച്ചു. ചിത്രപ്പണികള്‍ ചെയ്ത മിമ്പറയും മിഹ്‌റാബും അതിശയമായിരുന്നു. 44 ശുഹദാക്കളും നിരവധി സാദാത്തുക്കളും മഹാത്മാക്കളും പള്ളിപരിസരത്ത് അന്ത്യവിശ്രമം കൊള്ളുന്നു.

Latest