Connect with us

Articles

കേരളത്തിന്റെ വിധി

Published

|

Last Updated

പതിനേഴാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ ഫലം വലിയ അത്ഭുതമൊന്നുമുളവാക്കുന്നില്ല. പരമാവധി നാല് സീറ്റ് വരെ മാത്രം നേടാന്‍ സാധിക്കുമായിരുന്ന ഇടത് ജനാധിപത്യ മുന്നണി ഒരു സീറ്റിലേക്ക് ചുരുങ്ങിയെന്ന് മാത്രം. അത്ഭുതമുള്ളത് വിജയിച്ച സീറ്റുകളിലൊക്കെ ഐക്യജനാധിപത്യ മുന്നണി നേടിയ വലിയ ഭൂരിപക്ഷമാണ്. അതിലും അത്ഭുതം, ഇത്രയും വലിയ ഭൂരിപക്ഷത്തോടെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ പാകത്തിലേക്ക് കേരളത്തിലെ വോട്ടര്‍മാരുടെ മനസ്സ് പാകപ്പെട്ടിരുന്നുവെന്നത് മുന്നണികള്‍ക്കോ അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടികള്‍ക്കോ മനസ്സിലായിരുന്നില്ല എന്നതിലാണ്. ശബരിമല വോട്ടാകുമെന്നും 2014ലെ തിരഞ്ഞെടുപ്പില്‍ പതിമൂവായിരത്തിലേറെ വോട്ടിന് പരാജയപ്പെട്ട തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്നും കണക്ക് കൂട്ടിയ ബി ജെ പിക്കും കാത്തിരിക്കുന്നത് 90,000ത്തിലധികം വോട്ടിന്റെ തോല്‍വിയാണെന്ന് മനസ്സിലായതേയില്ല. ജനങ്ങളുമായി അത്രമാത്രം അകന്നാണ് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളും അതിന്റെ നേതാക്കളും പ്രവര്‍ത്തകരുമുള്ളത് എന്നതിന് ഇതിലധികം തെളിവ് വേണ്ടതില്ല. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷമുള്ള സാഹചര്യവും ഭിന്നമല്ല.

തോല്‍വിയിലെ പരിശോധന
തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കാനുള്ള ശ്രമം ആദ്യം തുടങ്ങിയത് ഇടത് ജനാധിപത്യ മുന്നണിക്ക് നേതൃത്വം നല്‍കുന്ന സി പി ഐ (എം)യാണ്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം പരാജയത്തിന്റെ കാരണങ്ങളിലൊന്നായി ആദ്യം വിലയിരുത്തിയ പാര്‍ട്ടി നേതാക്കള്‍, കൂട്ടായ ആലോചനക്ക് ശേഷം (സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം) ന്യൂനപക്ഷ ഏകീകരണം മാത്രമല്ല ശബരിമലയില്‍ യുവതീ പ്രവേശനത്തിനുണ്ടായിരുന്ന നിയന്ത്രണം നീക്കിയ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചതിനെച്ചൊല്ലി ബി ജെ പിയും യു ഡി എഫും നടത്തിയ പ്രചാരണങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കിയെന്നും അതും കാരണമായെന്ന് വിലയിരുത്തി. മറ്റു കാരണങ്ങളെന്തൊക്കെ എന്നതില്‍ വിശദമായ പരിശോധന ഉണ്ടാകുമെന്നും തെറ്റുതിരുത്തുമെന്നും സംസ്ഥാന നേതൃത്വവും പൊളിറ്റ് ബ്യൂറോയും വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ തോല്‍വികളുണ്ടാകുമ്പോള്‍ സി പി ഐ (എം) നേതൃത്വം പതിവായി പറയുന്ന കാര്യമെന്നതിലപ്പുറം ഗൗരവം ഇതിന് കല്‍പ്പിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. തെറ്റുതിരുത്തല്‍ എന്ന ഒരൊറ്റ അജന്‍ഡ മാത്രം മുന്‍നിര്‍ത്തി പ്ലീനം സംഘടിപ്പിച്ചതിന് ശേഷം എന്ത് തിരുത്താണ് പാര്‍ട്ടിയിലുണ്ടായത് എന്ന് ചോദിച്ചാല്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിന് മറുപടിയുണ്ടാകില്ല. അതുകൊണ്ടാണ് തെറ്റുതിരുത്തുമെന്ന പ്രഖ്യാപനത്തെ വലിയ ഗൗരവത്തില്‍ കാണേണ്ടതില്ല എന്ന് പറഞ്ഞത്. അല്ലെങ്കിലും രാജ്യത്ത് നിലനില്‍ക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയുടെയും പ്രചാരണത്തിന്റെയും രീതി പരിശോധിച്ചാല്‍ തെറ്റുതിരുത്തലിനൊന്നും വലിയ സ്ഥാനമുണ്ടെന്ന് കരുതുകവയ്യ. നുണകളും പരിഹാസ്യമായ അഭിനയവും അരങ്ങുവാഴുന്ന കാലത്താണല്ലോ നമ്മളൊക്കെയും ജീവിക്കുന്നത്!
2014ല്‍ അധികാരത്തിലെത്തിയ നരേന്ദ്ര മോദി സര്‍ക്കാറിന്റെ നയങ്ങള്‍ക്കും ഭരണത്തിന്റെ തണലില്‍ സംഘ്പരിവാര സംഘടനകള്‍ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ വലിയ പ്രതികരണമുണ്ടായ സംസ്ഥാനങ്ങളിലൊന്ന് കേരളമായിരുന്നു. ചില കാര്യങ്ങളില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതു തന്നെ കേരളമായിരുന്നു. അതില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രത്യേകിച്ച് സി പി ഐ (എം) വലിയ പങ്കുവഹിക്കുകയും ചെയ്തു. നരേന്ദ്ര മോദി സര്‍ക്കാറിനെതിരായ വികാരം ശക്തമാകുകയും പകരം സര്‍ക്കാറുണ്ടാകണമെങ്കില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് ലഭിക്കേണ്ടതുണ്ടെന്ന ബോധ്യം രൂപപ്പെടുകയും ചെയ്തതോടെ മതനിരപേക്ഷ ജനാധിപത്യമെന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്ന വലിയൊരു വിഭാഗം അവരുടെ വോട്ട് അതിനായി മാറ്റിവെച്ചു. അതില്‍ വലിയൊരു വിഭാഗം ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്നവരാണെന്ന് മാത്രം. യു ഡി എഫിനെ വലിയ വിജയത്തിലേക്ക് നയിച്ച ആദ്യത്തെ ഘടകം ഇതാണ്.
രണ്ടാമത്തേതായി ശബരിമല തന്നെ. ശബരിമലയില്‍ യുവതീ പ്രവേശനത്തിനുള്ള നിയന്ത്രണം നീക്കി ആചാരം ലംഘിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കാനാണ് ബി ജെ പിയും കോണ്‍ഗ്രസും (തുടക്കത്തില്‍ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തവരാണ് ഇവര്‍) ശ്രമിച്ചത്. സംസ്ഥാന രാഷ്ട്രീയത്തില്‍ സ്വയം കല്‍പ്പിച്ചിരുന്ന “സ്ഥാനം” നഷ്ടമായെന്ന തോന്നലില്‍ അവസരം മുതലെടുക്കാന്‍ നായര്‍ സര്‍വീസ് സൊസൈറ്റി പോലുള്ളവ രംഗത്തിറങ്ങുകയും അത്തരക്കാരുടെ അഭിപ്രായങ്ങള്‍ക്ക് അനര്‍ഹമായ സ്ഥാനം ലഭിക്കുകയും ചെയ്തതോടെ ശബരിമലയെച്ചൊല്ലിയുള്ള തെറ്റിദ്ധാരണ വേഗത്തില്‍ പടര്‍ന്നു. കോടതി വിധി നടപ്പാക്കുക എന്ന തീരുമാനത്തില്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, പതിവ് ശൈലിയില്‍, ആവര്‍ത്തിച്ചത് പ്രതിലോമ ശക്തികള്‍ക്ക് കൂടുതല്‍ അവസരം തുറന്നുനല്‍കുകയും ചെയ്തു.
ഇനിയുള്ളത് പ്രളയമാണ്. അക്കാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ജനങ്ങളുടെ മനോവീര്യം കെടാതെ നോക്കാനും മുഖ്യമന്ത്രി നടത്തിയ ശ്രമങ്ങള്‍ പ്രകീര്‍ത്തിക്കപ്പെട്ടതാണ്. അതേത്തുടര്‍ന്നുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പക്ഷേ വേണ്ടത്ര വേഗമുണ്ടായില്ല. ദുരിതബാധിതര്‍ക്ക് പെട്ടെന്നുള്ള സഹായമെന്ന നിലക്ക് വാഗ്ദാനം ചെയ്ത പതിനായിരം രൂപയുടെ വിതരണത്തെക്കുറിച്ച് പോലും ആക്ഷേപമുണ്ടായി. പുനരധിവാസ – പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖയുണ്ടാക്കി സര്‍ക്കാര്‍ മുന്നോട്ടുപോയെങ്കിലും അത് പൂര്‍ണമായും സാധ്യമാകാതെ ഇരകളാക്കപ്പെട്ടവര്‍ തൃപ്തരാകില്ല തന്നെ. അവരുടെ വോട്ട് ഇക്കുറി ഇടതു മുന്നണിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. പുനര്‍ നിര്‍മാണത്തിന് പണം കണ്ടെത്താന്‍ നിര്‍ദേശിക്കപ്പെട്ട സാലറി ചലഞ്ച് അപ്രഖ്യാപിത നിര്‍ബന്ധിത പിരിവായതും പ്രതികൂലമായിട്ടുണ്ടാകണം. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കേണ്ടിവന്ന സി പി എം അനുകൂല സംഘടനകളിലെ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വോട്ട് ഇക്കുറി എതിരായി പതിച്ചിട്ടുണ്ടാകണം.
ജി എസ് ടി നടപ്പാക്കിയതും പ്രളയവും നരേന്ദ്ര മോദി സര്‍ക്കാറിന്റെ നിസ്സഹകരണ മനോഭാവവും ചെറുതല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളത്തെ നയിച്ചിട്ടുണ്ട്. ഇതുമൂലം ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്ന ജനങ്ങളില്‍ വലിയൊരു ഭാഗം ഇക്കുറി ഇടതിനെ കൈവിട്ടിട്ടുമുണ്ട്. എന്ത് എതിര്‍പ്പുണ്ടായാലും വികസന പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ മുഖ്യമന്ത്രി പിണറായി വിജയനെടുത്ത തീരുമാനവും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ വിരുദ്ധ ചലനമുണ്ടാക്കിയിട്ടുണ്ടാകണം. പെരിയയിലെ ഇരട്ടക്കൊല, ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുയര്‍ന്ന വലിയ പരാതികള്‍ എന്നിങ്ങനെ മറ്റ് ഘടകങ്ങള്‍ വേറെ.
ഇത്തരം സാഹചര്യങ്ങളൊന്നും മനസ്സിലാക്കാന്‍ സി പി ഐ (എം) നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ തിരഞ്ഞെടുപ്പു ഫലം വരും വരെ കഴിഞ്ഞതേയില്ല. അതുകൊണ്ടാണ് തോല്‍വി അപ്രതീക്ഷിതമാകുന്നത്. സ്വന്തം വീട്ടിലുള്ളവര്‍ എങ്ങനെ ചിന്തിക്കുന്നുവെന്നെങ്കിലും ഈ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ മനസ്സിലാക്കിയിരുന്നുവെങ്കില്‍, അത് സ്വന്തം കമ്മിറ്റികളിലൂടെ മുകളിലേക്ക് അറിയിക്കാന്‍ ധൈര്യം കാട്ടിയിരുന്നുവെങ്കില്‍ തോല്‍വി ഒട്ടും അപ്രതീക്ഷിതമാകുമായിരുന്നില്ല. അങ്ങനെ സാധിച്ചിട്ടില്ലെങ്കില്‍ സ്വന്തം ചുറ്റുവട്ടത്ത് ജീവിക്കുന്നവരുമായുള്ള ബന്ധം പ്രവര്‍ത്തകര്‍ക്ക് നഷ്ടമായിരിക്കുന്നുവെന്നാണ് അര്‍ഥം. പ്രവര്‍ത്തകര്‍ക്ക് അത് മനസ്സിലാകുകയും നേതാക്കളിലേക്ക് അത് എത്താതിരിക്കുകയുമാണ് ചെയ്യുന്നതെങ്കില്‍ നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ ബന്ധമില്ലാതായിരിക്കുന്നുവെന്നും. മണ്ണില്‍ നടക്കുന്നത് അറിയുന്നില്ല എന്നതാണ് തെറ്റ്. തിരുത്തുമെന്ന “അനാവശ്യ”ത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ തെറ്റ് ഉറക്കെ വിളിച്ചു പറയുകയാണ് ആദ്യം വേണ്ടത്. അതിനുള്ള ധൈര്യം “ശൈലി മാറ്റില്ലെന്ന്” ഇതിനകം പറഞ്ഞ പിണറായി വിജയനെങ്കിലും ഉണ്ടാകേണ്ടതുണ്ട്. ഇല്ലെങ്കില്‍ പരാജയത്തിന് തൊടുന്യായങ്ങള്‍ നിരത്തി, ബി ജെ പിക്ക് ആനുപാതികമായ വോട്ടുവര്‍ധനയുണ്ടാകാതിരുന്നതാണ് യു ഡി എഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം ഉയരാന്‍ കാരണമെന്ന് ആശ്വസിക്കാം. എതിരാളിയുടെ പാളിച്ചകള്‍ സമ്മാനിക്കുന്ന വിജയങ്ങള്‍ക്കായി കാത്തിരിക്കാം.

വിജയത്തിന്റെ വിലയിരുത്തല്‍
ഇരുപതില്‍ ഇരുപതും നേടുമെന്നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന ഘട്ടത്തില്‍ കെ പി സി സിയുടെ പ്രസിഡന്റും മറ്റ് മുതിര്‍ന്ന നേതാക്കളും പറഞ്ഞത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയതോടെ ട്വന്റി – ട്വന്റി എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറേക്കൂടി ഉറപ്പിച്ചു പറഞ്ഞു. ഈ പറച്ചില്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കിയായിരുന്നുവെന്ന് ആരും തെറ്റിദ്ധരിക്കരുത്. അതങ്ങനെ മനസ്സിലാക്കാനുള്ള സംഘടനാ സംവിധാനം കേരളത്തില്‍പ്പോലും കോണ്‍ഗ്രസ് പാര്‍ട്ടിക്കില്ല. സംഘ്പരിവാരത്തിനെതിരെ നിലപാടെടുക്കുന്ന ന്യൂനപക്ഷങ്ങളുടെ വോട്ട് ഇക്കുറി തങ്ങള്‍ക്കു തന്നെയെന്ന വിശ്വാസത്തില്‍ ആവര്‍ത്തിച്ചതാണ് ട്വന്റി – ട്വന്റി. ചക്ക വീഴുമെന്നോ മുയലു ചാകുമെന്നോ അവരാരും കരുതിയിട്ടേയില്ല. മണ്ണില്‍ വളരുന്നത് തങ്ങള്‍ക്ക് അനുകൂലമായ വികാരമാണെന്ന തോന്നല്‍ പ്രവര്‍ത്തകരിലൂടെ മനസ്സിലാക്കാനായിരുന്നുവെങ്കില്‍ വടകര സീറ്റില്‍ സ്ഥാനാര്‍ഥിയാകാന്‍ മടിച്ചവരുടെ നിര നീളുമായിരുന്നില്ല. രാഹുല്‍ വയനാട്ടിലെത്തിയപ്പോള്‍ പിന്‍മാറേണ്ടി വന്ന നേതാവിന് വടകര ഏറ്റെടുക്കാന്‍ മടിയുണ്ടാകുമായിരുന്നുമില്ല.
കോണ്‍ഗ്രസ് – യു ഡി എഫ് പക്ഷത്താണെന്ന് ഉറപ്പുള്ള വോട്ടര്‍മാരുടെ പേര് അന്തിമ വോട്ടര്‍ പട്ടികയിലുണ്ടെന്ന് ഉറപ്പാക്കാന്‍ പോലും സാധിക്കാത്ത കോണ്‍ഗ്രസ് സംഘടനാ സംവിധാനം ജനങ്ങളുടെ വികാരം തൊട്ടറിയുമെന്ന് പ്രതീക്ഷിക്കുന്നത് തന്നെ അബദ്ധം. യു ഡി എഫിലുള്ള പാര്‍ട്ടികളില്‍ അല്‍പ്പമെങ്കിലും കെട്ടുറപ്പുള്ളത് മുസ്‌ലിം ലീഗിനാണ്. അവര്‍ക്കും കാര്യങ്ങള്‍ തിരിഞ്ഞിരുന്നോ എന്ന് സംശയം. തിരിഞ്ഞിരുന്നുവെങ്കില്‍ ആ പാര്‍ട്ടിയുടെ പ്രമുഖ നേതാവ് ഇത്രയും പരിഭ്രമം പ്രകടിപ്പിക്കുമായിരുന്നില്ലല്ലോ! മണ്ഡലം മാറണമെന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുമായിരുന്നില്ലല്ലോ! മലബാറിലെ മണ്ഡലങ്ങളില്‍ യു ഡി എഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കാന്‍ ആ പാര്‍ട്ടിയും അതിന്റെ പ്രവര്‍ത്തകരും നടത്തിയ വലിയ ശ്രമം ഓര്‍ത്തുകൊണ്ടുതന്നെയാണ് ഇത് പറയുന്നത്.
ഭൂരിപക്ഷ സമുദായത്തില്‍ നിന്നുള്ള അതിശക്തമായ പിന്തുണയാണ് വലിയ വിജയത്തിന് കാരണമെന്നാണ് യു ഡി എഫ് വിലയിരുത്തിയത്. അത് നിലനിര്‍ത്താന്‍ ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന വാഗ്ദാനം നല്‍കാന്‍ അല്‍പ്പം പോലും മടിച്ചതുമില്ല. മോദിയെയും വര്‍ഗീയ ഫാസിസത്തെയും അധികാരത്തിന് പുറത്താക്കണമെങ്കില്‍ കോണ്‍ഗ്രസിന് ശക്തിയുണ്ടാകണമെന്ന് വിചാരിച്ച കേരളത്തിലെ മതനിരപേക്ഷ വോട്ടര്‍മാരെ ആ മുന്നണി കണക്കിലെടുക്കുന്നേയില്ല. കേരളത്തിലെ സര്‍ക്കാറിനെതിരെ വികാരമുണര്‍ത്തിയ മറ്റു ഘടകങ്ങളെ അവര്‍ കാണുന്നതേയില്ല. വലിയ വിജയത്തിന്റെ മുഖ്യ കാരണമായി ശബരിമലയെ കാണുന്നവര്‍, മൃദു ഹിന്ദുത്വ അജണ്ടകളിലെ ഊന്നല്‍ കൂട്ടാനേ ആലോചിക്കൂ. അത് ഭാവിയില്‍ ഉണ്ടാക്കാന്‍ ഇടയുള്ള അപകടം എന്താണെന്ന് വടക്കേ ഇന്ത്യ കണ്ടിട്ടെങ്കിലും അവര്‍ക്ക് ബോധ്യപ്പെടേണ്ടതാണ്. അതിനുള്ള സാധ്യത തുലോം കുറവ്.

“സുവര്‍ണാവസര”ക്കാരുടെ വീഴ്ച
ശബരിമലയില്‍ മലക്കം മറിഞ്ഞ്, അക്രമോത്സുകമായ സമരങ്ങളിലൂടെ ഭൂരിപക്ഷ വികാരം അനുകൂലമാക്കാന്‍ ശ്രമിച്ചവര്‍ തീര്‍ത്തും വീണെന്ന് പറഞ്ഞുകൂട, വിജയിച്ചില്ല എന്നേയുള്ളൂ. പത്തനംതിട്ടയിലും തൃശൂരുമൊക്കെ ബി ജെ പിയുണ്ടാക്കിയ വോട്ടുവര്‍ധന ചെറുതല്ല. ശബരിമലയുടെ പേരില്‍ നടത്തിയതൊക്കെ രാഷ്ട്രീയോദ്ദേശ്യം മാത്രം മുന്‍നിര്‍ത്തിയായിരുന്നുവെന്ന് പരസ്യമായതുകൊണ്ടു മാത്രമാണ് അതിന്റെ നേട്ടം മുഴുവനായി കൊയ്യാന്‍ അവര്‍ക്ക് സാധിക്കാതെ പോയത്. ആ പാര്‍ട്ടിയുടെ നേതാക്കള്‍ ഏത് സാഹചര്യത്തിലും കെടാതെ സൂക്ഷിക്കുന്ന ഗ്രൂപ്പു വൈരവും (നൈഷ്ഠിക വൈരനിര്യാതന ബുദ്ധി എന്ന് വേണമെങ്കില്‍ പറയാം) ലോക്‌സഭയിലേക്ക് താമര വിരിയാത്ത ദേശമായി കേരളത്തെ നിലനിര്‍ത്തി. കാലുവാരിയതാരൊക്കെ എന്ന പരിശോധനയാകും ആ പാര്‍ട്ടിയില്‍ ആദ്യം നടക്കുക. വീഴ്ചയുടെ യഥാര്‍ഥ കാരണം പരിശോധിക്കുന്ന ഏക പാര്‍ട്ടി! തോല്‍വിയുടെ പരിശോധനയും വിജയത്തിന്റെ വിലയിരുത്തലും കാണുമ്പോള്‍ സുവര്‍ണാവസരക്കാര്‍ അവരുടെ നിഷ്ഠ തെറ്റാതെ നോക്കട്ടെ എന്ന് ആഗ്രഹിക്കാനേ കഴിയൂ.

രാജീവ് ശങ്കരന്‍

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്