Connect with us

Ongoing News

ഇന്ത്യന്‍ നിര ശക്തം, ലോകകപ്പില്‍ ഈ ടീമൊരു കലക്കു കലക്കും: സച്ചിന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ലോകകപ്പില്‍ വിരാടി കോലി നയിക്കുന്ന ഇന്ത്യന്‍ ടീം ശക്തമായ സാന്നിധ്യമായിരിക്കുമെന്ന് മുന്‍ ക്രിക്കറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ലോകകപ്പ് നേടാന്‍ മികച്ച സാധ്യതകളുള്ള ടീമാണിത്. ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ രോഹിത് ശര്‍മ-ശിഖര്‍ ധവാന്‍ കൂട്ടുകെട്ട് മാരക പ്രഹരശേഷിയുള്ളതാണ്. പല മത്സരങ്ങളിലും ഇവര്‍ നല്‍കിയ കരുത്തുറ്റ തുടക്കങ്ങള്‍ മധ്യനിരയുടെ ജോലി എളുപ്പമാക്കിയിരുന്നു.

എന്നാല്‍, ധവാനൊപ്പം മറ്റൊരു ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനെ കൂടി ടീമിലെടുക്കാതിരുന്നത് ശരിയായില്ലെന്ന് സച്ചിന്‍ പറഞ്ഞു. എങ്കിലും നിലവിലെ ബാറ്റിംഗ് ഓര്‍ഡര്‍ സ്ഥിരതയുള്ളതും സ്‌ഫോടനാത്മകവും ഫലപ്രദവുമാണെന്ന് മുന്‍ ക്രിക്കറ്റര്‍ വിലയിരുത്തുന്നു. രണ്ടാമതൊരു ഇടങ്കൈയന്‍ ബാറ്റിംഗ് നിരയിലില്ലാത്തതിന്റെ കുറവ് നികത്താന്‍ ഇത് ധാരാളമാണ്. ഇടങ്കൈ-വലങ്കൈ കൂട്ടുകെട്ട് ബൗളറുടെ ലൈനും ലെംഗ്തും നഷ്ടമാകാന്‍ സഹായിക്കും. ഫീല്‍ഡിംഗ് ഇടക്കിടെ പുനക്രമീകരിക്കാന്‍ ഇത് എതിര്‍ ടീം ക്യാപ്റ്റനെ നിര്‍ബന്ധിതനാക്കും. അതേസമയം, കിടയറ്റ ബാറ്റ്‌സ്മാന്മാരുണ്ടെങ്കില്‍ ഇടങ്കൈ-വലങ്കൈ കൂട്ടുകെട്ട് അനിവാര്യമായ ഘടകമേ ആകില്ല. മറ്റു കുറവുകളെയെല്ലാം മറികടക്കാന്‍ ശേഷിയുള്ള ശക്തരായ ബാറ്റ്‌സ്മാന്മാര്‍ നമുക്കുണ്ട്.

2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ നയിച്ച മഹേന്ദ്ര സിംഗ് ധോണിയെ പ്രകീര്‍ത്തിക്കാനും സച്ചിന്‍ മറന്നില്ല. ധോണിയില്‍ നിന്ന് ഇനിയുമൊരുപാട് സംഭാവനകള്‍ ടീമിന് ലഭിക്കുമെന്ന് മുന്‍ സ്‌കിപ്പര്‍ കൂടിയായ സച്ചിന്‍ പറഞ്ഞു. വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായും ടീമിന്റെ നായകനായും ദീര്‍ഘകാലം കളിച്ചതിന്റെ പരിചയ സമ്പത്തും മൈതാനത്ത് എന്താണ് സംഭവിക്കുന്നതെന്ന് ശരിയായി മനസ്സിലാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും ടീമിന് മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയമില്ല.