Connect with us

Kerala

തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച പി ജെ ജോസഫിനെതിരെ കടുത്ത വിമര്‍ശനവുമായി ജോസ് കെ മാണി വിഭാഗം

Published

|

Last Updated

തിരുവനന്തപുരം: താന്‍ പാര്‍ട്ടിയുടെ താത്കാലിക ചെയര്‍മാനാണെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയ പി ജെ ജോസഫിനെതിരെ കടുത്ത വിമര്‍ശനവുമായി ജോസ് കെ മാണി വിഭാഗം രംഗത്ത്. ജോസ് കെ മാണിക്കൊപ്പം നില്‍ക്കുന്ന എം എല്‍ എമാരായ റോഷി അഗസ്റ്റിന്‍, പ്രൊഫ. എം ജയരാജ് എന്നിവരാണ് വാര്‍ത്താസമ്മേളനം നടത്തിയ ജോസഫിനെതിരെ ആഞ്ഞടിച്ചത്.

പി ജെ ജോസഫിന്റേത് അച്ചടക്കലംഘനമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കാന്‍ പി ജെ ജോസഫിന് കഴിയില്ല. പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമാണ്. പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നാണ് ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ടതുണ്ട്. അത്തരത്തില്‍ ഇതുവരെ ചെയര്‍മാനെ തിരഞ്ഞെടുത്തിട്ടില്ല. ചെയര്‍മാന്റെ അഭാവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്‌കൊണ്ടുപോകുന്നതിനാണ് വര്‍ക്കിംഗ് ചെയര്‍മാന് താത്കാലിക ചുമതല നല്‍കിയതെന്നും ഇവര്‍ പറഞ്ഞു.

പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗം എന്ന നിലയിലാണ് പി ജെ ജോസഫിന് നിയമസഭയില്‍ മുന്‍നിരയില്‍ സീറ്റ് നല്‍കാന്‍ സ്പീക്കര്‍ തയ്യാറായത്. പുതിയ ചെയര്‍മാനെ കണ്ടെത്തിയാല്‍ അറിയിക്കണമെന്ന് സ്പീക്കര്‍ പറഞ്ഞതായും ഇവര്‍ പറഞ്ഞു.