Connect with us

Gulf

ഇനി പാപമോചനത്തിന്റെ ദിനങ്ങള്‍; ഇരു ഹറമുകളിലേക്കും വിശ്വാസികളുടെ ഒഴുക്ക് തുടങ്ങി

Published

|

Last Updated

മക്ക/മദീന: വിശുദ്ധ റമദാന്‍ അവസാനത്തെ പത്തിലേക്ക് കടന്നതോടെ ഇരു ഹറമുകളിലേക്കും വിശ്വാസികളുടെ ഒഴുക്ക് തുടങ്ങി. അഞ്ച് വഖ്ത് നിസ്‌കാരങ്ങള്‍ നിര്‍വഹിച്ചും വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തും സുന്നത്ത് നിസ്‌കാരങ്ങള്‍ പരാമാവധി നിസ്‌കരിച്ചും രാത്രിയില്‍ തറാവീഹും ഖിയാമുല്ലൈല്‍, തഹജ്ജുദും നിസ്‌കരിച്ചും മുഴുവന്‍ സമയവും ഇബാദത്തുകളിലായി കഴിയുകയാണ് ഇരു ഹറമുകളിലെത്തിയ വിശ്വാസികള്‍.

അവസാന ദിനങ്ങളിലേക്ക് നീങ്ങുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആഭ്യന്തര തീര്‍ഥാടകരുടെയും എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. സഊദിയില്‍ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ കൂടി പ്രഖ്യാപിച്ചതോടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് ചെറിയ സംഘങ്ങളെയും വിവിധ ഹംലകള്‍ വഴിയും ഹറമുകളിലെത്തുന്നത്.

മസ്ജിദുന്നബവിയില്‍ പള്ളിയുടെ ഒന്നാം നിലയില്‍ ഇഹ്തികാഫ് ഇരിക്കേണ്ടവര്‍ക്ക് പ്രത്യേക സൗകര്യമാണ് ഈ വര്‍ഷം ഹറം കാര്യ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. മസ്ജിദുന്നബവിയില്‍ ബാക്കി സ്ഥലങ്ങള്‍ പൂര്‍ണമായും നിസ്‌കാരങ്ങള്‍ക്കും മറ്റ് ആരാധനകള്‍ക്കും മാത്രമായി ഒഴിച്ചിട്ടിരിക്കുകയാണ്. മക്കയില്‍ തീര്‍ഥാടകര്‍ക്ക് ഹറമിലെത്തുന്നതിന് രണ്ടായിരത്തിലധികം ബസുകളാണ് ഒരുക്കിയിരിക്കുന്നത്. ഹറമിലെ മതാഫിനകത്ത് തിരക്ക് ഒഴിവാക്കാന്‍ മതാഫിലേക്ക് രാത്രി സമയങ്ങളില്‍ ഉംറ തീര്‍ഥാടകര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. മുഴുവന്‍ വാതിലുകളും തീര്‍ഥാടകര്‍ക്കായി തുറന്നു കൊടുത്തിട്ടുണ്ട്.

എല്ലാ തീര്‍ഥാടകര്‍ക്കും നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ ഇരു ഹറമുകളിലും നല്‍കി വരുന്നുണ്ട്. ലക്ഷങ്ങളാണ് ഹറമുകളിലെ ദിവസവും പങ്കെടുക്കുന്നത്, ഹാജിമാരുടെ തിരക്ക് വര്‍ധിച്ചതോടെ ഹറമുകള്‍ക്ക് ചുറ്റുമുള്ള ഹോട്ടലുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ തീര്‍ഥാടകരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഒന്നര ലക്ഷത്തിലധികം വരുന്ന ഹോട്ടല്‍ മുറികള്‍ പൂര്‍ണമായും ബുക്കിംഗ് പൂര്‍ത്തിയായിരിക്കുകയാണ്.

ഈ വര്‍ഷം 7,463,259 ഉംറ വിസകള്‍ അനുവദിച്ചതായി സഊദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 6,964,943 തീര്‍ഥാടകര്‍ ഉംറ കര്‍മം നിര്‍വഹിച്ചു കഴിഞ്ഞിട്ടുണ്ട്. 925,246 തീര്‍ഥാടകരാണ് ഇരു ഹറമുകളിലായുള്ളത്. ഏറ്റവും കൂടുതല്‍ ഹാജിമാര്‍ ഈ വര്‍ഷം പാകിസ്ഥാനില്‍ നിന്നാണ്. ഇന്ത്യ മൂന്നാം സ്ഥാനത്താണുള്ളത്. 635,675 തീര്‍ഥാടകരാണ് ഇന്ത്യയില്‍ നിന്നെത്തിയത്. വിഷന്‍ 2030ന്റെ ഭാഗമായാണ് ഇത്രയും കൂടുതല്‍ തീര്‍ഥാടകര്‍ക്ക് ഉംറ വിസകള്‍ അനുവദിച്ചിരിക്കുന്നത്.

തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചതോടെ ഇരു ഹറമുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുഴുവന്‍ സമയവും ആകാശ നിരീക്ഷണം ശക്തമാക്കി. ഹറമിനകത്തേക്കുള്ള മുഴുവന്‍ വഴികളും സുരക്ഷാ വിഭാഗത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്. തിരക്ക് പരിഗണിച്ച് സുരക്ഷാ വകുപ്പുകള്‍ക്ക് പുറമെ ഹറംകാര്യ വകുപ്പ്, ആരോഗ്യ വകുപ്പ്, റെഡ് ക്രസന്റ്, സിവില്‍ ഡിഫെന്‍സ് തുടങ്ങിയ വിഭാഗങ്ങളും പൂര്‍ണ സമയം ഇരു ഹറമുകളിലും സജ്ജമായിട്ടുണ്ട്. മക്കയില്‍ നടക്കുന്ന അടിയന്തര ഉച്ചകോടിക്ക് വിവിധ ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ എത്തിത്തുടങ്ങിയതോടെ പ്രത്യേക സുരക്ഷാ സേനയെയും വിന്യസിച്ചിട്ടുണ്ട്.

Latest