Connect with us

National

ഒഡീഷ മുഖ്യമന്ത്രിയായി അഞ്ചാം തവണയും അധികാരമേറ്റ് നവീന്‍ പട്‌നായിക്

Published

|

Last Updated

ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രിയായി നവീന്‍ പട്‌നായിക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് രാവിലെ നടന്ന പൊതു ചടങ്ങില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ. ഇത് അഞ്ചാം തവണയാണ് പട്‌നായിക് മുഖ്യമന്ത്രിയാകുന്നത്. ഇതേവരെ പശ്ചിമ ബംഗാളില്‍ ജ്യോതിബസുവും സിക്കിമില്‍ പവന്‍ ചാംലിംഗും മാത്രമാണ് അഞ്ചു തവണ മുഖ്യമന്ത്രിയായിട്ടുള്ളത്.

“കഴിഞ്ഞ 19 വര്‍ഷത്തെ ഓര്‍ക്കുകയെന്നത് ഗൃഹാതുരമായ ഒരു യാത്രയാണ്. അഞ്ചാം തവണ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ 4.5 കോടിയോളം വരുന്ന ജനത വീണ്ടും എന്നിലേല്‍പ്പിച്ച ഉത്തരവാദിത്തം സവിനയം ഏറ്റെടുക്കുകയാണ്.”- സത്യപ്രതിജ്ഞക്കു ശേഷം പട്‌നായിക് ട്വീറ്റ് ചെയ്തു.

കനത്ത ചൂടിലും പതിനായിരത്തിലധികം പേരാണ് പട്‌നായികിന്റെ സ്ഥാനാരോഹണ ചടങ്ങിനെത്തിയത്. പട്‌നായികിന്റെ മൂത്ത സഹോദരന്‍ പ്രേം പട്‌നായിക്, സഹോദരിയും എഴുത്തുകാരിയുമായ ഗീത മെഹ്ത എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പട്‌നായികിനെ അഭിനന്ദിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് കേന്ദ്ര സര്‍ക്കാറിന്റെ എല്ലാ സഹകരണവും ഉറപ്പു നല്‍കി.