Connect with us

Kerala

പാര്‍ട്ടി പിടിക്കാനുള്ള ജോസഫിന്റെ തന്ത്രങ്ങള്‍ക്ക് മുമ്പില്‍ ജോസ് കെ മാണി വീഴുന്നു

Published

|

Last Updated

കൊച്ചി: കെ എം മാണിയുടെ മരണത്തോടെ കേരള കോണ്‍ഗ്രസ് എമ്മിന്റെ നായകത്വത്തെ ചൊല്ലി ജോസ് കെ മാണിയും പി ജെ ജോസഫും തമ്മിലുള്ള അധികാര തര്‍ക്കം പുതിയ തലത്തിലേക്ക്.

പാര്‍ട്ടി വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ മാണി മരിച്ചതോടെ താത്കാലികമായി ചെയര്‍മാന്‍ സ്ഥാനം കരസ്ഥമാക്കിയ ജോസഫ്, നിയമസഭയിലെ പാര്‍ട്ടി നേതാവ് സ്ഥാനവും മുന്‍നിരയിലെ ഇരിപ്പിടവും കരസ്ഥമാക്കിയിരുന്നു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ ഭൂരിഭക്ഷമുള്ള ജോസ് കെ മാണിയുടെയും അനുയായികളുടെയും എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ചായിരുന്നു ഇത്. എന്നാല്‍ ഇതുകൊണ്ടും നിര്‍ത്താത്ത ജോസഫ് ഇപ്പോള്‍ പാര്‍ട്ടി പിടിക്കാനുള്ള അതിലും വലിയ, നിര്‍ണായകമായ ഒരു നീക്കം നടത്തിയിരിക്കുകയാണ്. പി ജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാനും ജോയ് എബ്രഹാമിനെ സെക്രട്ടറിയായും കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയതാണ് ഇത്.

കെ എം മാണി മരിച്ചതോടെ വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് പാര്‍ട്ടി ഭരണഘടന അനുസരിച്ച് ചെയര്‍മാനായെന്ന് കാണിച്ചാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ജോസ് കെ മാണിയോട് ഒപ്പം നിന്ന ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമിനെ സ്വന്തം കൂടാരത്തില്‍ എത്തിച്ചാണ് ജോസഫ് ഇത്തരം ഒരു കത്ത് നല്‍കിയിരിക്കുന്നത്. ഇതോടെ ജോസ് കെ മാണി വിഭാഗം പാര്‍ട്ടി പിളര്‍ത്തിയാലും നിയമപരമായി വിമതപക്ഷമായേ കണക്കാക്കാനാകൂ.

തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കത്തോടെ കേരള കോണ്‍ഗ്രസ് എം ഇനി പി ജെ ജോസഫിന്റെ കൈകളില്‍ ഭദ്രമാണെന്നാണ് റിപ്പോര്‍ട്ട്. ജോസ് കെ മാണിയെ അനുകൂലിക്കുന്നവര്‍ വരും ദിവസങ്ങളില്‍ കടുത്ത തീരുമാനത്തിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. എന്ത് തന്നെയായാലും ജോസഫിന്റെ തന്ത്രങ്ങളും കരുക്കളും പാളാതെ മുന്നോട്ട് പോകുമ്പോള്‍ ഭൂിരഭാഗം മുതിര്‍ന്ന നേതാക്കളും അദ്ദേഹത്തിന്റെ കൂടെ തന്നെ നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജോയ് എബ്രഹാമിനെ കൂടാതെ സി എഫ് തോമസും മോന്‍സ് ജോസഫുമടക്കം മൂന്ന് എം എല്‍ എമാരുടെ പിന്തുണയും ജോസഫ് വിഭാഗം അവകാശപ്പെടുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാന കമ്മിറ്റി വിളിക്കില്ലെന്ന് ജോസഫ് ആവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിലും ലീഗിലുമൊന്നും സംസ്ഥാന കമ്മിറ്റി വോട്ടിനിട്ടല്ല ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതെന്നും ജോസഫ് പക്ഷം പറയുന്നു.

പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയും ഭൂരിഭാഗം ജില്ലാ കമ്മിറ്റിയും ഒപ്പുമുണ്ടെങ്കിലും സാങ്കേതികത്വം ഉപയോഗിച്ച് ജോസഫ് കളിക്കുമ്പോള്‍ ചെറുക്കാനാകാത്ത അവസ്ഥയിലാണ് ജോസ് കെ മാണി. ജോസഫിനെ അംഗീകരിച്ച് മുന്നോട്ട് പോകാത്തവര്‍ പാര്‍ട്ടി വിട്ടുപോകാം എന്ന നിലപാട് ജോസഫ് പക്ഷം സ്വീകരിച്ചതായാണ് സൂചന. ചെയര്‍മാനും ജനറല്‍ സെക്രട്ടറിയും മറുപക്ഷത്ത് നില്‍ക്കുന്നതിനാല്‍ പാര്‍ട്ടി വിടുന്നവര്‍ക്ക് കേരള കോണ്‍ഗ്രസ് എം അംഗത്വവും പാര്‍ട്ടി സ്വത്തുക്കളും നഷ്ടമാകും. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടികളും നേരിടേണ്ടി വരും.