Connect with us

Kerala

ഇന്ന് മന്ത്രിസഭാ യോഗം: എതിര്‍പ്പ് തുടരുന്നതിനിടെയിലും ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം: ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്‍ഡറി ലയനം ശിപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ഒന്ന് മുതല്‍ 12 വരെ ക്ലാസുകള്‍ ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എജ്യൂക്കേഷനെന്ന ഒറ്റ കുടക്കീഴിലാക്കാനാണ് കമ്മീഷന്‍ ശിപാര്‍ശ. കമ്മീഷന്‍ പറഞ്ഞ മൂന്ന് കാര്യങ്ങള്‍ ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നിര്‍ണായക തീരുമാനം കൈക്കൊണ്ടേക്കാവുന്ന ഇന്നത്തെ മന്ത്രിസഭാ യോഗം ഏറെ പ്രധാന്യമാണ്.

ലയനത്തിന് പുറമെ പൊതു പരീക്ഷ ബോര്‍ഡ് രൂപവത്കരിക്കാനും ഹൈസ്‌ക്കൂളും ഹയര്‍സെക്കന്‍ഡറിയും ഉള്ള സ്‌കൂളിലെ സ്ഥാപനമേധാവിയെ പ്രിന്‍സിപ്പലും ഹെഡ് മാസ്റ്ററെ വൈസ് പ്രിന്‍സിപ്പലുമാക്കാനും കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരുന്നു.

അതേ സമയം റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ സ്‌കൂള്‍ തുറക്കുന്ന ദിവസം മുതല്‍ സമരത്തിലേക്ക് നീങ്ങുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ഇന്ന് നിയമസഭയിലും പ്രതിപക്ഷം പ്രശ്‌നം ഉന്നയിക്കും. അധ്യാപകരുടെ സമരം ഏറ്റെടുക്കാനാണ് യു ഡി എഫിന്റെ തീരുമാനം. പ്രവേശനോത്സവം അടക്കം ബഹിഷ്‌ക്കരിക്കുന്ന സമരവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ നീക്കം.

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം പുതിയ ഡയറക്ടര്‍ക്കായിരിക്കും ഹൈസ്‌ക്കൂള്‍ ഹയര്‍സെക്കന്‍ഡറി വി എച്ച് എസ് ഇ പരീക്ഷ ബോര്‍ഡുകളുടെ ചുമതല.

Latest