Connect with us

National

കര്‍ണാടക സര്‍ക്കാറിലെ പ്രതിസന്ധി: പ്രശ്‌ന പരിഹാരത്തിന് രണ്ട് മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തി കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: കര്‍ണാടക ഭരിക്കുന്ന സഖ്യ കക്ഷികളായ കോണ്‍ഗ്രസും ജനതാദള്‍ സെക്കുലറും (ജെ ഡി യു) തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായി. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കോണ്‍ഗ്രസ് നേതാവ് ഗുലാബ് നബി ആസാദും സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ബെംഗളൂരുവില്‍ എത്തിയിട്ടുണ്ട്. സംസ്ഥാന കോണ്‍ഗ്രസിലെ ഉയര്‍ന്ന നേതാക്കളുമായി ഇരുവരും ചര്‍ച്ച നടത്തും.

കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ കുടിയേറിയ സംസ്ഥാന മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയെ കോണ്‍ഗ്രസ് എം എല്‍ എമാരായ രമേഷ് ജര്‍കിഹോലിയും സുധാകറും ഞായറാഴ്ച അദ്ദേഹത്തിന്റെ ബെംഗളൂരുവിലെ വസതിയില്‍ സന്ദര്‍ശിച്ചത് തര്‍ക്കങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. എന്നാല്‍ തങ്ങളുടെ സന്ദര്‍ശനം രാഷ്ട്രീയപരമല്ലെന്നാണ് ഇവര്‍ പിന്നീട് വ്യക്തമാക്കിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ജെ ഡി യുവിനും കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ ജൂണ്‍ പത്തിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ തകരുമെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രസ്താവിച്ചത് ഭിന്നതകള്‍ക്ക് പുതിയ മാനം നല്‍കി. തിരഞ്ഞെടുപ്പില്‍ ഓരോ സീറ്റ് മാത്രമാണ് ഇരു പാര്‍ട്ടികള്‍ക്കും നേടാനായത്. സംസ്ഥാനത്തെ 28 ലോക്‌സഭാ സീറ്റില്‍ 25 എണ്ണവും ബി ജെ പി സ്വന്തമാക്കിയപ്പോള്‍ ഒരെണ്ണം സ്വതന്ത്രനു ലഭിച്ചു.

225 അംഗ കര്‍ണാടക നിയമസഭയില്‍ ഭരണത്തിലുള്ള സഖ്യത്തിന് 117 അംഗങ്ങളാണുള്ളത്. ഇതില്‍ കോണ്‍ഗ്രസിന് 79ഉം ജെ ഡി എസിന് 37ഉം ബി എസ് പിക്ക് ഒന്നും സീറ്റുണ്ട്. 105 അംഗങ്ങളുള്ള ബി ജെ പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.