Connect with us

Ongoing News

സെഞ്ച്വറിയുമായി ധോനിയും രാഹുലും; 359ലേക്ക് പറന്ന് ഇന്ത്യ

Published

|

Last Updated

കാര്‍ഡിഫ് സിറ്റി: ലോകകപ്പിന്റെ തങ്ങളുടെ രണ്ടാം സന്നാഹത്തില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം. തുടക്കത്തിലെ തകര്‍ച്ചക്കു ശേഷം കെ എല്‍ രാഹുലിന്റെയും മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെയും സെഞ്ച്വറികളുടെ കരുത്തില്‍ ഇന്ത്യ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ പറന്നത് 359ലേക്ക്. ന്യൂസിലന്‍ഡിനെതിരായ ഒന്നാം സന്നാഹത്തില്‍ അമ്പേ നിരാശപ്പെടുത്തിയ ബാറ്റിംഗ് പ്രകടനത്തില്‍ നിന്നുള്ള ഉജ്ജ്വലമായ ഉയിര്‍ത്തെഴുന്നേല്‍പ്പിനാണ് കാര്‍ഡിഫിലെ സ്റ്റേഡിയം സാക്ഷിയായത്.

ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന തരതതിലായിരുന്നു ഇന്ത്യയുടെ തുടക്കം. ഒരു റണ്‍ മാത്രമെടുത്ത് ശിഖര്‍ ധവാനാണ് ആദ്യം ക്രീസ് വിട്ടത്. രോഹിത് ശര്‍മ (19), വിജയ് ശങ്കര്‍ (രണ്ട്) എന്നിവര്‍ അധികം താമസിയാതെ ക്രീസ് വിട്ടു. നായകന്‍ വിരാട് കോലി 47 നേടി. 46 പന്തിലാണ് കോലി ഈ സ്‌കോര്‍ അടിച്ചെടുത്തത്.

കോലിയും കൂടാരത്തിലേക്കു പോയതോടെ നാലിന് 102 എന്ന നിലയിലായി ഇന്ത്യ. ആദ്യ സന്നാഹത്തിലെ അനുഭവം ആവര്‍ത്തിക്കുമെന്ന് തോന്നിച്ചയിടത്താണ് രാഹുലും ധോണിയും ഒന്നിച്ചു ചേര്‍ന്നത്. ഇരുവരുടെയും ബാറ്റില്‍ നിന്ന് റണ്ണിന്റെ പെരുമഴയാണ് പിന്നീട് കണ്ടത്. ബംഗ്ലാദേശിന്റെ എല്ലാ ബൗളര്‍മാരെയും ഇവര്‍ അടിച്ചു പരത്തി. 99 പന്തില്‍ 108 ആയിരുന്നു രാഹുലിന്റെ സമ്പാദ്യം. 12 ഫോറും നാല് സിക്‌സും ഇതിന് ചാരുതയേകി.

തനിക്കിനിയും ഒരുപാട് അങ്കങ്ങള്‍ക്ക് ബാല്യമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ധോനിയുടെ ബാറ്റിംഗ് പ്രകടനം. 78 പന്തില്‍ നിന്ന് എട്ട് ഫോറിന്റെയും ഏഴ് സിക്‌സിന്റെയു അകമ്പടിയോടെയാണ് ധോനി 113 എന്ന വ്യക്തിഗത സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഏഴു റണ്‍സുമായി ദിനേശ് കാര്‍ത്തിക്കും 11ഉമായി രവീന്ദ്ര ജഡേജയും പുറത്താകാതെ നിന്നു.

Latest