Connect with us

Kerala

മോദിയെ അഭിനന്ദിക്കുന്നത് തെറ്റ്; അബ്ദുല്ലക്കുട്ടിയുടെ പ്രസ്താവന രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യും: കെ മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം: നരേന്ദ്ര മോദിയെ പുകഴ്ത്തിയ എപി അബ്ദുല്ലക്കുട്ടിക്കെതിരെ നിയുക്ത എം പി. കെ മുരളീധരന്‍ രംഗത്ത്. നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നത് ഏതു കോണ്‍ഗ്രസുകാരനാണെങ്കിലും തെറ്റാണെന്ന് മുരളീധരന്‍ പറഞ്ഞു. മോദിയെ ഗാന്ധിയനായി വിശേഷിപ്പിച്ചുള്ള മുന്‍ എംഎല്‍എ എ പി.അബ്ദുല്ലക്കുട്ടിയുടെ സമൂഹമാധ്യമത്തിലെ പ്രസ്താവന ഇന്നു ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യസമിതി ചര്‍ച്ച ചെയ്യും.

ബിജെപിയുടെ ഒരു നയവുമായും കോണ്‍ഗ്രസിനു വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും പ്രസ് ക്ലബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയില്‍ സംസാരിക്കവെ മുരളീധരന്‍ പറഞ്ഞു കൂടെയുള്ളവരെ കൊണ്ട് ഗോഡ്‌സെയെ പ്രോത്സാഹിപ്പിക്കുകയും ക്ഷേത്രം നിര്‍മാണത്തിനായി ശ്രമം നടത്തുകയും മോദി മാത്രം ഗാന്ധിയെ സ്തുതിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് മോദിക്കുള്ളതെന്ന് മുരളീധരന്‍ ആരോപിച്ചു.

പാര്‍ട്ടിക്കു കരുത്തേകണമെങ്കില്‍ നേതാക്കള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മാത്രം പോര. താഴെത്തട്ടിലുമെത്തണം. കോണ്‍ഗ്രസില്‍ ജംബോ കമ്മിറ്റികളെ ഒഴിവാക്കി പുനഃസംഘടനയുണ്ടാകണം. ലോക്‌സഭയിലേക്കു വിജയിച്ചതിനാല്‍, കെപിസിസി പ്രചാരണവിഭാഗത്തിന്റെ ചുമതല വഹിക്കുന്ന തന്നെയും രണ്ട് ഡിസിസി പ്രസിഡന്റുമാരെയും തല്‍സ്ഥാനങ്ങളില്‍ നിന്നു മാറ്റാം. ഇപ്പോഴത്തെ രാഷ്ട്രീയപശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടതായി വരും. ഇനി നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും തുടര്‍ന്നു തദ്ദേശ തിരഞ്ഞെടുപ്പും അതിനു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരുമെന്നതിനാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ഒരു ദിവസം പോലും നില്ക്കാന്‍ പാടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Latest