Connect with us

Ramzan

ചേതോഹരം ഈ അഭിവാദനം

Published

|

Last Updated

ഇസ്‌ലാമിലെ സംബോധന രീതിയാണ് സലാം പറയൽ. വിശ്വാസിയുടെ ലക്ഷണങ്ങളിൽ ഒന്നാമതായി ഇസ്‌ലാം എണ്ണുന്നതാണ് കണ്ടുമുട്ടിയാൽ സലാം പറയുക എന്നത്. വിശ്വാസികൾ തമ്മിലുള്ള പാരസ്പര്യ പരിഗണനയോടൊപ്പം മനുഷ്യ ജീവിതത്തിന്റെ സർവതലങ്ങൾക്കും ആവശ്യമായ പ്രാർഥന കൂടിയാണത്. അല്ലാഹുവിന്റെ രക്ഷ, സമാധാനം നിങ്ങളിലുണ്ടാവട്ടെ എന്ന പ്രാർഥനയാണ് അസ്സലാമു അലൈക്കും എന്ന അഭിവാദനത്തിലൂടെ വിശ്വാസി കൈമാറുന്നത്. മനുഷ്യൻ ബന്ധപ്പെടുന്ന എല്ലാ കാര്യത്തിലും ശാരീരികമാകട്ടെ മാനസികമാകട്ടെ അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ള അനുഗ്രഹം അനിവാര്യമാണ്. ആ അനുഗ്രഹത്തെ തേടുകയാണ് സലാം പറയുന്നതിലൂടെ ചെയ്യുന്നത്. സലാം പറയപ്പെട്ടവൻ “വ അലൈക്കുമുസ്സലാം” എന്ന് പ്രത്യാഭിവാദനത്തിലൂടെ രണ്ട് പേരും തമ്മിൽ മാനസികമായ വലിയൊരു സന്തോഷ കൈമാറ്റം നടക്കുന്നു.
പരസ്പരം കലഹത്തിലേർപ്പെട്ട രണ്ട് പേർ തമ്മിൽ മനസ്സറിഞ്ഞു കൊണ്ട് സലാം പറഞ്ഞാൽ എല്ലാ പ്രശ്‌നങ്ങളും അവിടെ അവസാനിക്കുന്നു. അതുകൊണ്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നത് പിണങ്ങി നിൽക്കുന്ന രണ്ട് പേരിൽ സലാം കൊണ്ട് തുടങ്ങുന്നത് ആരോ അവർക്ക് സ്വർഗത്തിലേക്കുള്ള വഴി എളുപ്പമായിരിക്കുമെന്ന്. സലാം പറയുന്നത് പരസ്പരം സ്‌നേഹവും സൗഹാർദവും വളർത്തുന്നതാണ്. അബൂഹുറൈറ (റ) വിൽ നിന്ന് ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്യുന്ന ഹീദീസ് കാണുക: നബി (സ) പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവൻ തന്നെയാണ് സത്യം. നിങ്ങൾ സത്യവിശ്വാസികളായാൽ മാത്രമേ സ്വർഗത്തിൽ പ്രവേശിക്കുകയുള്ളൂ. നിങ്ങൾ പരസ്പരം സ്‌നേഹിച്ചാലേ സത്യവിശ്വസികളാവുകയുള്ളൂ. ഒരു കാര്യം ഞാൻ പറഞ്ഞുതരാം. അത് നടപ്പാക്കിയാൽ നിങ്ങൾ പരസ്പരം സ്‌നേഹിക്കുന്നവരാകും. നിങ്ങൾ സലാം പറയുന്നത് വ്യാപിപ്പിക്കുക.

വീടുകളിലേക്ക് കയറിച്ചെല്ലുമ്പോഴും വീട്ടിൽ നിന്നിറങ്ങുമ്പോഴും വഴിയിൽ വെച്ചും അങ്ങാടിയിൽ വെച്ചും ജോലി സ്ഥലത്ത് വെച്ചും എവിടെ വെച്ച് കണ്ടുമുട്ടിയാലും (ഭക്ഷണം കഴിക്കുമ്പോഴും ബാത്ത് റൂമിലുമാകുന്ന സമയവും ഒഴികെ) സലാം പറയണമെന്ന് ഇസ്്‌ലാം പഠിപ്പിക്കുന്നു. ഖുർആനിൽ അല്ലാഹു പറയുന്നു: നിങ്ങൾ വല്ല വീടുകളിലും പ്രവേശിക്കുകയാണെങ്കിൽ അല്ലാഹുവിൽ നിന്നുള്ള അനുഗൃഹീതമായ ആദരം എന്ന നിലയിൽ പരസ്പരം സലാം പറയണം. (സൂറത്തുന്നൂർ: 61 ).

അസ്സലാമു അലൈക്കും എന്ന് ഒരാൾ അഭിവാദനം ചെയ്താൽ അതിനേക്കാൾ കൂടിയത് കൊണ്ട് പ്രതിവചിക്കണം. സലാം പറയുമ്പോഴും മടക്കുമ്പോഴും കൂടുതലാക്കി പറയുന്നതാണ് ഏറ്റവും നല്ലത്. ഖുർആൻ പറയുന്നു: നിങ്ങളോട് സലാം പറഞ്ഞാൽ അതിനേക്കാൾ മെച്ചമായി തിരിച്ച് അഭിവാദ്യം അർപ്പിക്കുക, അല്ലെങ്കിൽ അത് തന്നെ തിരിച്ചു നൽകുക (നിസാഅ് :86). സലാം പറഞ്ഞാൽ മടക്കൽ നിർബന്ധമാണെന്നും ഈ ആയത്ത് പഠിപ്പിക്കുന്നു. ഇംറാനുബ്‌നു ഹുസൈൻ (റ) വിൽ നിന്ന് നിവേദനം: ഒരാൾ നബി(സ)യുടെ അരികിൽ വന്ന് “അസ്സലാമു അലൈകും” എന്ന് പറഞ്ഞു. നബി തങ്ങൾ സലാം മടക്കിയിട്ട് പത്ത് എന്ന് പറഞ്ഞു. മറ്റൊരാൾ വന്ന് “അസ്സലാമു അലൈകും വറഹ്മത്തുല്ലാഹ്” എന്ന് പറഞ്ഞു. സലാം മടക്കിയ നബി (സ) ഇരുപത് എന്ന് പറഞ്ഞു. മൂന്നാമതൊരാൾ വന്ന് “അസ്സലാമുഅലൈകും വറഹ്മത്തുല്ലാഹി വബറകാത്തുഹൂ” എന്ന് സലാം പറഞ്ഞു. നബി തങ്ങൾ സലാം മടക്കി മുപ്പത് എന്ന് പറഞ്ഞു (അബൂദാവൂദ്, തിർമുദി). സലാം പറഞ്ഞവർ കൂടുതലാക്കി പറഞ്ഞതിന് അവർക്ക് കിട്ടിയ പ്രതിഫലത്തെ ഉദ്ദേശിച്ചുകൊണ്ടാണ് നബി തങ്ങൾ സംഖ്യ പറഞ്ഞത്.

സലാം പറയുന്നത് നാം ജീവിതത്തിൽ ശീലമാക്കി മാറ്റണം. കൂട്ടുകാരോടും ഉസ്താദുമാരോടും മാത്രമല്ല. വീട്ടിൽ മാതാപിതാക്കളോടും ഭാര്യയോടും കുട്ടികളോടും സലാം പറയണം. പ്രത്യേകിച്ച ചെറിയ കുട്ടികളോട് സലാം പറയണം. വളർന്ന് വരുമ്പോൾ അവരിൽ അതൊരു ശീലമാകാൻ ഉപകാരപ്പെടും.

സബ് എഡിറ്റർ, സിറാജ്