Connect with us

Sports

സ്മാര്‍ട്ടാണ് ഗുപ്ടില്‍

Published

|

Last Updated

ഇത്തവണ കപ്പും നേടിയേ മടങ്ങൂ എന്ന വാശിയിലാണ് ന്യൂസിലാന്‍ഡ് ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍. ഞങ്ങള്‍ ഫേവറിറ്റുകളാണെന്ന് അവകാശപ്പെടുന്നില്ല, പക്ഷേ ഞങ്ങള്‍ ശക്തരാണ് – ഗുപ്ടില്‍ ഇന്ത്യയെ സന്നാഹ മത്സരത്തില്‍ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ്.

ടൂര്‍ണമെന്റ് ഫേവറിറ്റുകളായ ഇന്ത്യയെ 77 പന്തുകള്‍ ശേഷിക്കെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചത് കിവീസ് താരങ്ങളില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ കപ്പിനരികെ വീണു പോയി. ഏറ്റവും മികച്ച കളിക്കാര്‍ ന്യൂസിലാന്‍ഡ് നിരയിലുണ്ട്. ഏതറ്റം വരെയും പൊരുതാനുള്ള മാനസിക കരുത്തും കളിക്കാര്‍ക്കുണ്ട്. പിന്നെന്തിന് കപ്പ് നേടാതെ മടങ്ങണം – ഗുപ്ടില്‍ പറഞ്ഞു.
ഇംഗ്ലണ്ടിലെ ബാറ്റിംഗ് പിച്ചില്‍ ഏറ്റവും സാധ്യതയുള്ള ബാറ്റ്‌സ്മാനാണ് മാര്‍ട്ടിന്‍ ഗുപ്ടില്‍. മുപ്പത്തിരണ്ടു വയസുള്ള ഗുട്പിലിന്റെ പരിചയ സമ്പത്ത് കിവീസിനെ കപ്പോളമെത്തിച്ചേക്കാം.

2015 ലോകകപ്പില്‍ ഫൈനല്‍ കളിച്ച ന്യൂസിലാന്‍ഡിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് ഗുപ്ടിലായിരുന്നു.
68.37 ശരാശരിയില്‍ 547 റണ്‍സ്. വെസ്റ്റിന്‍ഡീസിനെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താകാതെ 237 റണ്‍സടിച്ചത് ലോകകപ്പ് റെക്കോര്‍ഡാണ്- ഉയര്‍ന്ന വ്യക്തികത പ്രകടനം !
ലോകകപ്പ് പോലെ ഏറ്റവും സമ്മര്‍ദമേറിയ മത്സരവേദിയില്‍ ഒറ്റയാള്‍ പോരാട്ടം നടത്താന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാനാണെന്ന് ഗുപ്ടില്‍ തെളിയിച്ചു കഴിഞ്ഞതാണ്.

ഇംഗ്ലണ്ടില്‍ റണ്‍സൊഴുകും എന്നാണ് പ്രവചനം. ആദ്യമായി ഒരു ടീം അഞ്ഞൂറ് റണ്‍സ് സ്‌കോര്‍ ചെയ്യുന്നത് കാണാം എന്നത് ടൂര്‍ണമെന്റിന്റെ ഗ്ലാമര്‍ വര്‍ധിപ്പിക്കുന്നു.
ഇംഗ്ലണ്ടില്‍ ഗുപ്ടിലിന്റെ ബാറ്റിംഗ് റെക്കോര്‍ഡ് വളരെ മികച്ചതാണ്. 97.31 ശരാശരിയില്‍ 652 റണ്‍സ്. ഇതില്‍ 155 പന്തില്‍ പുറത്താകാതെ നേടിയ 189 റണ്‍സ് പ്രകടനവും ഉള്‍പ്പെടുന്നു.

ലോകകപ്പിന് ഗുപ്ടില്‍ വരുന്നത് ഈ വര്‍ഷം നേടിയ രണ്ട് സെഞ്ച്വറി പ്രകടനങ്ങളുമായാണ്. ഫെബ്രുവരിയില്‍ ബംഗ്ലാദേശിനെതിരെ 117 നോട്ടൗട്ട്, 118 എന്നിങ്ങനെയാണ് പ്രകടനം.

ഐ പി എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി മൂന്ന് മത്സരങ്ങള്‍ കളിച്ച ഗുപ്ടില്‍ 152.83 സ്‌ട്രൈക്ക് റേറ്റില്‍ 81 റണ്‍സ് നേടി. ലോകകപ്പിനുള്ള ബാറ്റിംഗ് പ്രാക്ടീസിന് വേണ്ടിയാണ് സണ്‍റൈസേഴ്‌സിന്റെ നെറ്റ്‌സ് ഞാന്‍ ഉപയോഗിച്ചത്. ഐ പി എല്‍ ഗുണം ചെയ്തിട്ടുണ്ട് – ഗുപ്ടില്‍ പറഞ്ഞു.

ഫേവറിറ്റുകളെ മറിച്ചിടാന്‍ കെല്‍പ്പുണ്ടെന്ന് സന്നാഹത്തില്‍ ഇന്ത്യയെ തകര്‍ത്തു കൊണ്ട് കിവീസ് തെളിയിച്ചതോടെ ഡാര്‍ക്ക് ഹോഴ്‌സസ് എന്ന ടാഗ് ലൈന്‍ കിവീസിന്റെ കഴുത്തില്‍ വീണു കഴിഞ്ഞു.
മൂന്ന് തവണ ലോകകപ്പ് സെമി കളിച്ചു, ഒരിക്കല്‍ മാത്രം ഫൈനലിലെത്തിയ ചരിത്രമാണ് ന്യൂസിലാന്‍ഡിനുള്ളത്.
ഏകദിന ഫോര്‍മാറ്റിലെ സ്ഥിരതക്കുറവ് പരിഹരിച്ചാല്‍ കിവീസിന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാം. ഇംഗ്ലണ്ടിനെതിരെ പരമ്പരയില്‍ 3-2ന് തോറ്റ കിവീസ് പാക്കിസ്ഥാനോട് 1-1ന് സമനിലയായി.

ശ്രീലങ്കയെ 3-0ന് തോല്‍പ്പിച്ച് കരുത്തറിയിച്ച കിവീസ് ബംഗ്ലാദേശിനെയും 3-0ന് തോല്‍പ്പിച്ചു. പക്ഷേ, ഇന്ത്യക്ക് മുന്നിലെത്തിയപ്പോള്‍ 4-1ന് തകര്‍ന്നു.