Connect with us

Malappuram

വിജ്ഞാനത്തിന്റെ വാതായനങ്ങള്‍ തുറന്ന പിലാക്കൽ ജുമുഅത്ത് പള്ളി

Published

|

Last Updated

പിലാക്കൽ ജുമുഅ മസ്ജിദ്

എടപ്പാൾ: ചരിത്ര വൈവിധ്യങ്ങളുടെ ദേശമാണ് എടപ്പാളിന് സമീപമുള്ള നടുവട്ടം. ഇവിടെയുള്ള “പിലാക്കൽ” പള്ളിക്ക് ഒന്നേകാൽ നൂറ്റാണ്ടോളം പഴക്കമുണ്ട്. ലഭ്യമായ രേഖകൾ പ്രകാരം 1902 ലായിരുന്നു പിലാക്കൽ പള്ളിയുടെ സ്ഥാപിതം. 1971 ലാണ് തറവാട്ടു കാരണവന്മാരുടെ കൈകളിൽ നിന്ന് ജനകീയ ഭരണത്തിലേക്ക് പള്ളി പരിപാലനങ്ങൾ എത്തിയത്. പിലാക്കൽ തറവാട്ടുകാർ വഖ്ഫ് ചെയ്ത് സംരക്ഷിച്ചു വന്ന ഭൂമിയാണ് ഇവരുടെ വസ്വിയ്യത്ത് പ്രകാരം “നജാത്തുൽ ഇസ്‌ലാം സഭ” എന്ന പേരിൽ രൂപവത്കരിച്ച ഭരണ സമിതിയും നിയമാവലിയുമനുസരിച്ചാണ് മഹല്ലും പള്ളിയുമായി സ്ഥിരപ്പെടുത്തിയത്.

ബാപ്പുട്ടി മുസ്‌ലിയാർ, ആലിക്കുട്ടി മുസ്‌ലിയാർ, മൊയ്തുണ്ണി മുസ്‌ലിയാർ, പിലാക്കൽ മുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയ മഹത്തുക്കൾ പിലാക്കൽ മഹല്ലിന് ദീനീ ചൈതന്യത്തിന്റെ ശോഭ പകർന്നവരാണ്. അറിവിന്റെ ആദ്യാക്ഷരം കുറിച്ചിരുന്ന ഓത്തുപള്ളികൾ സജീവമായിരുന്ന നാടായിരുന്നു നടുവട്ടം പിലാക്കൽ പ്രദേശം. വിജ്ഞാനത്തിന്റെ വാതായനങ്ങളാണ് നാട്ടുകാർക്ക് പള്ളി തുറന്ന് നൽകിയത്. പൂളയിൽ മൊയ്തുണ്ണി മുസ്‌ലിയാർ, വെട്ടിക്കാട്ട് വളപ്പിൽ ആലിക്കുട്ടി മുസ്‌ലിയാർ, ഏന്തു മൊല്ല, കുട്ടി അഹ്മദ് മൊല്ല, അബ്ദുല്ല മൊല്ല, കുണ്ടു പറമ്പിൽ ബാപ്പു മൊല്ല, പൂക്കറത്തറ മുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയവരായിരുന്നു ഓത്തു പള്ളിയിലെ പ്രധാന ഗുരുനാഥന്മാർ.

അനേകം പണ്ഡിതരുടെ ഗുരുവര്യനായ കൊടക്കാട്ടുവളപ്പിൽ അഹമ്മദ് മുസ്‌ലിയാർ എന്ന ശൈഖ് അഹ്മദ് അൽ ഖാദിരി (ന.മ:)യുടെ ആധ്യാത്മിക സാന്നിധ്യം ഈ മഹല്ലിനെ പ്രബോധന വഴികൾ കൂടുതൽ വിപുലപ്പെടുത്താൻ സാധിച്ചു. അറിവുകളുടെ കലവറയായിരുന്ന ശൈഖിന്റെ കിതാബുകൾ ഇന്നും സൂക്ഷിക്കപ്പെടുന്നു. മഹാൻ അക്കാലത്ത് “കേരള ഇബ്‌നു ഹജർ” എന്ന പേരിലും അറിയപ്പെട്ടിരുന്നതായി ചില ചരിത്ര രേഖകളിലുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തിൽ നടുവട്ടം ദേശത്ത് നിന്നുള്ള സമര പോരാളിയാണ് ചേനാംപറമ്പിൽ യൂസുഫ് എന്ന ഇരുപതുകാരൻ. മദ്യ ഷാപ്പിനെതിരെ സമരം സംഘടിപ്പിച്ചതിന്റെ പേരിൽ ബ്രിട്ടീഷ് പോലീസ് 1922 മാർച്ച് 28ന് ഇദ്ദേഹത്തെ ബെല്ലാരി ജയിലിലടക്കുകയുണ്ടായി. “വാഗൺ ട്രാജഡി” ദുരന്തത്തിൽ എഴുപത് പേർ പിടഞ്ഞു മരിച്ചെങ്കിലും യൂസുഫ് സാഹിബും മറ്റു 29 പേരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സ്വാതന്ത്ര്യത്തിന്റെ സിൽവർ ജൂബിലി ആഘോഷ വേളയിൽ രാഷ്ട്രത്തിന്റെ ആദരവ് അദ്ദേഹം ഏറ്റുവാങ്ങി.