Connect with us

Editorial

രാജ്യം കേള്‍ക്കാന്‍ ആഗ്രഹിച്ച വാക്കുകള്‍

Published

|

Last Updated

പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് രാജ്യം ആഗ്രഹിച്ച വാക്കുകളാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തില്‍ നിന്ന് കേള്‍ക്കാനായത്. പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം പിമാരെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞതിങ്ങനെ; “വോട്ട് ബേങ്ക് രാഷ്ട്രീയത്തിനു വേണ്ടി രാജ്യത്ത് സാങ്കല്‍പ്പികമായി സൃഷ്ടിക്കപ്പെട്ട ഒരു ഭീതിയില്‍ കൂടി ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നു. പാവപ്പെട്ടവര്‍ എങ്ങനെയാണോ പറ്റിക്കപ്പെട്ടത്, അതിനു സമാനമായ രീതിയിലാണ് ഇവിടുത്തെ ന്യൂനപക്ഷങ്ങളും വഞ്ചിക്കപ്പെട്ടത്. ഇതിനു പകരം അവരുടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളിലായിരുന്നു കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടിയിരുന്നത്. അവര്‍ നേരിട്ട ആ വഞ്ചനയെ 2019ല്‍ മറികടക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. നമുക്കവരുടെ വിശ്വാസം ആര്‍ജിക്കേണ്ടിയിരിക്കുന്നു. നമ്മളെ വിശ്വാസത്തിലെടുക്കുന്നവര്‍ക്ക് വേണ്ടി മാത്രമല്ല, നമ്മള്‍ വിശ്വാസം നേടിയെടുക്കേണ്ടവര്‍ക്കൊപ്പം കൂടിയാണ് നമ്മള്‍ നില്‍ക്കേണ്ടത്”.

2014ലും തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ മോദി എന്‍ ഡി എ അംഗങ്ങളെ അഭിസംബോധന ചെയ്തിരുന്നു. അന്നദ്ദേഹം മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിനെക്കുറിച്ചു പറഞ്ഞതേയില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഈ വിഭാഗങ്ങള്‍ രാജ്യത്ത് നിരന്തരം പീഡനങ്ങളും അക്രമങ്ങളും അനുഭവിച്ചു. കൂടുതല്‍ അരുവത്കരിക്കപ്പെടുകയും അവരുടെ ജീവിതം കൂടുതല്‍ അരക്ഷിതത്വത്തിലാകുകയും ചെയ്തു. പശുവിന്റെ പേരില്‍ നൂറിലേറെ ന്യൂനപക്ഷ മതസ്ഥര്‍ നിഷ്ഠൂരമായി വധിക്കപ്പെട്ടു. മതന്യൂനപക്ഷങ്ങളെ ഭീതിതരാക്കുന്ന പ്രസ്താവനകളും പരാമര്‍ശങ്ങളും ബി ജെ പി നേതാക്കളില്‍ നിന്ന് വന്നുകൊണ്ടിരുന്നു. ഇത് അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ വിശിഷ്യാ നരേന്ദ്ര മോദിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. വെറുപ്പ് കൊണ്ട് രാജ്യത്തെ വിഭജിക്കുന്നയാള്‍ എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ മോദിയെ വിശേഷിപ്പിച്ചത്. രാജ്യത്ത് നടക്കുന്ന വംശീയാതിക്രമങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പേരില്‍ യു എന്‍ മനുഷ്യാവകാശ കമ്മീഷനില്‍ ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂനിറ്റിന്റെ(ഇ ഐ യു) ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 42ാം സ്ഥാനത്തേക്ക് താഴ്ന്നു. എന്നിട്ടും മതന്യൂനപക്ഷങ്ങള്‍ക്ക് ആശ്വാസം പകരുന്ന ഒരു വാക്കും അദ്ദേഹത്തില്‍ നിന്നുണ്ടായില്ല. മോദിയുടെ ഈ മൗനം പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശങ്ങള്‍ അമ്പരപ്പോടെയാണ് ഇന്ത്യന്‍ ജനത കേട്ടത്.

ആഗോളതലത്തില്‍ വന്നുചേര്‍ന്ന ദുഷ്‌പേര് മാറ്റിയെടുക്കുകയാണ് ഇതിലൂടെ മോദി ലക്ഷ്യം വെക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇന്ത്യയെ ലോക രാജ്യങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമാക്കിയത് രാജ്യം ഉയര്‍ത്തിപ്പിടിച്ചിരുന്ന മതേതരത്വവും ബഹുസ്വരതയുമാണ്. ഹിന്ദുവും മുസ്‌ലിമും തോളോടു തോളുരുമ്മി പൊരുതി നേടിയതാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം. കഴിഞ്ഞ ജൂണില്‍ നാഗ്പൂരിലെ ആര്‍ എസ് എസ് വേദിയില്‍ മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അഭിപ്രായപ്പെട്ടതു പോലെ “കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ എണ്ണമില്ലാത്ത സമുദായങ്ങള്‍, ഭാഷകള്‍, വംശങ്ങള്‍, മതങ്ങള്‍, ജാതികള്‍. എല്ലാം ഒരേ ഭരണഘടനക്ക് കീഴില്‍. ഇതാണ് ഇന്ത്യയുടെ സവിശേഷത. ബഹുസ്വരതയാണ് രാജ്യത്തിന്റെ ആത്മാവ്”.

ബഹുസ്വരതയും സംവദിക്കാനും അഭിപ്രായഭിന്നത രേഖപ്പെടുത്താനുമുള്ള സാംസ്‌കാരിക സ്വാതന്ത്ര്യമാണ് ഇന്ത്യയുടെ പാരമ്പര്യം. ബഹുമുഖ ആശയങ്ങള്‍ നൂറ്റാണ്ടുകളോളം സമാധാനപരമായി സംവദിച്ചതിലൂടെയാണ് ഇവിടെ ജനാധിപത്യ ചിന്ത രൂപപ്പെട്ടത്. വ്യത്യസ്തതകളും ഭിന്നതകളും അവ പ്രകടിപ്പിക്കലും മറ്റുള്ളവരുടെ വിശ്വാസാചാരങ്ങളെ വകവെച്ചു കൊടുക്കലും ജനാധിപത്യത്തില്‍ പരമ പ്രധാനമാണ്. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ രാജ്യത്തെ ഒരു പൗരനും വിവേചനത്തിന് ഇരയാകുന്ന അവസ്ഥ ഉണ്ടാകരുത്.
ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതിനു മുമ്പേ തന്നെ ഓരോ ഇന്ത്യക്കാരന്റെയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് മതനിരപേക്ഷതയെന്നും “സര്‍വ ധര്‍മ സമ ഭാവ”നയാണ്(എല്ലാ മതങ്ങളുടെയും സമത്വം) ഇന്ത്യന്‍ മതേതരത്വത്തിന്റെ വിവക്ഷയെന്നുമാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇതിനിടെ അഭിപ്രായപ്പെട്ടത്. എല്ലാ മതങ്ങളെയും ബഹുമാനിക്കലും സഹിഷ്ണുതയുമാണ് പുരാതന കാലം തൊട്ടേ ഇന്ത്യയുടെ ധാര്‍മികത. മതപരമായ സമാധാനവും സഹിഷ്ണുതയും ഇല്ലെങ്കില്‍ രാജ്യത്തിന്റെ പുരോഗതിയെ ബാധിക്കുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തിയിരുന്നു.

എന്നാല്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മതനിരപേക്ഷതക്കും ജനാധിപത്യത്തിനും നേരെ വ്യാപകമായ കടന്നാക്രമണമാണ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ രാജ്യത്തുണ്ടായത്. നേരത്തെ ഗോവധം ആരോപിച്ച് നിരപരാധികളെ കൊല്ലാക്കൊല ചെയ്യുന്നതും നിഷ്ഠൂരമായി വധിക്കുന്നതും ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നെങ്കില്‍ ഇന്ന് നിത്യസംഭവങ്ങളായി മാറിയിരിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനുമെതിരെ പോലും അക്രമങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ഫാസിസത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ നിരവധി എഴുത്തുകാര്‍ രാജ്യത്ത് വധിക്കപ്പെടുകയുണ്ടായി. ഇതില്‍ നിന്നൊരു തിരിച്ചു പോക്കാണ് മോദി ആഗ്രഹിക്കുന്നതെങ്കില്‍ തികച്ചും സ്വാഗതാര്‍ഹമാണ്. രാജ്യത്തിന്റെ മുന്നേറ്റത്തിനും ജനാധിപത്യ സംരക്ഷണത്തിനും അതനിവാര്യവുമാണ്. ഇതുവഴി മാത്രമേ മതന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും വിശ്വാസം ആര്‍ജിക്കാനാകൂ. കഴിഞ്ഞ ഭരണത്തിലേക്ക് തിരിഞ്ഞു നോട്ടം നടത്തി ആവശ്യമായ തിരുത്തല്‍ വരുത്തിയ ഭരണാധികാരികള്‍ മാത്രമേ ലോകത്ത് വിജയിച്ചിട്ടുള്ളൂ.