Connect with us

Articles

തിരഞ്ഞെടുപ്പാനന്തര കേരളത്തിന്റെ വിശ്വാസവും രാഷ്ട്രീയവും

Published

|

Last Updated

എന്തുകൊണ്ട് ബി ജെ പി വീണ്ടും അധികാരത്തില്‍? ഉത്തരങ്ങള്‍ പലതാണ്. അതില്‍ മുഖ്യം ആര്‍ എസ് എസിന്റെ സംഘാടന മികവാണ്. കേഡര്‍ സ്വഭാവത്തോടെയുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തിയത്. മറ്റൊന്ന്, പച്ചയായി തന്നെ വര്‍ഗീയമാകാനുള്ള അവരുടെ ജനിതക ശേഷിയാണ്. പ്രജ്ഞാസിംഗ് ഠാക്കൂറിനെ മത്സരത്തിനിറക്കുമ്പോഴോ രാഹുലിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തുമ്പോഴോ അവര്‍ക്ക് തെല്ലും മനസ്താപമുണ്ടായില്ല; ഉണ്ടാകേണ്ടതുമില്ല. എല്ലാ ജനവിരുദ്ധ നടപടികളെയും മറക്കാനും മായ്ക്കാനും അവരുടെ കൈയിലുള്ള മാന്ത്രിക ദണ്ഡ് വര്‍ഗീയത തന്നെ. ദേശീയ നേതാക്കള്‍ മുതല്‍ പ്രാദേശിക നേതാക്കള്‍ വരെ മറയില്ലാതെ വര്‍ഗീയതയെ കളത്തിലിറക്കി.

കോണ്‍ഗ്രസ് തകര്‍ച്ച
കേരളത്തില്‍ നിന്ന് തികച്ചും ഭിന്നമാണ് ഇതര സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ. അവിടെ പാര്‍ട്ടിയിലെ ഓരോ നേതാവും ഓരോ സ്വതന്ത്ര റിപ്പബ്ലിക് ആണ്. ഷീലാ ദീക്ഷിത്, കമല്‍ നാഥ്, ജ്യോതിരാദിത്യ സിന്ധ്യ, അശോക് ചവാന്‍, ദിഗ്വിജയ് സിംഗ്, സച്ചിന്‍ പൈലറ്റ്, സിദ്ധരാമയ്യ, എച്ച് കെ പാട്ടീല്‍… എല്ലാവരും ഒരേ പാര്‍ട്ടിക്കാര്‍. പക്ഷേ, വെവ്വേറെ റിപ്പബ്ലിക്കുകള്‍. അവരാണ് രാഹുലിനെ തോല്‍പ്പിച്ചുകളഞ്ഞത്; കോണ്‍ഗ്രസിനെയും. പല സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികളുമായി സഖ്യത്തിലേര്‍പ്പെടാന്‍ കഴിയാതെ പോയത് രാഹുല്‍ ഗാന്ധിയുടെ കഴിവുകേടായി ചിലരെങ്കിലും നിരീക്ഷിക്കുമ്പോഴും ഈ “സ്വതന്ത്ര റിപ്പബ്ലിക്കുകള്‍”ക്ക് മുമ്പില്‍ രാഹുല്‍ നിസ്സഹായനാകുകയായിരുന്നു എന്ന വസ്തുത കാണാതിരുന്നു കൂടാ. ഈ നേതാക്കള്‍ ഓരോരുത്തരും അവരുടെ പ്രവിശ്യയില്‍ ശക്തി ദുര്‍ഗങ്ങളാണ്. അവരെ മറികടക്കുക രാഹുലിനോ സോണിയക്ക് പോലുമോ എളുപ്പം സാധ്യമാകുന്ന ഒന്നായിരുന്നില്ല. കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമോ? അറിയില്ല. ഒരു കാര്യം പറയാം: കോണ്‍ഗ്രസ് നേതാക്കള്‍ ഇതേ നിലയില്‍ സ്വതന്ത്ര റിപ്പബ്ലിക്കുകളായി തന്നെ തുടരുമെങ്കില്‍ കോണ്‍ഗ്രസ് നാമാവശേഷമാകുന്ന കാലം വിദൂരമല്ല.

അപ്പോള്‍ കേരളത്തിലോ?
കേരളത്തില്‍ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ സ്വതന്ത്രറിപ്പബ്ലിക്കുകള്‍ ഇല്ല; ഗ്രൂപ്പുകളേ ഉള്ളൂ. എ ഗ്രൂപ്പും ഐ ഗ്രൂപ്പും. പിന്നെ വി എം സുധീരനെപ്പോലെ രണ്ട് ഗ്രൂപ്പിലും പെടാത്ത ചില നേതാക്കളുമുണ്ട്. ഓരോ തിരഞ്ഞെടുപ്പ് കാലവും ഗ്രൂപ്പ് വഴക്ക് മൂര്‍ച്ഛിക്കുന്നതാണ് അനുഭവം. ഇപ്രാവശ്യം അതുണ്ടായില്ല എന്നതില്‍ നിന്നാരംഭിക്കുന്നു കോണ്‍ഗ്രസിന്റെ മേല്‍ക്കൈ. ടി എന്‍ പ്രതാപനെ പോലെ രണ്ട് ഗ്രൂപ്പിന്റെയും ഭാഗമല്ലാത്ത ഒരാളെ തൃശ്ശൂരില്‍ മത്സരിപ്പിക്കാനും കോണ്‍ഗ്രസ് നേതൃത്വം സന്നദ്ധമായി. ചെറുതെങ്കിലും ഗ്രൂപ്പുകള്‍ക്കിടയില്‍ തര്‍ക്കമുണ്ടായത് വയനാട് മണ്ഡലത്തെ ചൊല്ലിയാണ്. ഐ ഗ്രൂപ്പ് അവിടേക്ക് കെ പി അബ്ദുല്‍ മജീദിനെയും എ ഗ്രൂപ്പ് ടി സിദ്ദീഖിനെയും ഉയര്‍ത്തിക്കാട്ടി. ഒടുവില്‍ ടി സിദ്ദീഖിലേക്ക് തന്നെ കാര്യങ്ങള്‍ എത്തിയെങ്കിലും രാഹുലിന്റെ അപ്രതീക്ഷിതമായ രംഗപ്രവേശനത്തോടെ ചിത്രം മാറി. ഗ്രൂപ്പ് വര്‍ത്തമാനം തന്നെ കേള്‍ക്കാതായി. സംസ്ഥാനത്ത് പ്രതീക്ഷിച്ച മട്ടില്‍ രാഹുല്‍ തരംഗം പ്രകടമായില്ലെങ്കിലും ഗ്രൂപ്പ് മറന്ന് കോണ്‍ഗ്രസ് എന്ന ഒരൊറ്റ വികാരത്തിലേക്ക് നേതാക്കളും പ്രവര്‍ത്തകരും മാറുന്നു രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായി വരുന്നതോടെ.

കോണ്‍ഗ്രസ് രംഗത്തിറക്കിയ സ്ഥാനാര്‍ഥികളും മോശക്കാരായിരുന്നില്ല. പാര്‍ട്ടിയിലെ ഗഡാഗഡിയന്മാരാണ് ഓരോ മണ്ഡലത്തിലും പോരിനിറങ്ങിയത്. കൂട്ടത്തില്‍ ദുര്‍ബല സ്ഥാനാര്‍ഥി എന്ന് തോന്നിച്ചത് ആലത്തൂരില്‍ മത്സരിച്ച രമ്യാ ഹരിദാസാണ്. പി കെ ബിജുവിനെ പോലൊരാളോട് മുട്ടാന്‍ ഈ പെങ്കൊച്ചോ എന്ന് ചോദിച്ചവരില്‍ കോണ്‍ഗ്രസുകാരുമുണ്ടായിരുന്നു.! ഉള്ളത് പറഞ്ഞാല്‍, ചില സി പി എം നേതാക്കളും സൈബര്‍ പോരാളികളും ചേര്‍ന്നാണ് രമ്യയെ കേരളം ശ്രദ്ധിക്കുന്ന മത്സരാര്‍ഥിയാക്കി മാറ്റിയത്. വടകരയില്‍ മത്സരിച്ച കെ മുരളീധരനാണ് രാഷ്ട്രീയമായി ലോട്ടറി അടിച്ചത്. മണ്ഡലം തിരിച്ചുപിടിക്കാന്‍ എല്‍ ഡി എഫ് രംഗത്തിറക്കിയത് സി പി എമ്മിലെ കരുത്തനെ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ പലരും അങ്കത്തിനു മടിച്ചുനിന്ന ഘട്ടത്തിലാണ് മുരളി വെല്ലുവിളി ഏറ്റെടുക്കുന്നത്. പാര്‍ട്ടിയില്‍ വലിയ പരിഗണനയൊന്നും കിട്ടാതെ എം എല്‍ എ മാത്രമായി ഒതുങ്ങിക്കൂടുകയായിരുന്ന മുരളിയെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും ഉള്‍പ്പെടെയുള്ളവര്‍ നിര്‍ബന്ധിപ്പിച്ചാണ് വടകരയിലേക്ക് വിടുന്നത്. അവിടെ തോറ്റിരുന്നെങ്കില്‍ പോലും ആ സമ്മതം മൂളല്‍ മാത്രം മതിയാകുമായിരുന്നു പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍. മറ്റൊരാളായിരുന്നു വടകരയില്‍ കോണ്‍ഗ്രസിന് വേണ്ടി മാറ്റുരച്ചതെങ്കില്‍ വിജയം അകന്നു പോകുമായിരുന്നു എന്ന ആശങ്കയും അസ്ഥാനത്തല്ല.

വിശ്വാസികളുടെ തിരഞ്ഞെടുപ്പ്
ഒരു തിരഞ്ഞെടുപ്പ് വിശകലനത്തില്‍ മതവും വിശ്വാസവുമൊക്കെ കടത്തിക്കൊണ്ടു വരുന്നത് അല്‍പം കടന്നകൈയാണ് എന്നറിയാതെയല്ല ഈ ഉപശീര്‍ഷകം. ശബരിമല ഒരു രാഷ്ട്രീയപ്രമേയം കൂടി ആയി മാറ്റപ്പെട്ട സാഹചര്യത്തിലാണ് ഈയൊരു തലത്തില്‍ നിന്നുകൊണ്ട് ഫലം വിലയിരുത്തേണ്ടി വരുന്നത്. ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ കാട്ടിയ തിടുക്കം മാര്‍ക്‌സിസ്റ്റ് അനുഭാവമുള്ള ഹിന്ദുമത വിശ്വാസികളിലടക്കം വലിയ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട് എന്നത് മറച്ചുവെക്കുന്നതെന്തിന്? പാര്‍ട്ടി കുടുംബങ്ങളിലെ സ്ത്രീകള്‍ പോലും ഇക്കാര്യത്തില്‍ സര്‍ക്കാറിനൊപ്പമായിരുന്നില്ല. പാര്‍ട്ടിയോടുള്ള പ്രതിബദ്ധത ഒന്നുകൊണ്ട് മാത്രം വനിതാ മതിലില്‍ അണിനിരന്നവരില്‍ നല്ലൊരു ശതമാനം ശബരിമലയില്‍ മനസുകൊണ്ട് സര്‍ക്കാറിനൊപ്പമായിരുന്നില്ല; വോട്ട് കൊണ്ട് തീരെയുമായിരുന്നില്ല എന്ന് ഫലം തെളിയിക്കുകയും ചെയ്തു. സി പി എം നേതൃത്വം അംഗീകരിച്ചാലും ഇല്ലെങ്കിലും ഒരു കാര്യമുറപ്പാണ്. ശബരിമല ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്; വിശ്വാസികള്‍ സര്‍ക്കാറിനെതിരെ വിധി കുറിച്ചിട്ടുമുണ്ട്. സര്‍ക്കാറും പാര്‍ട്ടിയും കൊട്ടിഘോഷിച്ച ലിംഗസമത്വത്തിന്റെയും സാമൂഹിക നവോത്ഥാനത്തിന്റെയും രാഷ്ട്രീയം കേരളം തിരസ്‌കരിച്ചു എന്ന് തന്നെയാണ് മനസിലാകുന്നത്.

എന്നിട്ടെന്തേ ബി ജെ പി?
ശബരിമല ഈ തിരഞ്ഞെടുപ്പില്‍ ഒരു ഫാക്ടര്‍ ആണെങ്കില്‍ അതിന്റെ ഗുണം കിട്ടേണ്ടിയിരുന്നത് ബി ജെ പിക്കല്ലേ? അവര്‍ക്ക് തീരെ മെച്ചമുണ്ടായില്ല എന്ന് പറയാനാകില്ല. ചില മണ്ഡലങ്ങളിലെങ്കിലും അവരുടെ വോട്ടുവിഹിതം വര്‍ധിച്ചിട്ടുണ്ട്. അതേസമയം, ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയിലോ മറ്റോ അതൊരു വിജയമന്ത്രം ആയി മാറാതിരുന്നത് രണ്ട് കാരണങ്ങളാലാണ്. ഒന്ന്; ശബരിമലയില്‍ സംഘ്പരിവാറിന്റെ കാപട്യം ജനത്തിന് ബോധ്യപ്പെട്ടു. മല കയറാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി സംഘം ആദ്യം സ്വാഗതം ചെയ്തു. പിന്നീട് വോട്ടു തട്ടാനുള്ള “സുവര്‍ണാവസരമായി” കണ്ട് സമരത്തിനിറങ്ങി. അപ്പോഴും വിശ്വാസം സംരക്ഷിക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കുകയോ സുപ്രീം കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കുകയോ ചെയ്തില്ല. എന്തിനോ വേണ്ടി തിളക്കുകയായിരുന്നു ആ നാളുകളില്‍ ബി ജെ പി. ജനം അത് കണ്ടറിഞ്ഞു.

രണ്ട്; ശബരിമലയില്‍ കേരള സര്‍ക്കാര്‍ നിലപാട് തെറ്റാണ് എന്ന് ചിന്തിച്ചവരില്‍ നല്ലൊരു ശതമാനം സംഘ്പരിവാറിന് മനസ്സോ വോട്ടോ കൊടുക്കാന്‍ തയ്യാറല്ലാത്ത മതേതരവാദികള്‍ തന്നെയായിരുന്നു. പിണറായി സര്‍ക്കാറിനോട് വിയോജിക്കുമ്പോള്‍ തന്നെയും ബി ജെ പിയുടെ വര്‍ഗീയ, വിഭജന രാഷ്ട്രീയത്തോട് അവര്‍ക്ക് കടുത്ത എതിര്‍പ്പുമുണ്ടായിരുന്നു. അതുകൊണ്ട് അയ്യനെ ഓര്‍ത്ത് അവര്‍ ഐക്യമുന്നണിക്ക് കുത്തി; ബി ജെ പിയോട് മുഖം തിരിച്ചു. ഇതാണ് സംഭവിച്ചത്.

ന്യൂനപക്ഷത്തിന്റെ മനസ്സ്
എല്ലാ അര്‍ഥത്തിലും മോദിക്കും ഫാഷിസത്തിനുമെതിരെ ആയിരുന്നു ന്യൂനപക്ഷ മനസ്സ്. ഇനിയൊരിക്കല്‍ കൂടി മോദി വാഴരുത് എന്നവര്‍ അതിയായി ആഗ്രഹിച്ചു. കേന്ദ്രത്തില്‍ ഒരു മതേതര സര്‍ക്കാര്‍ വരണമെന്ന് ആത്മാര്‍ഥമായും അഭിലഷിച്ചു. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ശക്തിപ്പെടുകയോ പ്രാദേശിക കക്ഷികള്‍ ചേര്‍ന്ന മതേതര മഹാസഖ്യം രൂപപ്പെടുകയോ ചെയ്യുന്നതിലൂടെ മാത്രമേ എന്‍ ഡി എയെ മറിച്ചിടാനാകൂ എന്ന് ന്യൂനപക്ഷം ചിന്തിച്ചു. ഇതെല്ലാം ശരി തന്നെയാണ്. അതിനര്‍ഥം കേരളത്തിലെ ന്യൂനപക്ഷ വോട്ടുകള്‍ ഒന്നാകെ കുത്തിയൊലിച്ച് യു ഡി എഫ് ചിഹ്നത്തില്‍ ചെന്നുവീണു എന്നല്ല. അമ്മട്ടിലുള്ള വിശകലനങ്ങളാണ് പുറത്തുവരുന്നത്. അങ്ങനെ ആയിരുന്നു സംഭവിച്ചതെങ്കില്‍ എല്‍ ഡി എഫിന്റെ വീഴ്ച ഇപ്പോഴത്തേതിനേക്കാള്‍ ഉയര്‍ന്ന മാര്‍ജിനില്‍ ആയേനെ.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടുമെന്നോ ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുമെന്നോ വിശ്വസിക്കാത്തവരും ന്യൂനപക്ഷ സമുദായത്തിലുണ്ടായിരുന്നു. അവരുടെ വോട്ടുകള്‍ ഇടതു പക്ഷത്തിനാണ് ലഭിച്ചത്. ഒരു ഉദാഹരണം പറയാം. ഇടതുപക്ഷത്തിന്റെ ഏക സ്ഥാനാര്‍ഥി ജയിച്ച ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ ഉള്ളത് കായംകുളം അസംബ്ലി മണ്ഡലത്തിലാണ്; ജനസംഖ്യയില്‍ 30.07 ശതമാനം മുസ്ലിംകളുള്ള അവിടെ ഇടതു സ്ഥാനാര്‍ഥി ആരിഫിന് 4297 വോട്ടിന്റെ ലീഡുണ്ട്. സൂക്ഷ്മമായ വിശകലനത്തില്‍ ഇത്തരം ഉദാഹരണങ്ങള്‍ വേറെയും കണ്ടെത്താനാകും. മുസ്ലിംകള്‍ പൂര്‍ണമായും ഇടതുപക്ഷത്തെ കൈയൊഴിഞ്ഞു എന്ന് വിലയിരുത്തുന്നത് യഥാര്‍ഥ കാരണങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള മറയാണ്.

കേരളത്തിന്റെ ഭാവി
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും സി പി എം/ എല്‍ ഡി എഫ് തിരിച്ചുവരേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. എന്തൊക്കെ പോരായ്മകള്‍ ചൂണ്ടിക്കാട്ടാനുണ്ടാകുമ്പോഴും സി പി എമ്മിന് പകരം വെക്കാന്‍ മറ്റേത് രാഷ്ട്രീയപ്പാര്‍ട്ടിയുണ്ട് കേരളത്തില്‍? അതുകൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും സി പി എം നശിക്കരുത് എന്നാഗ്രഹിക്കുന്നത്. അടുത്ത ലക്ഷ്യം കേരളമാണ് എന്ന് ബി ജെ പി ദേശീയ നേതൃത്വം നിലപാട് പറഞ്ഞുകഴിഞ്ഞു. “കേരളമോ, അതിനിത്തിരി പുളിക്കും” എന്നാണോ പ്രസ്താവന കേട്ടപ്പോള്‍ തോന്നിയത്? എങ്കില്‍ നാം മൂഢന്മാരുടെ സ്വര്‍ഗത്തിലാണ് എന്ന് പറയാതെ വയ്യ. സി പി എം അരങ്ങൊഴിഞ്ഞ കേരളത്തിലേക്ക് ഇരച്ചുകയറാന്‍ ബി ജെ പിക്ക് ഇത്തിരിപ്പോലും പ്രയാസപ്പെടേണ്ടിവരില്ല. ബി ജെ പിയെ ചെറുക്കുന്നതില്‍ സി പി എമ്മിന് പകരമാകാന്‍ കോണ്‍ഗ്രസിന് കഴിയില്ല. കാര്യവും കാരണവും വിശദീകരിക്കേണ്ടതില്ല; ചരിത്രവും വര്‍ത്തമാനവും നമ്മുടെ മുമ്പിലുണ്ടല്ലോ.

കേരളത്തില്‍ സംഘ്പരിവാറിന്റെ രംഗപ്രവേശം മുതല്‍ രാഷ്ട്രീയമായും കായികമായും ചെറുത്തുനിന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. മറ്റുള്ളവര്‍ പ്രസംഗിച്ചും പ്രസ്താവനയിറക്കിയും ആര്‍ എസ് എസിനെ തോല്‍പിക്കാനിറങ്ങിയപ്പോള്‍ ജീവന്‍ കൊടുത്തും മുഖാമുഖം നിന്നും അവരുടെ രാഷ്ട്രീയ മോഹങ്ങള്‍ തല്ലിക്കെടുത്തിയത് കമ്മ്യൂണിസ്റ്റുകളാണ് എന്ന് ആര്‍ക്കാണറിയാത്തത്? അതുകൊണ്ടാണ് പറഞ്ഞത്; സി പി എം ഇല്ലാത്ത കേരളത്തില്‍ ആര്‍ എസ് എസിനു കാര്യങ്ങള്‍ എളുപ്പമായിരിക്കുമെന്ന്. അതുകൊണ്ട് തന്നെയാണ് ഈ കൊടുങ്കാറ്റിലും ന്യൂനപക്ഷങ്ങള്‍ അടിപടലം എല്‍ ഡി എഫിനെ കൈവിട്ടിട്ടില്ല എന്ന് തീര്‍ത്തുപറയാനാകുന്നത്.

തെറ്റുതിരുത്തുമോ
പാര്‍ട്ടി?
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സി പി എമ്മിന്റെ ബഹുജനാടിത്തറ തകരുന്നു എന്നത് വസ്തുതയാണ്. എന്തുകൊണ്ട് എന്ന് പരിശോധിക്കേണ്ടത് പാര്‍ട്ടിയാണ്. നേതാക്കളിലൊരു വിഭാഗത്തിന്റെ ഉപരിവര്‍ഗ മനസ് ഈ തകര്‍ച്ചയില്‍ പങ്കുവഹിച്ചിട്ടുണ്ട്. ആശിച്ചുവന്നൊരു പാര്‍ട്ടി പ്രവര്‍ത്തകന് കൈ കൊടുക്കാന്‍ പോലും മടിക്കുന്ന നേതാക്കള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് വിദൂരത്താക്കും. സോഷ്യല്‍ മീഡിയയുടെ കാലത്ത് ശരീര ഭാഷ പോലും പ്രധാനമാണ് എന്ന് നേതാക്കള്‍ മനസിലാക്കണം. സകല ജനകീയ സമരങ്ങളെയും പുച്ഛിക്കുകയും അതൊക്കെ വികസനവിരുദ്ധ പ്രവര്‍ത്തനമായി ചാപ്പയടിച്ച്, സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കുകയും ചെയ്യുന്ന സമീപനം തിരുത്തപ്പെടണം. സര്‍ക്കാറിന് വികസനം മുഖ്യമെങ്കില്‍ ജനങ്ങള്‍ക്ക് അവരുടെ ജീവിതവും സമ്പാദ്യവും പ്രധാനമാണ്. കമ്മ്യൂണിസ്റ്റ് സൈദ്ധാന്തിക ശാഠ്യങ്ങള്‍ക്കകത്ത് ഭരണീയരെ മുഴുവന്‍ കുരുക്കിയിടാന്‍ മിനക്കെടാതിരിക്കുകയാണുചിതം.

അങ്ങനെ ശ്രമിച്ചതാണ് ശബരിമലയില്‍ തിരിച്ചടിച്ചത്. ജനഹൃദയങ്ങളിലേക്ക് നേതാക്കളും പ്രവര്‍ത്തകരും തിരിച്ചു ചെല്ലേണ്ടിയിരിക്കുന്നു. സ്‌നേഹവും വിനയവുമാണ് അതിനുള്ള മാര്‍ഗം. തെറ്റ് തിരുത്താനുള്ള മനസ്സ് ഇപ്പോഴും ബാക്കിയുണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളില്‍. കനത്ത തോല്‍വിയും മറികടന്ന് പാര്‍ട്ടി തിരിച്ചുവരുമെന്ന പ്രതീക്ഷ ബാക്കിയാകുന്നതും അതുകൊണ്ട് തന്നെയാണ്.