Connect with us

Ongoing News

മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ ഡി എ സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭ യോഗം വെള്ളിയാഴ്ച നടക്കും

Published

|

Last Updated

ന്യൂഡല്‍ഹി: വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയുടെ ആദ്യ യോഗം വെള്ളിയാഴ്ച നടക്കും.
പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കര്‍ തിരഞ്ഞെടുപ്പ് എന്നിവക്കായി പാര്‍ലിമെന്റ് സമ്മേളനം ചേരുന്നതിനുള്ള തീയ്യതി മന്ത്രിസഭ യോഗത്തില്‍ തീരുമാനിക്കും.

അടുത്തമാസം ആറിനാകും പാര്‍ലിമെന്റ് ചേരുകയെന്നാണ് റിപ്പോര്‍ട്ട്. സമ്മേളനത്തിന്റെ ആദ്യ ദിനം പാര്‍ലിമെന്റിന്റെ ഇരുസഭകളും വിളിച്ച് ചേര്‍ത്ത് രാജ്യത്തെ 17-മത് സര്‍ക്കാറിന്റെ നയപ്രഖ്യാപനം രാഷ്ട്രപതി പ്രഖ്യാപിക്കും. തുടര്‍ന്ന് പ്രോട്ടം സ്പീക്കറെ തിരഞ്ഞെടുക്കും. അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും സ്പീക്കര്‍ തിരഞ്ഞെടുപ്പും നടക്കും. തുടര്‍ന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ മേലുള്ള നന്ദി പ്രമേയം ചര്‍ച്ചക്കെടുക്കും. അംഗങ്ങളുടെ വിശദമായ ചര്‍ച്ചക്ക് ശേഷം പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗത്തിന് ശേഷം ാദ്യ സമ്മേളനം അവസാനിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ പുതിയ മന്ത്രിസഭയില്‍ എന്‍ ഡി എ കക്ഷികള്‍ക്കെല്ലാം പ്രാതിനിധ്യമുണ്ടാകും. ഘടകക്ഷികള്‍ക്ക് തങ്ങളുടെ മന്ത്രിമാരെ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാത്ത കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ബി ജെ പിയുടെ മന്ത്രിമാരെ സംബന്ധിച്ച് പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉടന്‍ തീരുമാനമെടുക്കും. അമിത് ഷാ, അരുണ്‍ ജെയ്റ്റ്‌ലി അടക്കമുള്ള പ്രമുഖര്‍ മന്ത്രിസഭയിലുണ്ടാകും.