Connect with us

Kerala

വനിതാ ഹോസ്റ്റലുകളിലെ നിയന്ത്രണങ്ങൾക്ക് കൂടുതൽ ഇളവ് വരുത്തുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാ ഹോസ്റ്റലുകളുടെ സമയക്രമം ദീർഘിപ്പിച്ചതിന് പിന്നാലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്താൻ സർക്കാർ. ഹോസ്റ്റലുകളെ കൂടുതൽ “സ്ത്രീ സൗഹൃദ”മാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ധരിക്കുന്ന വസ്ത്രം, പുറത്ത് പോകുന്നതും തിരികെയെത്തുന്നതും രേഖപ്പെടുത്തുന്നതിനുള്ള രജിസ്റ്റർ, വൈദ്യുതി ഉപയോഗം തുടങ്ങിയവ സംബന്ധിച്ചുള്ള നിയന്ത്രണങ്ങളിലാണ് ഇളവുകൾ വരുത്തുന്നത്.

സംസ്ഥാനത്തെ വനിതാ ഹോസ്റ്റലുകളിൽ മിക്കയിടങ്ങളിലും പെൺകുട്ടികൾക്ക് കർശന നിയന്ത്രണങ്ങളാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. ഇത് സംബന്ധിച്ച് നിരവധി പരാതികളും സർക്കാറിന് മുന്നിലെത്തിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് സമയക്രമത്തിന് പിന്നാലെ

നിയന്ത്രണങ്ങളിലും ഇളവ് വരുത്താനുള്ള നീക്കം. ഹോസ്റ്റലുകളിലെ നിയന്ത്രണങ്ങൾ വിദ്യാർഥിനികളുടെ മാനസിക ആരോഗ്യത്തേയും ആത്മവിശ്വസത്തേയും ബാധിക്കുന്നതായി ചില കോണുകളിൽ നിന്ന് പരാതികളുണ്ടായിരുന്നു. ഇതിനെതിരെ വിദ്യാർഥിനികളുടെ ഇടയിൽ തന്നെ പ്രതിഷേധവും ശക്തമാണ്.

നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ആദ്യപടിയായി വിദ്യാർഥിനികളുടെ അഭിപ്രായം ശേഖരിക്കും. ഇതിനായി വിശദമായ ചോദ്യാവലി സർവകലാശാലാ ഹോസ്റ്റലുകളിലെ അന്തേവാസികൾക്ക് നൽകും. വിദ്യാർഥികളുടെ അഭിപ്രായം കൂടി പരിഗണിച്ചാകും ഇളവുകൾ എത്രത്തോളം വേണമെന്ന് അന്തിമമായി തീരുമാനിക്കുക.

നിസാര കാര്യങ്ങൾ രക്ഷിതാക്കളെ വിളിച്ചറിയിക്കുന്നതിലും പരിധി നിശ്ചയിക്കും. രാത്രിയിൽ നിശ്ചിത സമയത്തിന് ശേഷം ലൈറ്റ് അണക്കണമെന്ന നിയന്ത്രണം ഇല്ലാതാവും. രാത്രി 10.30ന് ശേഷം നിശ്ചയിച്ചിട്ടുള്ള പൊതുവായ സ്ഥലത്തിരുന്ന് പഠിക്കണമെന്നാണ് നിലവിൽ ഹോസ്റ്റലുകളിലെ നിയമം. ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് പെൺകുട്ടികൾക്കും തിരിച്ചും പ്രവേശനമില്ലാത്തതിലും ഇളവുകൾ വരും. എന്നാൽ പകൽ സമയത്ത് ഉപാധികളോടെയായിരിക്കും പ്രവേശനം.

പെൺകുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്ന പെരുമാറ്റച്ചട്ടങ്ങളാവും നിലവിൽ വരിക. കൂടാതെ ടോയ്‌ലെറ്റുകൾ, സാനിറ്ററി പാഡ് വെൻഡിംഗ് മെഷീൻ, ഇൻസിനറേറ്റർ എന്നിവ ഹോസ്റ്റലുകളിൽ ഉറപ്പാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ ജൻഡർ വിഭാഗമാണ് പഠനം നടത്തുന്നത്. ഈ മാസം പകുതിയോടെ എല്ലാ സർവകലാശാലകളിലേക്കും ചോദ്യാവലി അയച്ച് നൽകിയിരുന്നു. പുതിയ അധ്യയന വർഷം മുതൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് സർക്കാർ ആലോചിക്കുന്നത്.

Latest