Connect with us

Education

പോളിടെക്നിക് പ്രവേശനം: മെയ് 28 മുതല്‍ അപേക്ഷിക്കാം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന പോളിടെക്നിക് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 28 മുതല്‍ ആരംഭിക്കും. സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം. ജൂണ്‍ 11 വരെ തുടരും. ഒരു വിദ്യാര്‍ഥിക്ക് 30 ഓപ്ഷനുകള്‍ വരെ നല്‍കാം. www.polyadmission.org ല്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. എസ് എസ് എല്‍ സി/ ടി എച്ച് എസ് എല്‍ സി/ സി ബി എസ് ഇ – പത്താംതരം/ മറ്റ് തുല്യപരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ കണക്ക്, സയന്‍സ്, ഇംഗ്ലീഷ് എന്നിവ പഠിച്ചവര്‍ക്ക് എന്‍ജിനീയറിംഗ് സ്ട്രീമിലേക്കും (സ്ട്രീം 1) കണക്ക്, ഇംഗ്ലീഷ് പഠിച്ചവര്‍ക്ക് നോണ്‍ എന്‍ജിനീയറിംഗ് സ്ട്രീമിലേക്കും (സ്ട്രീം 2) അപേക്ഷിക്കാം. ഗവണ്‍മെന്റ് പോളിടെക്നിക് കോളേജുകളിലെ 50 ശതമാനം ഗവ. സീറ്റുകളിലേക്കുമുള്ള അഡ്മിഷനാണ് ഓണ്‍ലൈന്‍ വഴി നടക്കുക. അപേക്ഷകര്‍ക്ക് സ്വന്തമായും അക്ഷയ സെന്ററുകള്‍ വഴിയും അപേക്ഷ തയ്യാറാക്കാമെങ്കിലും അവ സര്‍ക്കാര്‍/ എയ്ഡഡ് പോളിടെക്നിക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡസ്‌കുകളില്‍ എത്തി പരിശോധനയ്ക്ക് വിധേയമാകണം.

ഇത്തരത്തില്‍ ഹാജരാക്കിയ അപേക്ഷകള്‍ വെരിഫിക്കേഷന്‍ നടത്തി ഫീസടച്ച് രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ അപേക്ഷ സമര്‍പ്പണം പൂര്‍ത്തീകരിക്കുകയുള്ളൂ. ഹെല്‍പ് ഡസ്‌ക്കുകളുടെ സഹായം എല്ലാ പോളിടെക്നിക് കോളേജുകളിലും ലഭ്യമാണെങ്കിലും ഫീസടച്ച് അപേക്ഷ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഗവണ്‍മെന്റ്/ എയ്ഡഡ് പോളിടെക്നിക്ക് കോളേജുകളില്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. റ്റി.എച്ച്.എസ്.എല്‍.സി, ഐ.റ്റി.ഐ/ കെ ജി സി ഇ, വി എച്ച് എസ് ഇ എന്നിവ പാസായവര്‍ക്ക് യഥാക്രമം 10, അഞ്ച്, രണ്ട് ശതമാനം വീതം റിസര്‍വേഷനുണ്ട്. ഐ ടി ഐ/ കെ ജി സി ഇ, വി എച്ച് എസ് ഇ പാസായവര്‍ക്ക് അവരവരുടെ ട്രേഡുകളനുസരിച്ച് ബ്രാഞ്ചുകള്‍ തെരഞ്ഞെടുക്കാം. ഭിന്നശേഷിയുള്ള സഞ്ചാരം, കാഴ്ച, കേള്‍വി എന്നിവയ്ക്ക് വൈകല്യമുള്ളവര്‍ക്ക് അഞ്ച് ശതമാനം സംവരണം ചെയ്തിട്ടുണ്ട്. മാനസിക വൈകല്യമുള്ളവര്‍ക്ക് ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കാനാവില്ല.

എന്‍ സി സി, സ്പോര്‍ട്സ് ക്വാട്ടയില്‍ അപേക്ഷിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷ ഫീസടച്ചതിനു ശേഷം സമര്‍പ്പിച്ച അപേക്ഷയുടെ കോപ്പി യഥാക്രമം എന്‍.സി.സി ഡയറക്ടറേറ്റിലേക്ക് ബറ്റാലിയന്‍ വഴിയും, സ്പോര്‍ട്സ് ക്വാട്ട അപേക്ഷകര്‍ സ്പോര്‍ട്സ് കൗണ്‍സിലിലേക്കും നല്‍കണം. ജമ്മുകാശ്മീര്‍, ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് റിസര്‍വേഷന്‍ ഡയറക്ടറേറ്റ് വഴിയും വിമുക്തഭടന്‍മാരുടെ കുട്ടികള്‍, യുദ്ധത്തില്‍ മരിച്ചവരുടെ/ കാണാതായവരുടെ ആശ്രിതര്‍, സൈനികരുടെയും സി.ആര്‍.പി.എഫ്കാരുടെയും കുട്ടികള്‍, ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍, ടെക്സ്‌റ്റൈല്‍ ടെക്നോളജി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിലെ ജീവനക്കാര്‍, അനാഥാലയങ്ങളില്‍ താമസിക്കുന്നവര്‍ മുതലായവര്‍ക്ക് നിയമപ്രകാരമുള്ള സംവരണമുണ്ട്.

ഈ സംവരണത്തിനുശേഷമുള്ള സീറ്റുകളുടെ 60 ശതമാനം ഓപ്പണ്‍ മെറിറ്റ് ക്വാട്ടയിലും, 40 ശതമാനം ജാതി സംവരണ വിഭാഗങ്ങള്‍ക്കുമായി മാറ്റിവച്ചിരിക്കുന്നു. ഈഴവ ഒന്‍പത്, മുസ്ലീം എട്ട്, മറ്റു പിന്നാക്ക ഹിന്ദു മൂന്ന്, ലാറ്റിന്‍ കാത്തലിക്ക് മൂന്ന്, ധീവര അനുബന്ധ സമുദായം രണ്ട്, വിശ്വകര്‍മ്മ അനുബന്ധ സമുദായം രണ്ട്, കുശവന്‍ അനുബന്ധ സമുദായം ഒന്ന്, മറ്റ് പിന്നാക്ക ക്രിസ്ത്യാനികള്‍ ഒന്ന്, കുടുംബി ഒന്ന്, പട്ടികജാതി എട്ട്, പട്ടികവര്‍ഗം രണ്ട് എന്നീ വിധത്തിലാണ് ജാതി സംവരണ ശതമാനം. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങല്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റും മറ്റ് വിഭാഗങ്ങള്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ്, നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും ഹാജരാക്കണം. അഞ്ച് ശതമാനം സീറ്റുകള്‍ വനിതകള്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്.
തൃപ്രയാര്‍ ശ്രീരാമ ഗവ. പോളിടെക്നിക് കോളേജ്, കോട്ടയം ഗവ. പോളിടെക്നിക് കോളേജ് എന്നിവിടങ്ങളില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് ഓരോ ബ്രാഞ്ചിലും അഞ്ച് സീറ്റ് വീതവും കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജ്, കോഴിക്കോട് കേരള ഗവ. പോളിടെക്നിക് കോളേജ്, തിരുവനന്തപുരം വനിതാ പോളിടെക്നിക് കോളേജ് എന്നിവിടങ്ങളില്‍ യഥാക്രമം സിവില്‍, കമ്പ്യൂട്ടര്‍ ബ്രാഞ്ചുകളില്‍ 10 സീറ്റുകള്‍ വീതവും ബധിരരായ വിദ്യാര്‍ത്ഥികള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്.

എസ് എസ് എല്‍ സി ക്ക് ലഭിച്ച മാര്‍ക്കില്‍ കണക്ക്, സയന്‍സ് എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് തിരഞ്ഞെടുപ്പ് ഇന്‍ഡക്സ് സ്‌കോര്‍ നിശ്ചയിക്കുന്നത് (സ്ട്രീം 1). കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് സ്ട്രീം 2 ലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്‍ഡക്സ് സ്‌കോര്‍ നിശ്ചയിക്കുന്നത്.
ഇടുക്കി, വയനാട്, പത്തനംതിട്ട, മലപ്പുറം, കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവര്‍ക്കും ആ ജില്ലകളിലെ സ്‌കൂളുകളില്‍ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിച്ചവര്‍ക്കും ഇന്‍ഡക്സ് സ്‌കോറില്‍ ഒരു മാര്‍ക്ക് വീതം ബോണസ് അതത് ജില്ലകളിലെ അഡ്മിഷന് ലഭിക്കും. പൊതുവിഭാഗങ്ങള്‍ക്ക് 150 രൂപയും പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 75 രൂപയുമാണ് അപേക്ഷാഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.polyadmission.org.

Latest