Connect with us

National

രാജി തീരുമാനത്തില്‍ ഉറച്ച് രാഹുല്‍; അനുനയ ശ്രമങ്ങള്‍ പാളുന്നു; സമ്മതമറിയിച്ച് സോണിയയും

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിയുവാനുള്ള തിരുമാനത്തില്‍ മാറ്റം വരുത്താതെ രാഹുല്‍ ഗാന്ധി. സ്ഥാനത്ത് തുടരണമെന്ന മുതിര്‍ന്ന നേതാക്കളുടെ നിരന്തരമായ അഭ്യര്‍ഥനകള്‍ രാഹുല്‍ തള്ളിയതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ മുതിര്‍ന്ന നേതാക്കളായ കെ സി വേണുഗോപാലിനെയും അഹമ്മദ് പട്ടേലിനേയും കണ്ടിരുന്നു.

പൊടുന്നനെ സ്ഥാനം രാജിവെക്കുന്നതിന് പകരം പാര്‍ട്ടിക്ക് പുതിയ അധ്യക്ഷനെ നിയമിക്കുന്നതിനുള്ള സാവകാശം അനുവദിച്ച് മെല്ലെ പിന്‍മാറാനാണ് രാഹുലിന്റെ നീക്കം. ഇതിനിടെ പുതുതായി തിരഞ്ഞെടുത്ത എംപിമായുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ഉള്‍പ്പെടെ പരിപാടികള്‍ രാഹുല്‍ റദ്ദാക്കി. രാഹുല്‍ രാജിയില്‍ ഉറച്ച് നില്‍ക്കുന്നതിന്റെ സൂചനയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.

രാജിതീരുമാനത്തില്‍ രാഹുല്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ അമ്മ സോണിയാ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും രാജിക്ക് സമ്മതം അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. രാഹുലിനെ രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഇരുവരും ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. അടിയന്തര സാഹചര്യത്തില്‍ രാഹുലിന്റെ നേതൃത്വം പാര്‍ട്ടിക്ക് അനിവാര്യമാണെന്ന മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായവും രാഹുല്‍ മുഖവിലക്കെടുത്തിട്ടില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് രാഹുല്‍ രാജിസന്നദ്ധത അറിയിച്ചത്. തുടര്‍ന്ന് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലും രാഹുല്‍ ഇത് ആവര്‍ത്തിക്കുകയായിരുന്നു.