Connect with us

National

സിക്കിം മുഖ്യമന്ത്രിയായി പ്രേംസിംഗ് തമംഗ് അധികാരമേറ്റു; അരുണാചലില്‍ പേമ ഖണ്ഡുവിന്റെ സത്യപ്രതിജ്ഞ മെയ് 29ന്

Published

|

Last Updated

ഗാങ്‌ടോക്: സിക്കിം മുഖ്യമന്ത്രിയായി സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ് കെ എം) അധ്യക്ഷന്‍ പ്രേം സിംഗ് തമംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നേപ്പാളി ഭാഷയിലായിരുന്നു സത്യപ്രതിജ്ഞ. 11 എസ് കെ എം എം എല്‍ എമാരും ഗവര്‍ണര്‍ ഗംഗാ പ്രസാദ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. ഗാങ്‌ടോകിലെ പല്‍ജോര്‍ സ്‌റ്റേഡിയത്തിലാണ് ചടങ്ങ് നടന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന തമംഗിനെ എസ് കെ എം നിയമസഭാ കക്ഷി നേതാവായി ശനിയാഴ്ചയാണ് പാര്‍ട്ടി തിരഞ്ഞെടുത്തത്.

നൂറുകണക്കിന് എസ് കെ എം പ്രവര്‍ത്തകരാണ് 51കാരനായ പാര്‍ട്ടി മേധാവി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. മുന്‍ മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിങ്, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ് ഡി എഫ്) നേതാക്കളും ചടങ്ങിനെത്താതിരുന്നത് ശ്രദ്ധേയമായി. 32 അംഗ നിയമസസഭയില്‍ രണ്ടു സീറ്റിന്റെ മാത്രം ഭൂരിപക്ഷമാണ് എസ് കെ എമ്മിനുള്ളത്. എസ് കെ എമ്മിനു 17 സീറ്റ് ലഭിച്ചപ്പോള്‍ എസ് ഡി എഫ് 15 എണ്ണം നേടി. 24 വര്‍ഷത്തിനു ശേഷമാണ് ചാംലിങ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നു പുറത്താകുന്നത്.

അതിനിടെ, അരുണാചല്‍ പ്രദേശില്‍ ബി ജെ പി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട പേമ ഖണ്ഡു മുഖ്യമന്ത്രിയായി മെയ് 29ന് സത്യപ്രതിജ്ഞ ചെയ്യും. സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് ബി ജെ പി ഒറ്റക്ക് സര്‍ക്കാര്‍ രൂപവത്കരിക്കുന്നത്. 60 അംഗ നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 41 സീറ്റുകളാണ് ബി ജെ പി നേടിയത്. ജൂണ്‍ ഒന്നിനാണ് നിലവിലെ ഒമ്പതാം നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.

Latest