Connect with us

Travelogue

മാമ്പഴ രാജാവിന്റെ കൊട്ടാരത്തിൽ

Published

|

Last Updated

അറബിക്കടലിനോട് കിന്നരിക്കുന്ന തുറമുഖം, കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് പകരം നൂറ്റാണ്ടുകളുടെ പഴമ വിളിച്ചോതുന്ന ചെറു നഗരങ്ങൾ, ചായം ചാലിക്കാത്ത മൺവീടുകൾ, ആധുനികതയുടെ പ്രഹരമേൽക്കാത്ത പുൽമേടുകൾ, കാഴ്ചക്ക് ഹരിതാസ്വാദനം സമ്മാനിക്കുന്ന വിജനമായ വഴിയോരങ്ങൾ, പ്രകൃതിയുടെ സകല ചാരുതകളും ഒത്തിണങ്ങിയ ഇടം. അതാണ് രത്‌നഗിരി.

തുഞ്ചന്റെ മണ്ണിൽ നിന്ന് കൊങ്കൺ പാതകളാൽ പ്രസിദ്ധി നേടിയ മഹാരാഷ്ട്രയിലെ രത്‌നഗിരിയിലേക്കാണ് യാത്ര. ചൂടിനോട് പ്രകൃതി പതിയെ കൂട്ടുകൂടാൻ തുടങ്ങിയ സമയമായത് കൊണ്ട് ശിതീകരിച്ച കമ്പാർട്ട്‌മെന്റ് തിരഞ്ഞെടുക്കാൻ മറന്നില്ല. കൗതുകങ്ങളെ കണ്ണിലെ കാഴ്ചകളാക്കിയ സൂര്യകിരണങ്ങളും പതിയെ കറുത്തു തുടങ്ങി.

അർച്ചരിയിലെ പ്രഭാത സവാരി

സമയം പുലർച്ചെ നാല് മണി. സൂര്യൻ ഉണരും മുമ്പ് രത്‌നഗിരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഞങ്ങൾ നാല് പേർ ഇറങ്ങി. തണുത്ത കാലാവസ്ഥ. പരിസരമാകെ കോട പൊതിഞ്ഞ് നിൽക്കുന്നു. പ്രഭാത കർമങ്ങളും പ്രാർഥനയും കഴിഞ്ഞ് രത്‌നഗിരിയെ നുകരാൻ ഞങ്ങളിറങ്ങി.
അർച്ചരി ഗ്രാമമായിരുന്നു ഞങ്ങളുടെ ലക്ഷ്യസ്ഥാനം. രത്‌നഗിരി നഗരത്തിൽ നിന്ന് 20 കി.മീ അകലെയാണീ ഗ്രാമം. പച്ചപ്പിന്റെ പുതപ്പണിഞ്ഞ് തണുപ്പാസ്വദിക്കാൻ പറ്റിയ പരിസരം. പ്രകൃതി വിഭവ വൈവിധ്യം, ഇടതൂർന്ന് നിൽക്കുന്ന മുളക്കൂട്ടങ്ങൾ, അരുവി സമാനമായ ചെറുറോഡുകൾ, മുസ്‌ലിം പൈതൃകത്തെ ഓർമപ്പെടുത്തുന്ന അനേകം കാഴ്ചകളും.

അർച്ചരിയുടെ ചരിത്ര താളുകളോരോന്നായി യാത്രാംഗം ശുക്കൂർ സഅദി അവതരിപ്പിച്ചു തുടങ്ങി. ഈ ചരിത്ര ഗ്രാമത്തെ ആഴത്തിൽ ഉൾക്കൊള്ളാൻ സഹായിച്ച വിവരണമായിരുന്നു അദ്ദേഹത്തിന്റെത്. ജീവനുള്ള പുലരി കാത്ത് വിശാലമായ മൈതാനത്തിലൂടെ ഞങ്ങൾ മുന്നോട്ട് നീങ്ങി. ഹാരിസും ബാസിത്തും കൂട്ടിനുണ്ടായത് കൊണ്ടാവാം മുന്നോട്ടുള്ള യാത്ര ഒന്ന് കൂടി രസകരമായി തോന്നി. മൈതാനിയുടെ എതിർവശത്തുകൂടി സൗമ്യമായി ഒഴുകുന്ന പുഴ. നീരാവി കൊണ്ടാവരണം ചെയ്തത് പോലെ, പുഴയെ തലോടി കോടയും കൂടെ സഞ്ചരിക്കുന്നു. ഞങ്ങളെ കാത്ത് നിൽക്കുന്ന പോലെ ഒരു വള്ളം. മറ്റൊന്നും ചിന്തിക്കാൻ നിന്നില്ല. കൂട്ടുകാരൊത്ത് തോണി സവാരി പാസ്സാക്കി. ഹൊ, വാക്കുകൾക്കതീതമായിരുന്നു ആ സവാരി. അത് സമ്മാനിച്ച കൂട്ടുകാരൻ ഹാരിസിനോട് നന്ദി പറഞ്ഞ്, ഒരു അർച്ചരി സ്‌പെഷ്യൽ ചായയും അകത്താക്കി, ഞങ്ങൾ അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങി.

അൽഫോൺസാ, കാജൂ

കാർഷിക ഗ്രാമമെന്നതിലുപരി ആഗോള വിപണന രംഗത്ത് തന്റെ പ്രതാപം സ്വൽപ്പം പോലും മങ്ങലേൽപ്പിക്കാൻ അവസരം കൊടുക്കാതെ, വിശ്വപ്രസിദ്ധിയാർജിച്ച ഒരുപാട് കാർഷിക വിഭവങ്ങളുടെ കലവറ കൂടിയാണ് ഈ നഗരം. വിദേശികൾക്കിടയിൽ പ്രസിദ്ധി നേടിയ രണ്ട് വിഭവങ്ങളാണിവിടെ ഭൂരിഭാഗവും കൃഷി ചെയ്യുന്നത്. മാമ്പഴ രാജാവായ അൽഫോൺസയും (രത്‌നഗിരി ആപൂസ്) കാജൂ (കശുവണ്ടി)യുമാണ് ആ വിഭവങ്ങൾ. സമ്പന്നത കൊണ്ട് ജീവിതം അലങ്കരിക്കാൻ സാധിക്കാതെപോയ ഒരുപാട് ജീവനുകളുടെ പ്രതീക്ഷയും ജീവിതമാർഗവുമാണീ വിളകൾ. വർഷത്തിൽ ആറ് മാസത്തെ പൂർണ പരിപാലനത്തിന് ശേഷം ഒരു തവണ മാത്രം വിളവ് തരുന്നതാണീ മാവ്. ഒരുപാട് പ്രത്യേകതകളാൽ ശ്രദ്ധേയവുമായതിനാൽ പ്രഥമഘട്ട വിളവുകളെല്ലാം വിദേശ രാജ്യങ്ങളിലേക്ക് വൻതുകക്ക് കയറ്റുമതി ചെയ്യാറാണ് പതിവ്. നിത്യ ജീവിതത്തിന് വേണ്ട തൊഴിലിന്റെയും പണത്തിന്റെയും അപര്യപ്തത ഓരോ ജീവനിലും പ്രകടമാണ്. എങ്കിലും പ്രകൃതി നൽകുന്ന വാർഷിക വിളവ് ഒരു പരിധി വരെ ഒട്ടനവധി കുടുംബങ്ങൾക്ക് ആശ്വാസം തന്നെ. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ തണുപ്പിന്റെ മേധാവിത്വം കൂടുതലാണ്. ഈ തണുത്ത കാലാവസ്ഥ കായ് ഫലങ്ങൾ മാവിൽ പിടിക്കാൻ ഏറെ സഹായകമാണ്. തണുപ്പിന്റെ തോതനുസരിച്ചാണ് വിളവിന്റെ എണ്ണത്തിലുള്ള മാറ്റവും. ജൂൺ, ജൂലൈ മാസങ്ങളാണ് വിളവെടുപ്പിന്റെ സമയം. മണ്ണിനെ കെട്ടിപ്പിടിച്ച് കിടക്കുന്ന തണ്ണിമത്തൻ പാടങ്ങൾ, കൃഷിയിടങ്ങൾ, ചെറു വ്യവസായശാലകൾ, മറ്റനേകം കാഴ്ചകൾ തുടങ്ങിയവയൊക്കെ കണ്ട് റോഡിലൂടെ ഞങ്ങൾ യാത്ര തുടർന്നു.

ഗ്രാമവാസികളോടൊന്നിച്ച്

രത്‌നഗിരിയിലെ പ്രധാന നഗരമാണ് രാജ്പൂർ. നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ വ്യാപാരാവശ്യാർഥം കപ്പൽ മാർഗം അറബികൾ (പ്രധാനമായും ഇറാഖിലെ കൂഫ നഗരത്തിൽ നിന്നുള്ളവർ) ഇവിടേക്കെത്തുകയും കച്ചവട ബന്ധം പുലർത്തുകയും ചെയ്തിരുന്നു. കൃഷിക്കും സംസ്‌കാരത്തിനും വളക്കൂറുള്ള മണ്ണായിരുന്ന രത്‌നഗിരിയുടെ മനസ്സിനെ അവർ കാലക്രമേണ സ്വന്തമാക്കി. ഇവിടെ ഒന്നിലധികം സംസ്‌കാരങ്ങളും ജാതി മത വിഭാഗങ്ങളും എളിമയോടെ ജീവിക്കുന്നത് കാണാം. ഇന്നും ഇസ്‌ലാമിക പൈതൃക അടയാളങ്ങൾ തലയുയർത്തി നിൽക്കുന്നു. സ്വഹാബിമാരുടെ കാലഘട്ടങ്ങളിൽ നിർമിതമായ പള്ളി കൂടി കാണാൻ കഴിഞ്ഞതും ഇതിനോട് ചേർത്ത് വെക്കാം. നഗരം വികസിക്കുന്നുണ്ട്. ബോംബെ- ഗോവ ആറുവരിപ്പാത നിർമാണത്തിലാണ് ഗ്രാമവാസികളായ പലരും. ഒത്തിരി നല്ല ഓർമകൾ സമ്മാനിച്ച യാത്ര ഏറെ ആസ്വാദ്യകരമായിരുന്നു; അതിലേറെ വിജ്ഞാനപ്രദവും.

സിദ്ദീഖ് കരേക്കാട് • sidhieeque33@gmail.com

Latest