Connect with us

Religion

എന്റെ റമസാന്‍

Published

|

Last Updated

ഉപ-വാസം എന്ന വാക്കിന്, അടുത്ത് ഇരിക്കുക, ചേർന്ന് ഇരിക്കുക എന്നൊക്കെയാണർഥം. അതായത് ഈശ്വരനോട് (അല്ലാഹുവിനോട്) നമ്മൾ ഏറ്റവും അടുത്തിരിക്കുന്ന അവസരമാണ് നോമ്പുകാലം. എങ്ങനെയാണ് അല്ലാഹുവിനോട് അടുക്കുക? അതിനുള്ള ഒരു മാർഗമാണ് ആഹാര നിയന്ത്രണം. ആഹാരം എന്നതിന് വയറിനുള്ള ഭക്ഷണം എന്ന് മാത്രമല്ല അർഥമുള്ളത്. കണ്ണിനും കാതിനും നാക്കിനും മൂക്കിനും ത്വക്കിനുമൊക്കെ (പഞ്ചേന്ദ്രിയങ്ങൾ) അവയുടെതായ ആഹാരമുണ്ട്. അപ്പോൾ ഉപവാസം അഥവാ നോമ്പിന് നമ്മൾ കഴിക്കുന്ന ആഹാരം നിയന്ത്രിക്കുക എന്നതുപോലെ തന്നെ നല്ലതു കാണുക, നല്ലതു കേൾക്കുക, നല്ലതു പറയുക, നല്ലതു ചിന്തിക്കുക, നല്ലതു ചെയ്യുക എന്നിങ്ങനെ വിപുലമായ അർഥമാണുള്ളത്. അങ്ങനെ സ്വയം ശുദ്ധീകരിക്കപ്പെടുമ്പോഴാണ് നാം അല്ലാഹുവിനോട് അടുക്കുന്നത്.

നമ്മൾ പലതരത്തിലുള്ള ആഹാരം കഴിക്കുന്നവരാണ്. മാംസാഹാരം കഴിക്കുന്നവരുണ്ട്, സസ്യാഹാരം കഴിക്കുന്നവരുണ്ട്, വിശേഷപ്പെട്ട ആഹാരം കഴിക്കുന്നവരുണ്ട്, വെറും കഞ്ഞികുടിക്കുന്നവരുമുണ്ട്. എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെയാണ്, വിശപ്പ് അകറ്റുക. ഇതുപോലെ ഏകമായ ദൈവത്തെയാണ് മനുഷ്യർ പലതായി ആരാധിച്ചുകൊണ്ടിരിക്കുന്നത്. ഏകമായ വിശപ്പിനെ അറിയുമ്പോൾ ഏകമായ ദൈവത്തെയും അറിയാൻ സാധിക്കുന്നു. ആകാശത്തിൽ നിന്ന് പെയ്യുന്ന മഴ എപ്രകാരമാണോ കടലിൽ ചെന്നുചേരുന്നത് അതുപോലെ.

ദാരിദ്ര്യവും രോഗവുമൊക്കെ മനസ്സ് ഈശ്വരനിലേക്ക് തിരിയാൻ കാരണമായിത്തീരും. അതുപോലെ വിശപ്പും. ഭഗവാൻ ആരെയെങ്കിലും അനുഗ്രഹിക്കാൻ തീരുമാനിച്ചാൽ ആദ്യം അവന്റെ സർവസമ്പത്തും ഭഗവാൻ അപഹരിക്കുന്നു (ശ്രീമദ് ഭാഗവതം). അഹങ്കാരം തീരെ ഇല്ലാതായാൽ മാത്രമെ ഈശ്വരനോടടുക്കാൻ കഴിയൂ. അതാണ് നിസ്‌കാരം എന്ന സമർപ്പണം. ധാർമികമായി ജീവിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അത് വളരെ എളുപ്പവുമാണ്. നമ്മോട് മറ്റുള്ളവർ എന്താണോ ചെയ്തുകൂടാ എന്ന് നാം വിചാരിക്കുന്നത്, അത് നമ്മൾ മറ്റുള്ളവരോടും ചെയ്യാതിരിക്കുക. ഇത്രയേ വേണ്ടൂ. നമ്മളോട് ആരെങ്കിലും കള്ളം പറയുന്നത് നമുക്കിഷ്ടമല്ല. നമ്മളും കള്ളം പറയാതിരിക്കുക. നമ്മെ ചീത്ത വിളിക്കുന്നത് ഇഷ്ടമല്ല, നമ്മളും ചീത്ത വിളിക്കാതിരിക്കുക. ആരെയും വഞ്ചിക്കാതിരിക്കുക, ദ്രോഹിക്കാതിരിക്കുക. ഇങ്ങനെയൊക്കെയാണ് നമ്മൾ ധർമിഷ്ഠരായിത്തീരുന്നത്.

സർവോപരി എല്ലാ ജീവജാലങ്ങളോടും കരുണയുള്ളവരായിരിക്കുക. അവയെ സ്‌നേഹിക്കുക, മാതാപിതാക്കളെയും വൃദ്ധജനങ്ങളെയും ശുശ്രൂഷിക്കുക, കൊച്ചുകുട്ടികളെ സന്തോഷിപ്പിക്കുക, ചെടികളും വൃക്ഷങ്ങളും നട്ടുപിടിപ്പിക്കുക, കുളങ്ങളും കിണറുകളും സംരക്ഷിക്കുക എന്നിവയെല്ലാം ഒരു തരത്തിൽ ഈശ്വരാരാധനയാണ്. ആ അർഥത്തിൽ ഈശ്വരനോട് അടുക്കുക എന്നതിന് പ്രകൃതിയോട് സമരസപ്പെടുക എന്നും അർഥമുണ്ട്.

മാനവസേവ തന്നെയാണ് മാധവസേവയും. അതുകൊണ്ട് ധാരാളം ദാനധർമാദികൾ ചെയ്യുക. സകാത്ത് കൊടുക്കാത്തവന്റെ നിസ്‌കാരവും നിസ്‌കരിക്കാത്തവന്റെ സകാത്തും അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുകയില്ല എന്ന് കേട്ടിട്ടുണ്ട്. നമ്മൾ തിന്നതും കുടിച്ചതുമൊന്നും എവിടെയും കാണാനുണ്ടാകില്ല. ദാഹിച്ചുവരുന്ന ഒരാൾക്ക് ഒരു ഗ്ലാസ് വെള്ളം കൊടുത്താൽ, ഒരു ചെടിയുടെ ചുവട്ടിൽ അല്പം വെള്ളമൊഴിച്ചാൽ അത് നമ്മുടെ ശേഖരത്തിൽ ബാക്കിയുണ്ടാകും. ഈ ജീവിതം എപ്പോഴാണ് അവസാനിക്കുക എന്ന് പറയാനാവില്ല. സമ്പാദിച്ചു കൂട്ടിയതൊന്നും കൂടെ കൊണ്ടുപോകാനും കഴിയില്ല. ഇന്ത്യൻ ഉറുപ്പിക അവിടെ സ്വീകരിക്കപ്പെടുകയില്ല. പിന്നെയെന്തുവേണം? നമ്മുടെ സമ്പാദ്യങ്ങളെ പുണ്യങ്ങളായി മാറ്റിയെടുക്കണം. ഇത് എപ്പോഴും ഓർമ വേണം. എപ്പോഴാണ് വിസ വരുന്നതെന്ന് പറയാനാകില്ലല്ലൊ.
ഭഗവദ് ഗീതയിൽ ഒരു ശ്ലോകമുണ്ട്:
യാ നിശാ സർവ ഭൂതാനാം
തസ്യാം ജാഗർത്തി സംയമീ
യസ്യാം ജാഗ്രതി ഭൂതാനി
സാ നിശേ പശ്യതോ മുനേ.

സർവ ഭൂതങ്ങൾക്കും യാതൊന്ന് അന്ധകാരമായിരിക്കുന്നുവോ അവിടെ (ആ ബ്രഹ്മത്തിൽ) ജിതേന്ദ്രിയൻ ഉണർന്നിരിക്കുന്നു. സർവ ഭൂതങ്ങളും യാതൊന്നിൽ ഉണർന്നിരിക്കുന്നുവോ അവിടെ (ഭൗതിക ജീവിതത്തിൽ) തത്വദർശിയായ മുനിക്ക് അന്ധകാരമായിരിക്കുന്നു- എന്നാണിതിനർഥം. ഇങ്ങനെ ഭൗതിക സുഖഭോഗങ്ങളിൽ ഉദാസീനരായിരിക്കുകയും ആത്മീയതയിൽ (അല്ലാഹുവിൽ) ഉണർന്നിരിക്കുകയും ചെയ്യുന്ന വിശുദ്ധ ദിനങ്ങളാണ് നോമ്പുകാലം. പരസ്പര സ്‌നേഹത്തിലൂടെയും സഹവർത്തിത്വത്തിലൂടെയും അത് കൂടുതൽ അർഥവത്താക്കാൻ സാധിക്കുമാറ്, റബ്ബുൽ ആലമീനായ തമ്പുരാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

വി വിഷ്ണു നന്പൂതിരി പയ്യന്നൂർ • vishnukoorkara@gmail.com

 

Latest