Connect with us

Religion

പണ്ഡിതന്മാരുടെ റമസാൻ

Published

|

Last Updated

പ്രവാചകന്മാരുടെ അനന്തരാവകാശികളെന്ന് വിശേഷിപ്പിക്കപ്പെടുന്നവരാണ് പണ്ഡിതന്മാർ. മുഹമ്മദ് നബി (സ)ക്ക് ശേഷം ലോകത്ത് ഇസ്‌ലാമിന്റെ പ്രഭ വ്യാപിച്ചതിൽ മഹാരഥന്മാരായ പണ്ഡിത സമൂഹത്തിന് വലിയ പങ്കുണ്ട്. പൂർവികരായ മഹത്തുക്കൾ റമസാനെ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്തിയിരുന്നുവെന്ന് വിശകലനം ചെയ്യുന്നത് പുതുതലമുറയിൽ പെട്ട നമുക്ക് ആത്മീയോന്നതി വർധിപ്പിക്കാൻ സാഹചര്യമൊരുക്കും.

ഖുർആൻ കഴിഞ്ഞാൽ ഏറ്റവും സ്വീകാര്യതയുള്ള ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ രചയിതാവ് ഇമാം ബുഖാരി (റ) റമസാൻ മാസമായാൽ തന്റെ സുഹൃത്തുക്കളെ മുഴുവൻ ഒരുമിച്ചുകൂട്ടി നിസ്്കരിക്കും. ഓരോ റകഅത്തിലും ഇരുപത് ആയത്തുകൾ വീതം ഓതും. അത് ഖുർആൻ ഖത്മ് തീർക്കുന്നതു വരെ തുടരുമായിരുന്നു (അൽ ഫവാഇദു ദ്ദറാറീ/ ഇമാം അജലൂനി). തറാവീഹ് നിസ്‌കാര ശേഷവും ഖുർആൻ പാരായണത്തിൽ മുഴുകുമായിരുന്നു. ഓരോ മൂന്ന് ദിവസം കൂടുമ്പോഴും തറാവീഹിന് ശേഷം ഓതുന്ന ഖത്മ് പൂർത്തിയാക്കും. പുറമെ അത്താഴ സമയത്ത് പതിമൂന്ന് റകഅത് നിസ്‌കരിക്കും. ഇതിൽ മാത്രം ഖുർആനിന്റെ മൂന്നിലൊന്ന് ഓതിത്തീർക്കുമായിരുന്നു (ത്വബഖാതു സുബുകി). ഇത്തരത്തിൽ ഇമാം ശാഫിഈ (റ), ഇമാം നവവി (റ) തുടങ്ങിയവരുടെ ചരിത്രത്തിലും കാണാം. റമസാനല്ലാത്തപ്പോൾ ഒന്നോ രണ്ടോ ഖത്മ് ദിനംപ്രതി ഓതിയിരുന്ന മഹത്തുക്കൾ റമസാനിൽ ഓരോ ദിവസവും ധാരാളം ഖത്മുകൾ തീർത്തിരുന്നു.

റമസാനടുക്കുമ്പോൾ പള്ളിദർസുകൾക്ക് അവധി നൽകുക എന്നത് കേരളത്തിലെ പതിവാണ്. ഇതിന് മുൻകാല മഹത്തുക്കളുടെ പാരമ്പര്യമുണ്ട്. ഇമാം ഇബ്‌നു അബ്ദുൽ ഹകീം (റ) പറയുന്നു. റമസാൻ ആഗതമായാൽ മാലിക് (റ) ഹദീസ് പണ്ഡിത ദർസുകൾ നിർത്തിവെക്കും. തുടർന്ന് ഖുർആൻ പാരായണത്തിൽ മുഴുകും. പാഠ്യപ്രവർത്തനത്തേക്കാൾ ആരാധനകൾ വർധിപ്പിക്കേണ്ട മാസമായതിനാലാണ് പൂർവികർ ഇത്തരത്തിൽ ദർസുകൾക്ക് അവധി നൽകിയിരുന്നതെന്ന് ചുരുക്കം.

കേരളത്തിൽ വ്യാപകമായ വഅളുകളും മുൻകാലക്കാർക്കിടയിലുണ്ടായിരുന്നു. രചനാ രംഗത്ത് വലിയ കഴിവ് തെളിയിച്ച മഹാനായ ഇമാം ഇബ്‌നുൽ ജൗസി (റ) പ്രശസ്ത വാഗ്മിയുമായിരുന്നു. റമസാനിൽ പ്രഭാഷണങ്ങൾ നടത്തിയതായി ചരിത്രം രേഖപ്പെടുത്തുന്നു. പതിനായിരക്കണക്കിന് ജനങ്ങൾക്ക് സത്യമാർഗത്തിലേക്ക് വഴി നടത്താൻ ആ സാരോപദേശ പ്രഭാഷണങ്ങൾക്ക് കഴിഞ്ഞിരുന്നുവെന്ന് പേരമകൻ രേഖപ്പെടുത്തുന്നുണ്ട്. ഇത്തരം വഅളുകളുടെ പരിഷ്‌കരിച്ച രൂപമാണ് കേരളത്തിൽ ഇന്ന് കണ്ടുവരുന്ന നിസ്‌കാരങ്ങൾക്ക് ശേഷമുള്ള കർമശാസ്ത്ര ക്ലാസുകളും ചരിത്ര പഠന വേദികളും. ഇവ പൊതുജനങ്ങൾക്ക് ഇസ്്ലാമിക വിഷയങ്ങളിൽ അറിവുണ്ടാക്കാൻ സാഹചര്യങ്ങളൊരുക്കുന്നു.
റമസാനിലെ ശ്രേഷ്ഠതയുള്ള പ്രവർത്തനമാണ് നോമ്പ് തുറപ്പിക്കൽ. ഇമാം ഹമ്മാദ് ബ്‌നു സലമ (റ) റമസാനിലെ എല്ലാ രാത്രിയിലും അഞ്ഞൂറ് പേർക്ക് നോന്പുതുറ ഒരുക്കിയിരുന്നു. മാത്രമല്ല, പെരുന്നാളിനുള്ള വസ്ത്രവും ഓരോരുത്തർക്കും നൂറ് ദിർഹമും നൽകുമായിരുന്നു. ഈ മാതൃക ഇന്ന് മുസ്്ലിം സമൂഹത്തിനിടയിൽ വ്യാപകമാകുന്നുണ്ട്. എങ്കിലും നോമ്പ് തുറപ്പിക്കലിലെ ധൂർത്ത് ഇല്ലാതാക്കേണ്ടിയിരിക്കുന്നു. എന്നാലേ ദിനതൊഴിൽ വരുമാനക്കാർക്കും ഇത്തരം പൂർവിക മാതൃകകൾ പിൻപറ്റാനാവൂ.

റമസാനിൽ വർധിപ്പിക്കേണ്ട മറ്റൊരു പ്രവർത്തനമാണ് ഇഅ്തികാഫ്. നബി (സ) അരുളി. ആരെങ്കിലും റമസാനിലെ പത്ത് ദിവസം ഇഅ്തികാഫ് ഇരുന്നാൽ അവൻ രണ്ട് ഹജ്ജും ഉംറയും ചെയ്തവനെപ്പോലെയാണ്. നബി തങ്ങളുടെ പ്രവർത്തനങ്ങളിൽ വരെ ഇഅ്തികാഫിനെ മഹത്വവത്കരിച്ചതായി കാണാം. അവിടുന്ന് അവസാന പത്ത് മുഴുവനും ഇഅ്തികാഫിനായി മാറ്റിവെക്കുമായിരുന്നു. പൂർവികരും അതിന് വലിയ പ്രാധാന്യം നൽകിയിരുന്നു. ഇമാം ശംസുദ്ദീൻ മുഹമ്മദ് അശ്ശാഫിഈ (റ), ഇമാം ഇബ്‌നു ഖാളീ ശുഹ്ബാ (റ) തുടങ്ങിയവർ റമസാൻ മുഴുവനും പള്ളിയിൽ ഇഅ്തികാഫിരിക്കുമായിരുന്നു (അൽബിദായ, ശദറാത്തുദ്ദഹബ്).

ഇത്തരത്തിൽ ശ്രേഷ്ഠതയേറിയ റമസാനിൽ കർമങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയ മുൻഗാമികളെ നാം അനുധാവനം ചെയ്യണം.

സയ്യിദ് സൽമാനുൽ ഫാരിസ് കരിപ്പൂർ • sayyidsalman314@gmail.com