Connect with us

National

തിരഞ്ഞെടുപ്പ് പരാജയം: കോണ്‍ഗ്രസ് അധ്യക്ഷന്മാരുടെ രാജി തുടരുന്നു; മൂന്നുപേര്‍ കൂടി പദവിയില്‍ നിന്ന് ഒഴിവായി

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് അധ്യക്ഷന്മാരുടെ രാജി തുടരുന്നു. യഥാക്രമം ഝാര്‍ഖണ്ഡ്, പഞ്ചാബ്, അസം എന്നിവിടങ്ങളിലെ പാര്‍ട്ടി മേധാവികളായ അജോയ് റോയ്, സുനില്‍ ഝാക്കര്‍, രിപുന്‍ ബോറ എന്നിവരാണ് പുതുതായി രാജി നല്‍കിയത്. ഇതോടെ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ശേഷം രാജിവെക്കുന്ന കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്മാരുടെ എണ്ണം ആറായി. യു പി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാര്‍, ഒഡീഷ മേധാവി നിരഞ്ജന്‍ പട്‌നായിക്, മഹാരാഷ്ട്ര തലവന്‍ അശോക് ചവാന്‍ എന്നിവര്‍ നേരത്തെ രാജി നല്‍കിയിരുന്നു.

ഝാര്‍ഖണ്ഡില്‍ പാര്‍ട്ടിയുടെ നിരാശാജനകമായ പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അജോയ് കുമാര്‍ മെയ് 24ന് രാജിക്കത്ത് സമര്‍പ്പിച്ചതായി പാര്‍ട്ടി വക്താവ് അലോക് ദുബെ പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പിലെ പ്രകടനം തീരെ മോശമായിരുന്നില്ലെന്നും ദുബെ വ്യക്തമാക്കി. സിംഗ്ഭുമില്‍ മികച്ച വിജയം നേടിയ പാര്‍ട്ടി കുന്തിയിലും ലോഹര്‍ദര്‍ഗയിലും നേരിയ ഭൂരിപക്ഷത്തിലാണ് പരാജയപ്പെട്ടത്. യഥാക്രമം 1,400, 10,000 വോട്ടുകള്‍ക്കായിരുന്നു ഇരു മണ്ഡലങ്ങളിലെയും പരാജയം.

2014നെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് പാര്‍ട്ടി പഞ്ചാബില്‍ നടത്തിയതെങ്കിലും ഗുര്‍ദാസ്പൂര്‍ മണ്ഡലത്തില്‍ നടന്‍ സണ്ണി ഡിയോള്‍ പരാജയപ്പെട്ടതാണ് സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ഝാക്കറിനെ രാജിക്കു പ്രേരിപ്പിച്ചത്. രാജി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇമെയില്‍ ചെയ്യുകയായിരുന്നു. സംസ്ഥാനത്ത് ആകെയുള്ള 13 മണ്ഡലങ്ങളില്‍ എട്ടെണ്ണം കോണ്‍ഗ്രസിന് നേടാനായിരുന്നു. കഴിഞ്ഞ തവണ പാര്‍ട്ടി മൂന്നിലൊതുങ്ങിയിരുന്നു.

അസമില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിക്ക് കാരണം എന്തായാലും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി തുടരാന്‍ മനസ്സാക്ഷി തന്നെ അനുവദിക്കുന്നില്ലെന്ന് രിപുന്‍ ബോറ രാഹുലിന് അയച്ച രാജിക്കത്തില്‍ പറഞ്ഞു. അസമിലെ 14 ലോക്‌സഭാ സീറ്റില്‍ കലിയബോര്‍, നാഗാവോന്‍സ ബര്‍പെത മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് വിജയം നേടിയത്. ഒമ്പതെണ്ണം ബി ജെ പി നേടിയപ്പോള്‍ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് ഫ്രണ്ട് (എ ഐ യു ഡി എഫ്) ഒരു സീറ്റില്‍ വിജയം നേടി. ഒരു സീറ്റ് സ്വതന്ത്രനാണ്. 2014ലും മൂന്നു സീറ്റാണ് കോണ്‍ഗ്രസിനു നേടാനായത്.

അമേത്തിയില്‍ രാഹുല്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ യോഗേന്ദ്ര മിശ്രയും പദവിയില്‍ നിന്ന് ഒഴിവായിരുന്നു. യു പിയില്‍ സോണിയ ഗാന്ധി മത്സരിച്ച റായ് ബറേലിയില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയം നേടാനായത്.

കര്‍ണാടക കോണ്‍ഗ്രസിന്റെ പ്രചാരണ കമ്മിറ്റി പ്രസിഡന്റ് എച്ച് കെ പാട്ടീലും നേരത്തെ തത്സ്ഥാനത്തു നിന്ന് രാജിവെച്ചിരുന്നു. ജനതാദള്‍ എസുമായി ചേര്‍ന്ന് കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റിലേക്ക് ഒതുക്കപ്പെട്ടിരുന്നു. കഴിഞ്ഞ തവണ പാര്‍ട്ടിക്ക് ഒമ്പതു സീറ്റ് ലഭിച്ചിരുന്നു.