Connect with us

Editorial

കോണ്‍ഗ്രസ് സര്‍ക്കാറുകളുടെ ഭാവി?

Published

|

Last Updated

കേന്ദ്രത്തില്‍ വീണ്ടും ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക സര്‍ക്കാറുകളുടെ ഭാവി തുലാസില്‍. ഈ സംസ്ഥാനങ്ങളിലെ ഭരണം അട്ടിമറിക്കാന്‍ ബി ജെ പി കേന്ദ്ര നേതൃത്വം ശക്തമായ കരുനീക്കങ്ങള്‍ തുടങ്ങിയതായി വാര്‍ത്തയുണ്ട്. മധ്യപ്രദേശിലെ 29 ലോക്‌സഭാ മണ്ഡലങ്ങളില്‍ 28ലും ബി ജെ പിയാണ് വിജയിച്ചത്. മാത്രമല്ല, പാര്‍ട്ടി സ്ഥാനാര്‍ഥികളെല്ലാം വലിയ മാര്‍ജിനിലാണ് വിജയിച്ചതും. മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ് മത്സരിച്ച ചിന്ദ്‌വാര മാത്രമാണ് കോണ്‍ഗ്രസിനൊപ്പം നിന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിക്കുകയും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മോദിയുടെ രണ്ടാമൂഴം പ്രവചിക്കുകയും ചെയ്തതോടെ മധ്യപ്രദേശിലെ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന് ഭൂരിപക്ഷമില്ലെന്നും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നും ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനോട് ബി ജെ പി ആവശ്യപ്പെട്ടിരിക്കുകയാണ്.

തുടര്‍ച്ചയായ 15 വര്‍ഷത്തെ ബി ജെ പി ഭരണം അവസാനിപ്പിച്ചാണ് കഴിഞ്ഞ വര്‍ഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയത്. 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 114 എം എല്‍ എമാരും ബി ജെ പിക്ക് 109 എം എല്‍ എമാരുമാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 116 പേരുടെ പിന്തുണ വേണം. ബി എസ് പിയുടെയും സ്വതന്ത്രരുടെയും സഹായത്തോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. കേന്ദ്രത്തിലെ തകര്‍പ്പന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഭരണപക്ഷത്തു നിന്നുള്ള ഏതാനും എം എല്‍ എമാരെ അടര്‍ത്തിയെടുക്കാന്‍ ബി ജെ പിക്കു നിഷ്പ്രയാസം സാധിക്കും. ബി ജെ പി ജനറല്‍ സെക്രട്ടറിയും മധ്യപ്രദേശ് മുന്‍മന്ത്രിയുമായ കൈലാഷ് വിജയ് വര്‍ഗ്യയാണ് ഇവിടെ അട്ടിമറി ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.

രാജ്യത്ത് ബി ജെ പി അധികാരത്തിലേറിയപ്പോഴെല്ലാം അവര്‍ക്കൊപ്പം നിന്ന ചരിത്രമാണ് മധ്യപ്രദേശിനുള്ളത്. 2014ലും ആകെയുള്ള 29 സീറ്റുകളില്‍ 27ഉം ബി ജെ പിക്കൊപ്പമായിരുന്നു. ബി ജെ പി 16 സീറ്റുകള്‍ നേടിയ 2009ലെ തിരഞ്ഞെടുപ്പില്‍ 12 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഇവിടെ ശക്തമായ മത്സരം കാഴ്ച വെച്ചിരുന്നു.
രാജസ്ഥാനില്‍ അശോക് ഗഹ്‌ലോത് സര്‍ക്കാറിന്റെ കാര്യവും അവതാളത്തിലാണ്. 25 ലോക്‌സഭാ മണ്ഡലങ്ങളില്‍ 25ഉം നേടി തിളക്കമാര്‍ന്ന വിജയമാണ് ബി ജെ പി ഇവിടെ കാഴ്ച വെച്ചത്. 2014ലും മുഴുവന്‍ സീറ്റിലും വിജയിച്ചിരുന്നെങ്കിലും ഇത്തവണ പാര്‍ട്ടിയുടെ വോട്ടിംഗ് ശതമാനത്തില്‍ മൂന്ന് ശതമാനം വര്‍ധനവുണ്ട്. 58.45 ശതമാനമാണ് ബി ജെ പിയുടെ വോട്ടിംഗ് ശതമാനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന പാര്‍ട്ടി ലോക്‌സഭയിലും കൂടുതല്‍ സീറ്റുകള്‍ നേടുന്നതാണ് രാജസ്ഥാനില്‍ 20 വര്‍ഷമായുള്ള രാഷ്ട്രീയ ചിത്രം. മാത്രമല്ല, തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ പലതും കോണ്‍ഗ്രസിന് അനുകൂലവുമായിരുന്നു. എന്നാല്‍ ഇത്തവണ കീഴ്‌വഴക്കങ്ങളും പ്രവചനങ്ങളുമെല്ലാം രാജസ്ഥാന്‍ തിരുത്തിക്കുറിച്ചു. സംസ്ഥാന നിയമസഭയില്‍ കോണ്‍ഗ്രസിന് 100ഉം ബി ജെ പിക്ക് 73ഉം അംഗങ്ങളാണുള്ളത്. ബി എസ് പിക്ക് ആറും ആര്‍ എല്‍ പിക്ക് മൂന്നും അംഗങ്ങളുണ്ട്. 13 പേര്‍ സ്വതന്ത്രരാണ്. ഇവരില്‍ നിന്ന് ഏതാനും പേരെ അടര്‍ത്തിയെടുത്താല്‍ ബി ജെ പിക്ക് അശോക് ഗഹ്‌ലോത് സര്‍ക്കാറിനെ താഴെയിറക്കാനാകും.

കര്‍ണാടകയില്‍ കഴിഞ്ഞ വര്‍ഷം നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബി ജെ പിയാണ് തുടക്കത്തില്‍ അധികാരത്തിലേറിയിരുന്നത്. 224 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് 113 അംഗങ്ങളുടെ പിന്തുണ വേണം. അത് തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ അധികാരത്തിലേറി 55 മണിക്കൂറിനകം യെദിയൂരപ്പക്ക് രാജിവെക്കേണ്ടി വരികയും കുമാരസ്വാമിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്- ജെ ഡി എസ് അധികാരത്തിലേറുകയുമായിരുന്നു. ഭരണപക്ഷത്ത് നിന്ന് എം എല്‍ എമാരെ റാഞ്ചി ഭരണം തിരിച്ചു പിടിക്കാന്‍ അന്നു മുതലേ ബി ജെ പി കരുനീക്കങ്ങള്‍ നടത്തുന്നുണ്ട്. ബി ജെ പിക്ക് ഭരണപക്ഷത്ത് നിന്ന് ഒമ്പത് അംഗങ്ങളെ സ്വാധീനിക്കാനായാല്‍ കോണ്‍ഗ്രസ്, ജെ ഡി എസ് സര്‍ക്കാറിന്റെ ഭൂരിപക്ഷം നഷ്ടമാകും. കഴിഞ്ഞ ജനുവരിയില്‍ ബി ജെ പിയുടെ കുതിരക്കച്ചവടം ഭയന്നു കോണ്‍ഗ്രസ് നേതൃത്വം തങ്ങളുടെ എം എല്‍ എമാരെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്കു മാറ്റിയിരുന്നു. അന്ന് 50 കോടി രൂപ മുതല്‍ 70 കോടി വരെ വാഗ്ദാനം ചെയ്ത് ഭരണപക്ഷ എം എല്‍ എമാരെ ബി ജെ പി നേതാക്കള്‍ സമീപിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ 28 സീറ്റില്‍ 25ഉം നേടി ബി ജെ പി ശക്തി തെളിയിക്കുകയും ഭരണ പക്ഷം രണ്ട് സീറ്റില്‍ ഒതുങ്ങുകയും ചെയ്തതോടെ കോണ്‍ഗ്രസ്, ജെ ഡി എസ് പക്ഷത്ത് നിന്ന് ബി ജെ പിയിലേക്കുള്ള കൂറുമാറ്റത്തിനുള്ള സാധ്യത വര്‍ധിച്ചിട്ടുണ്ട്. ഇത് കണ്ടറിഞ്ഞു സംസ്ഥാന ഭരണം നിലനിര്‍ത്താനുള്ള തത്രപ്പാടിലാണിപ്പോള്‍ ഭരണ സഖ്യം. ഇതിനായി മുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന പുതിയ ഫോര്‍മുല ചര്‍ച്ചയിലാണ്. ദളിത് വോട്ടുകള്‍ ബി ജെ പിയിലേക്ക് ഒഴുകിയതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ മുന്നേറ്റത്തിന് കാരണമെന്ന വിലയിരുത്തലില്‍ ഇതിനെ മറികടക്കാന്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരാളെ മുഖ്യമന്ത്രിയാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഉപ മുഖ്യമന്ത്രി ജി പരമേശ്വരയെ മുഖ്യമന്ത്രിയാക്കുകയും ജെ ഡി എസിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുകയും ചെയ്യുക എന്നതാണ് ഇതിന് കോണ്‍ഗ്രസ് മുന്നോട്ടു വെച്ച നിര്‍ദേശം.

ഇക്കാര്യത്തില്‍ ജെ ഡി എസില്‍ നിന്ന് അനുകൂലമായ പ്രതികരണമുണ്ടാകുമോ എന്നു കണ്ടറിയണം. ഈ ഫോര്‍മുല അംഗീകരിക്കപ്പെട്ടാല്‍ തന്നെ കോണ്‍ഗ്രസിനും ജെ ഡി എസിനും തങ്ങളുടെ എം എല്‍ എമാരെ ബി ജെ പിയുടെ പ്രലോഭനങ്ങളില്‍ വീഴാതെ എത്ര കാലം പിടിച്ചു നിര്‍ത്താനാകും?

Latest