Connect with us

National

മെഡിക്കല്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ ജാതി പറഞ്ഞുള്ള അധിക്ഷേപത്തെ തുടര്‍ന്ന്: മാതാവ്

Published

|

Last Updated

മുംബൈ: മുംബൈയിലെ ബി വൈ എല്‍ നായര്‍ ആശുപത്രിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. മകള്‍ പായല്‍ തദ്‌വിയെ സീനിയര്‍ വിദ്യാര്‍ഥികളായ മൂന്നു പേര്‍ പതിവായി ശല്യം ചെയ്യുന്നതായും അവള്‍ ആത്മഹത്യക്കോ മറ്റോ ശ്രമിച്ചാല്‍ ഉത്തരവാദിത്തം നിങ്ങള്‍ക്കായിരിക്കുമെന്നും പരാതിപ്പെട്ട് സ്ഥാപനത്തിന്റെ ഡീനിന് താന്‍ കത്തയച്ചിരുന്നുവെന്ന് മാതാവ് വെളിപ്പെടുത്തിയതോടെയാണിത്. ജാതി പറഞ്ഞ് ആക്ഷേപിക്കുന്നുവെന്നായിരുന്നു പരാതിയിലെ ആരോപണം. എന്നാല്‍, ഇങ്ങനെയൊരു കത്ത് ലഭിച്ചിട്ടില്ലെന്നാണ് ഡീന്‍ പറയുന്നത്.

പത്തു ദിവസം മുമ്പാണ് രണ്ടാം വര്‍ഷ ഗൈനക്കോളജി വിദ്യാര്‍ഥി പായലിനെ ഹോസ്റ്റല്‍ മുറിയുടെ സീലിംഗില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് സീനിയര്‍ വിദ്യാര്‍ഥികളായ ഡോ. ഹേമ അഹൂജ, ഡോ. ഭക്തി മെഹര്‍, ഡോ. അങ്കിത കന്ദില്‍വാള്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അഗ്രിപാദ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐ പി സി) വിവിധ വകുപ്പുകള്‍, എസ് സി/എസ് ടി അതിക്രമ വിരുദ്ധ നിയമം, റാഗിംഗ് വിരുദ്ധ ആക്ട്, 2000ത്തിലെ ഐ ടി ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

“മെയ് പത്തിന് മകള്‍ എന്നെ വിളിച്ചിരുന്നു. താന്‍ അനുഭവിക്കുന്ന പീഡനത്തെ കുറിച്ച് കരഞ്ഞു കൊണ്ട് അവള്‍ പറഞ്ഞു. അസ്വസ്ഥയായ താന്‍ അതേ രാത്രി തന്നെ ഡീനിന് പരാതിക്കത്തെഴുതി. 13ന് കത്തുമായി ഡീനിനെ കാണാനെത്തിയെങ്കിലും അദ്ദേഹത്തിന്റെ മുറിയിലേക്ക് പ്രവേശനം അനുവദിച്ചില്ല. പകരം ഗൈനക്കോളജി ഡിപ്പാര്‍ട്ടുമെന്റിലെ യി ചിംഗ് ലിംഗിനെ കാണാനായിരുന്നു അധികൃതരുടെ നിര്‍ദേശം. ലിംഗ് ഇംഗ്ലീഷിലായിരുന്നു സംസാരിച്ചത് എന്നതിനാല്‍ ഒന്നും മനസ്സിലായില്ല.”- പായലിന്റെ മാതാവ് പറഞ്ഞു. അര്‍ബുദം ബാധിച്ച് ഇതേ ആശുപത്രിയില്‍ 2018 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ചികിത്സയിലായിരുന്നു ഇവര്‍. ആ സമയത്ത് മകളെ കാണാന്‍ തന്നെ അനുവദിച്ചിരുന്നില്ലെന്നും കാണാന്‍ ശ്രമിച്ചപ്പോഴൊക്കെ അവളെ നിര്‍ബന്ധിച്ച് ജോലിയെടുപ്പിക്കുകയായിരുന്നുവെന്നും മാതാവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന വാക്കാലോ രേഖാമൂലമോ ഉള്ള യാതൊരു വിവരവും തനിക്കു ലഭിച്ചിട്ടില്ലെന്നും കിട്ടിയിരുന്നെങ്കില്‍ ഉടന്‍ തന്നെ സ്ഥാപനത്തിലെ റാഗിംഗ് വിരുദ്ധ കമ്മിറ്റിക്കു കൈമാറുമായിരുന്നുവെന്നും ആശുപത്രി ഡീന്‍ ഡോ. രമേഷ് ബര്‍മല്‍ പറഞ്ഞു. ഗൈനക്കോളജി യൂനിറ്റിലെ വിദ്യാര്‍ഥികളോട് സംസാരിച്ചപ്പോള്‍ ഈ വിഷയങ്ങളൊന്നും അവര്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് പറഞ്ഞത്. ആരോപണ വിധേയരായ മൂന്നു വിദ്യാര്‍ഥികള്‍ക്കെതിരെ ഇതിനു മുമ്പ് പരാതികളൊന്നും ലഭിച്ചിട്ടുമില്ല.

വിശദീകരണം ആവശ്യപ്പെട്ട് മൂന്നു വിദ്യാര്‍ഥികള്‍ക്കും യൂനിറ്റ്, ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Latest