Connect with us

Eranakulam

സ്ഥലമെടുപ്പിൽ അനാസ്ഥ; ജലമെട്രോ പദ്ധതിയും അവതാളത്തിൽ

Published

|

Last Updated

കൊച്ചി: സംസ്ഥാനത്ത് ഏറ്റവുമധികം ആളുകൾക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ ആസൂത്രണം ചെയ്ത ജലമെട്രോ ഉടൻ യാഥാർഥ്യമായേക്കില്ല. ജലഗതാഗത രംഗത്തെ സ്വപ്‌ന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന ജലമെട്രോയുടെ ബോട്ടുജെട്ടി നിർമാണം പ്രതിസന്ധിയിലായതാണ് അടുത്ത ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യാൻ തീരുമാനിച്ചിരുന്ന പദ്ധതിക്ക് തടസ്സമാകുന്നത്.

2019 ഡിസംബറിൽ പൂർത്തിയാകേണ്ട ബോട്ട് ജെട്ടിക്കായുള്ള സ്ഥല ലഭ്യതയിലാണ് കാല താമസം നേരിടുന്നത്. കൊച്ചി കോർപറേഷനധികൃതരുടെ അനാസ്ഥയാണിതിന് കാരണമെന്ന് ആരോപണമുയർന്നിട്ടുണ്ട്. കൊച്ചിയിലെ പത്ത് ദ്വീപുകളെ കോർത്തിണക്കി 76 കിലോമീറ്റർ ദൂരമുള്ള സർവീസാണ് കൊച്ചി ജലമെട്രോ ആദ്യഘട്ടത്തിൽ ആവിഷ്‌കരിച്ചിട്ടുള്ളത്.16 കേന്ദ്രങ്ങളായി 38 ജെട്ടികൾ നിർമിക്കാനാണ് കെ എം ആർ എ ൽ പദ്ധതിയിട്ടത്. പിന്നീടത് 45 ആയി വർധിച്ചു.നഗരത്തിൽ മാത്രമായി 20 ഓളം ജെട്ടികളുണ്ട്.നിലവിൽ വൈറ്റില, ഏലൂർ, കാക്കനാട് ജെട്ടികൾക്കുള്ള നിർമാണ കരാർ മാത്രമാണ് ഇതിനകം നടപടി പുർത്തിയായിരിക്കുന്നത്. മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി , വൈപ്പിൻ, ഹൈക്കോടതി, ബോൾഗാട്ടി ജെട്ടികൾക്കായുള്ള നടപടികൾ സ്ഥലം ലഭ്യമല്ലാത്തതിനാൽ നീണ്ടുപോകുകയാണ്.

കോർപറേഷനധികൃതരാണ് സ്ഥലമെറ്റേടുത്ത് നൽകേണ്ടത്. ഇതിനിയും നടന്നിട്ടില്ല. ഇത് പദ്ധതി സമയബന്ധിതമായി പൂർത്തിയാകാൻ തടസ്സമാകും. നഗരത്തിൽ ഇനിയുള്ള ജെട്ടി നിർമാണങ്ങളെയും സ്ഥലമേറ്റെടുക്കൽ അനാസ്ഥ തിരിച്ചടിയായി മാറും. വിദേശസഹായവുമായി 747 കോടി രൂപയുടേതാണ് ജലമേട്രോ പദ്ധതി. 78 ബോട്ടുകളാണിതിനായി തയ്യാറാകുന്നത്. നിലവിൽ സംസ്ഥാന ജലപാത വകുപ്പ് സംസ്ഥാനമൊട്ടാകെ നടത്തുന്ന സർവീസുകളിൽ ഒരു ദിവസം ഏകദേശം 35,000 യാത്രക്കാരാണ് ജലപാതയെ ആശ്രയിക്കുന്നത് എന്നിരിക്കെ നിർദ്ദിഷ്ട കൊച്ചി ജലമെട്രോ ഒരു ലക്ഷത്തോളം ആളുകൾക്ക് ഉപകാരപ്പെടുമെന്നാണ് കൊച്ചി മെട്രോ നൽകുന്ന കണക്ക്. സാധാരണ റോഡ് ഗതാഗതത്തിന്റെ നാലിൽ ഒരു സമയം കൊണ്ട് ജലമെട്രോയിൽ യാത്രാപൂർത്തീകരിക്കാനാവുമെന്നും അതിനാൽ നിലവിൽ റോഡ് ഗതാഗത്തെ ആശ്രയിക്കുന്നവരെയടക്കം ജലമെട്രോയിലേക്ക് ആകർഷിക്കാൻ കഴിയുമെന്നുമാണ് കൊച്ചിമെട്രോ പറയുന്നത്.

Latest