Connect with us

Organisation

തർത്തീൽ: ഹോളി ഖുർആൻ ഗ്രാന്റ് ഫൈനൽ 29ന് പത്തനംതിട്ടയിൽ

Published

|

Last Updated

പത്തനംതിട്ട: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി റമസാൻ ക്യാന്പയിന്റെ ഭാഗമായി വിവിധ ഘടകങ്ങളിൽ സംഘടിപ്പിച്ച തർത്തീൽ ഹോളി ഖുർആൻ പ്രിമിയോയുടെ ഗ്രാന്റ് ഫൈനൽ 29ന് രാവിലെ ഒമ്പത് മുതൽ പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യൂനിറ്റ്, ഡിവിഷൻ, ജില്ലാ മത്സരങ്ങൾക്ക് ശേഷം സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നും നീലഗിരിയിൽ നിന്നും യോഗ്യത നേടിയവരാണ് തർത്തീൽ ഗ്രാൻഡ് ഫൈനലിൽ പങ്കെടുക്കുന്നത്. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഖുർആൻ പാരായണം, ഖുർആൻ മനഃപാഠം, ഖുർആൻ ക്വിസ് എന്നീ മത്സരങ്ങളാണ് നടക്കുക.

വിവിധ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ ആയിരക്കണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. ഖുർആൻ പാരായണത്തിലും പഠനത്തിലും കൂടുതൽ താത്പര്യമുണ്ടാക്കാനും അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ഖുർആൻ പഠന പ്രവർത്തനങ്ങളുമായി കേരളത്തെ ബന്ധിപ്പിക്കാനുമാണ് എസ് എസ് എഫ് സംസ്ഥാന വ്യാപകമായി തർത്തീൽ സംഘടിപ്പിച്ചത്.
സംസ്ഥാന തലത്തിലെ ജേതാക്കൾക്ക് സ്വർണമെഡൽ സമ്മാനമായി ലഭിക്കും.

സി പി ഉബൈദുല്ല സഖാഫിയുടെ അധ്യക്ഷതയിൽ രാവിലെ ഒന്പതിന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി ഉദ്ഘാടനം ചെയ്യും. ശരീഫ് നിസാമി മഞ്ചേരി ഖുർആൻ പ്രഭാഷണം നടത്തും. സമസ്ത കേന്ദ്രമുശാവറ അംഗം ത്വാഹ മുസ്‌ലിയാർ, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീൻ ഹാജി സംബന്ധിക്കും. വൈകീട്ട് നാലിന് അവാർഡ് ദാന സംഗമം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും. രാജു എബ്രഹാം എം എൽ എ അവാർഡ് ദാനം നിർവഹിക്കും.

ഇഫ്ത്താർ സംഗമത്തോടെ തർത്തീൽ ഹോളി ഖുർആൻ പ്രോഗ്രാം സമാപിക്കും. വാർത്താ സമ്മേളനത്തിൽ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എ പി മുഹമ്മദ് അഷ്ഹർ, കേരള മുസ്‌ലിം ജമാഅത്ത് പത്തനംതിട്ട ജില്ലാ പ്രസിഡന്റ്അഷ്‌റഫ് അലങ്കാർ, എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി അനസ് പൂവാലംപറമ്പ്, ജില്ലാ ഫിനാൻസ് സെക്രട്ടറി സുധീർ എ, മഅ്‌റൂഫ് മദനി സംബന്ധിച്ചു.

Latest