Connect with us

Ongoing News

വൈജ്ഞാനിക കേന്ദ്രമായി തിരൂരങ്ങാടി വലിയ പള്ളി

Published

|

Last Updated

തിരൂരങ്ങാടി വലിയ പള്ളി

തിരൂരങ്ങാടി: ഇന്ത്യന്‍ ചരിത്ര താളുകളില്‍ തേജസ്സാര്‍ന്ന പാരമ്പര്യവും മതവൈജ്ഞാനിക സംസ്‌കൃതിയുടെ വിളനിലവുമായി ശോഭിച്ചു നില്‍ക്കുന്ന തിരൂരങ്ങാടി വലിയ പള്ളി. കടലുണ്ടി പുഴയുടെ ജലസമൃദ്ധിയില്‍ ഹരിതാഭമായ ഗ്രാമത്തില്‍ എല്ലാ അര്‍ഥത്തിലും പാരമ്പര്യവും ഗാംഭീര്യവും വിടാതെ തല ഉയര്‍ത്തി നില്‍ക്കുന്ന മിനാരങ്ങളും മദീന ഖുബ്ബക്ക് സമാനമായ പച്ച ഖുബ്ബയും.

പൗരാണിക കാലം തൊട്ടു തന്നെ ഇസ്‌ലാമിക സന്ദേശങ്ങള്‍ക്ക് അതുല്യമായ ഇടം നല്‍കിയ പ്രദേശമാണ് തിരൂരങ്ങാടി. അറേബ്യയില്‍ നിന്ന് കേരളത്തിലെത്തിയ മാലിക്ബ്‌നു ഹബീബിന്റെയും സഹയാത്രികരുടേയും ശ്രമഫലമായി പള്ളികള്‍ക്കൊപ്പം നഗരങ്ങളും കോളനികളും ഉയര്‍ന്നു വന്നു. അറബികളുടെ സഹിഷ്ണുതാപരമായ പെരുമാറ്റമായിരുന്നു നഗരങ്ങളിലെ കച്ചവടങ്ങള്‍ അഭിവൃദ്ധിപ്പെട്ടതിന് കാരണം. അക്കാലത്ത് മലബാറില്‍ ആദ്യം ഉയര്‍ന്ന ആദ്യ പട്ടണങ്ങളില്‍ തിരൂരങ്ങാടിയും ഉണ്ടായിരുന്നു.

മാലിക്ബ്‌നു ദീനാറിന്റെയും സംഘത്തിന്റേയും ശ്രമഫലമായി നിര്‍മിച്ച ആദ്യഘട്ട പള്ളികളുടെ നിര്‍മാണം പൂര്‍ത്തിയായ ശേഷം പ്രബോധന പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന് രണ്ടാം ഘട്ടമായി വിവിധ ഭാഗങ്ങളില്‍ പള്ളികള്‍ നിര്‍മിച്ച കൂട്ടത്തിലാണ് തിരൂരങ്ങാടി വലിയപള്ളി നിര്‍മിക്കപ്പെട്ടത്. ഹിജ്‌റ 83 ലെങ്കിലും ഈ പള്ളി സ്ഥാപിക്കപ്പെട്ടിട്ടുണ്ടാകണമെന്നാണ് ചരിത്ര പണ്ഡിതന്‍മാര്‍ പറയുന്നത്. എ ഡി 1300 ന് ശേഷം തെക്കേ ഇന്ത്യയിലുടെ ലോകസഞ്ചാരത്തിനിറങ്ങി പുറപ്പെട്ട ഇബ്‌നു ബത്തൂത്ത തിരൂരങ്ങാടി വലിയപള്ളിയുടെ ചരിത്രം പരാമര്‍ശിച്ചിട്ടുണ്ട്. അദ്ദേഹം കേരളത്തിലൂടെയുള്ള സന്ദര്‍ശന വേളയില്‍ മണ്ണാര്‍ക്കാട് നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയില്‍ തിരൂരങ്ങാടിയില്‍ എത്തി തിരൂരങ്ങാടിയിലെ മത പൈതൃകത്തെക്കുറിച്ച് അദ്ദേഹം രേഖപ്പെടുത്തി.
ഓല കെട്ടി ചെമ്പന്‍ നിറത്തിലുള്ള പുല്ലുമേഞ്ഞ ഉയര്‍ന്ന് നില്‍ക്കുന്ന ഒരു കൊച്ചു മാളികയുള്ള കെട്ടിടമായിരുന്നു വലിയ പള്ളി അംഗശുദ്ധി വരുത്തി പള്ളിയില്‍ കയറി അവിടെ നടന്നിരുന്ന പ്രശസ്തമായ ദര്‍സില്‍ ഇരുന്നു അനേകം മുതഅല്ലിംകളെ കണ്ട് സംതൃപ്തനായി അതു കൊണ്ടാവാം തിരൂരങ്ങാടിക്കാരും പരിസരവാസികളും മതപരമായും സാംസ്‌കാരികമായും ഉയര്‍ന്നിട്ടുള്ളതെന്നും അദ്ദേഹം വിലയിരുത്തി. 13 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപിതമായ വലിയ പള്ളിയുടെ മധ്യകാലഘട്ടത്തിലാണ് ആ ലോക സഞ്ചാരി ഇവിടെ സന്ദര്‍ശിച്ചത്. പിന്നീടാണ് ഈ പള്ളി ഓട് മേഞ്ഞ് തട്ടുകളുള്ള പള്ളിയാക്കിയതെന്ന് പ്രമുഖ ചരിത്രകാരനായ നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലിയാര്‍ പറയുന്നു,
വലിയ പള്ളിയുമായി ബന്ധപ്പെട്ട് നിരവധി ചരിത്ര സംഭവങ്ങള്‍ ഉണ്ട്. എ ഡി 1745 ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനി പട്ടാളം പള്ളി അക്രമിക്കാനെത്തുകയും ശക്തമായ പോരാട്ടം നടക്കുകയും പിടിച്ചു നില്‍ക്കാനാവാതെ അവസാനം ശത്രുക്കള്‍ അര്‍ധ രാത്രിയില്‍ തന്നെ പിന്തിരിഞ്ഞോടുകയും ചെയ്തു. ഈ സമരത്തില്‍ രക്തസാക്ഷികളായ ഇരുനൂറില്‍ പരം മുസ്‌ലിംകളുടെ ഖബര്‍ പള്ളിക്ക് സമീപമാണ്.

ഈ പോരാട്ടത്തെക്കുറിച്ച് രചിച്ച മാപ്പിളപ്പാട്ട് ഇംഗ്ലീഷുകാര്‍ കണ്ടെടുത്ത് നശിപ്പിക്കുകയായിരുന്നു. പൊന്നാനി സൈനുദ്ദീന്‍ മഖ്ദൂം സഗീറിന്റെ മകളുടെ മകനും ഓടക്കല്‍ കുടുംബത്തിന്റെ പിതാവും തിരൂരങ്ങാടിയിലെ പ്രഥമ ഖാസിയുമായ അലി ഹസന്‍ തങ്ങളും ഖുതുബുസ്സമാന്‍ മമ്പുറം തങ്ങളും തൊട്ട് ഒട്ടനവധി മഹത് വ്യക്തികളുടെ പ്രവര്‍ത്തന കേന്ദ്രവും ഈ പള്ളിയായിരുന്നു. ഒട്ടനവധി മഹാന്‍മാരും സാദാത്തുക്കളം ഈ പള്ളിക്ക് പരിസരത്തായി അന്ത്യവിശ്രമം കൊള്ളുന്നുണ്ട്.പള്ളിയുടെ മുന്നിലുള്ള മഖാമില്‍ മര്‍ഹൂം അലി ഹസന്‍ മഖ്ദൂം, ഖാസി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയ മഹാന്‍മാര്‍ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു.

പള്ളിയുടെ പടിഞ്ഞാറ് വശത്തുള്ള ഹിബ്ശി മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്നത് പ്രമുഖരായ സയ്യിദന്‍മാരാണ്. കൂടാതെ കാലപ്പഴക്കമോ പേരുവിവരങ്ങളോ രേഖപ്പെടുത്തപ്പെടാത്ത നിരവധി മഹാന്മാര്‍ ഈ ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരിയാണ് ഇപ്പോള്‍ വലിയ പള്ളിയിലേയും പരിസര മഹല്ലുകളിലേയും ഖാസി. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രസിഡന്റും എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി സെക്രട്ടറിയുമായ കമ്മിറ്റിയാണ് പള്ളിയുടെ പരിപാലനം നടത്തി വരുന്നത്.