Connect with us

Malappuram

ഒമ്പത്‌ നൂറ്റാണ്ടിന്റെ പഴക്കവുമായി മൂന്നാക്കല്‍ പള്ളി

Published

|

Last Updated

മൂന്നാക്കല്‍ പള്ളി

വളാഞ്ചേരി: ഏകദേശം 900 വര്‍ഷം പഴക്കമുണ്ടത്രെ മൂന്നാക്കല്‍ പള്ളിക്ക്. അക്കാലത്ത് മലബാര്‍ മേഖലയില്‍ പ്രധാന ഖബര്‍ സ്ഥാനിയായിരുന്നു മൂന്നാക്കല്‍. ദൂരെ ദിക്കിൽ നിന്ന് പോലും മറവ് ചെയ്യാന്‍ മൂന്നാക്കല്‍ ഖബര്‍സ്ഥാനിലേക്കാണ് കൊണ്ടുവന്നിരുന്നത്. അതുകൊണ്ട് തന്നെ മൂന്നാക്കല്‍ ഖബര്‍സ്ഥാനില്‍ പല മഹാന്മാരും അന്ത്യ വിശ്രമം കൊള്ളുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. ഇരുപതോളം ഏക്കറില്‍ പരന്ന് കിടക്കുന്നതാണ് മൂന്നാക്കൽ പള്ളിയും ഖബർസ്ഥാനും. ഇപ്പോള്‍ വഖ്ഫ് ബോര്‍ഡിന് കീഴിലാണ് മുന്നാക്കല്‍ പള്ളിയുടെ പ്രവര്‍ത്തനം നടക്കുന്നത്.

മൂന്നാക്കല്‍ പള്ളിയിലെ അരിവിതരണം മത സൗഹാര്‍ദം വിളിച്ചോതുന്ന ഒന്നാണ്. വിശ്വാസികള്‍ നേര്‍ച്ചയാക്കുന്ന അരിയാണ് ഇവിടെ വിതരണം ചെയ്യുന്നത്. ഓരോ ആഴ്ച്ചയിലും 2000 അരിച്ചാക്കുകള്‍ ഇവിടെ നേര്‍ച്ചയായി എത്തുന്നു. പ്രദേശത്തെ 25 പഞ്ചായത്തുകളിൽ നിന്നായി 250 മഹല്ല് കമ്മിറ്റികള്‍ മുഖേന നിര്‍ധനരായ 17000 കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ട്. കാര്‍ഡുമായി എത്തുന്നവര്‍ക്കാണ് അരി ലഭിക്കുക.

റമസാന്‍ മാസത്തില്‍ എല്ലാ ഞായറാഴ്ചയും മറ്റു മാസങ്ങളില്‍ ഒന്നിടവിട്ട ഞായറാഴ്ചയുമാണ് അരി വിതരണം നടക്കുന്നത്.
ഞായറാഴ്ച രാവിലെ തന്നെ അരി വാങ്ങാനെത്തിയവരുടെ നീണ്ട നിര കാണാം .അരി വിതരണത്തിന് നൂറിലധികം വളണ്ടിയര്‍മാര്‍ ഇവിടെ സജ്ജമാണ്. ഒരുകാര്‍ഡിന് പത്ത് കിലോ അരി നല്‍കി വരുന്നുണ്ട്.

Latest