താനിപ്പോള്‍ കരുത്ത് കുറഞ്ഞ മുഖ്യമന്ത്രി;രാജി സന്നദ്ധതയുമായി മമതയും

Posted on: May 25, 2019 9:56 pm | Last updated: May 26, 2019 at 11:48 am

കൊല്‍കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാന്‍ തയ്യാറാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.ബംഗാളിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയായി തുടരാന്‍ താതപര്യമില്ല. എന്നാല്‍ താന്‍ മുഖ്യമന്ത്രിയായി തുടരണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നതെന്നും വാര്‍ത്ത സമ്മേളനത്തില്‍ മമത പറഞ്ഞു.

പദവിയും അധികാരവും ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ആറ് മാസം എനിക്ക് പ്രവര്‍ത്തിക്കാനാകില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. കരുത്ത് കുറഞ്ഞ മുഖ്യമന്ത്രിയാണ് ഞാന്‍ അത് അംഗീകരിക്കാനാകില്ല. പക്ഷെ പാര്‍ട്ടി തന്റെ ആവശ്യം നിരാകരിക്കുകയായിരുന്നുവെന്നും മമത പറഞ്ഞു.പണവും അധികാരവും ദുരുപയോഗം ചെയ്താണ് ഇത്തവണ ബിജെപി തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഇതിനുള്ള വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ട്. തെരഞ്ഞെടുപ്പിനിടയില്‍ പോലും രാജ്യത്തുടനീളം വലിയ തോതില്‍ പണം ഒഴുകി. പലരുടെയും ബേങ്കില്‍ അനധികൃതമായി പണം എത്തി. തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും മമത മുന്നറിയിപ്പ് നല്‍കി.വര്‍ഗീയതയിലൂന്നിയ പ്രചാരണത്തിനായി ഇലക്ഷന്‍ കമ്മീഷനെ പോലും ബിജെപി നിയന്ത്രിച്ചുവെന്നും മമത കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പില്‍ കോണഗ്രസിനേറ്റ വലിയ തിരിച്ചടിക്ക് പിറകെ ദേശീയ അധ്യക്ഷ പദവിയൊഴിയാന്‍ രാഹുല്‍ ഗാന്ധിയും സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി നേൃത്വം രാഹുലിനെ വിലക്കുകയായിരുന്നു.