മലപ്പുറത്തെ ഓണ്‍ലൈന്‍ തട്ടിപ്പ്: കാമറൂണ്‍ സ്വദേശി പിടിയില്‍

Posted on: May 25, 2019 5:26 pm | Last updated: May 25, 2019 at 5:26 pm

മലപ്പുറം: ഹെടെക് ഓണ്‍ലൈന്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസുകളില്‍ ഒരു കാമറൂണ്‍ സ്വദേശിയെക്കൂടി മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശിയായ ങ്കോ മിലാന്റെ ണ്ടാങ്കോ (26) ആണ് ഹൈദരാബാദില്‍ അറസ്റ്റിലായത്.

മെഡിക്കല്‍ വീസയില്‍ ഇന്ത്യയിലെത്തിയാണ് ഇയാള്‍ തട്ടിപ്പുസംഘത്തിന്റെ ഭാഗമായത്.രണ്ട് ഓണ്‍ലൈന്‍ തട്ടിപ്പുകേസുകളിലായി കാമറൂണ്‍, നൈജീരിയ സ്വദേശികളടക്കം 12 പേരെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ വെബ്‌സൈറ്റ് വഴിയും ഒടിപി, എടിഎം കാര്‍ഡ് വിവരങ്ങള്‍ എന്നിവ ചോര്‍ത്തിയുമാണ് തട്ടിപ്പ്. വിവിധ സംസ്ഥാനങ്ങളിലുള്ളവരും വിദേശികളുമുള്‍പ്പെടെയുള്ള ഒട്ടേറെപ്പേര്‍ തട്ടിപ്പിനിരയായിട്ടുണ്ട്.