Connect with us

Kerala

മത്സരിച്ചിടങ്ങളിൽ വോട്ടില്ല; ബി ഡി ജെ എസിന്റെ ഭാവി തുലാസിൽ

Published

|

Last Updated

കൊച്ചി: സി പി എമ്മിന്റെ അടിത്തറയെന്ന് കരുതിവന്ന ഒരു വിഭാഗത്തെ ആകർഷിക്കാനായി കൂടെക്കൂട്ടിയ ബി ഡി ജെ എസിന്റെ പ്രകടനം രാഷ്‍ട്രീയമായി ഗുണം ചെയ്തില്ലെന്ന ബി ജെ പിയുടെ വിലയിരുത്തൽ ബി ഡി ജെ എസിന്റെ ഭാവി തുലാസിലാക്കും. കേരള രാഷ്‍ട്രീയത്തിൽ മുന്നേറ്റമുണ്ടാക്കുന്നതിന് ബി ജെ പി ദേശീയ തലത്തിൽ ആലോചിച്ചുറപ്പിച്ച് സഖ്യ കക്ഷിയാക്കിയ ബി ഡി ജെ എസിനെക്കൊണ്ട് കാര്യമായ ഗുണമുണ്ടാകുന്നില്ലെന്ന കണക്കുകൂട്ടൽ ബി ജെ പിക്കുള്ളിൽ വീണ്ടും ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിലും ബി ഡി ജെ എസ് മത്സരിച്ചിടത്തുപോലും ഗണ്യമായ വോട്ട് വർധന ഉണ്ടാക്കാൻ കഴിയാത്തതാണ് ബി ജെ പിയെ വീണ്ടും ഇരുത്തി ചിന്തിപ്പിക്കുന്നത്. ബി ഡി ജെ എസിന്റെ സ്വാധീനവലയത്തിൽപ്പെടുന്ന പരമ്പരാഗത വോട്ടുകൾ സി പി എമ്മിന് ലഭിച്ചില്ലെങ്കിൽ അത് യു ഡി എഫ് പക്ഷത്തേക്കാണ് മാറി മറിയുകയെന്ന് വീണ്ടും തെളിഞ്ഞതായി തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നതായി ചർച്ചയുയർന്നിട്ടുണ്ട്.
കൂടാതെ, ആലപ്പുഴയിലെ എൽ ഡി എഫ് സ്ഥാനാർഥി എ എം ആരിഫിനെ വിജയിപ്പിച്ചത് ഈഴവവോട്ടാണെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്ഥാവനയും ബി ജെ പി വിലക്കെടുക്കുന്നുണ്ട്. സംസ്ഥാനത്ത് ബി ഡി ജെ എസ് മത്സരിച്ച മണ്ഡലങ്ങളിലൊന്നും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെന്ന് ഇവർ വിലയിരുത്തുന്നു.

വയനാട്ടിൽ രണ്ടാമനായി എത്തുമെന്ന് പ്രഖ്യാപിച്ച തുഷാർ വെള്ളാപ്പള്ളിക്ക് കെട്ടിെവച്ച കാശ് പോലും വയനാട്ടിൽ നിന്ന് ലഭിക്കില്ല. 2014ൽ ബി ജെ പി സ്ഥാനാർഥി നേടിയ വോട്ടുകൾ പോലും നേടാൻ തുഷാറിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞതവണ ബി ജെ പിക്ക് 80,752 വോട്ട് ലഭിച്ചിരുന്നു. എന്നാൽ, ഇത്തവണ 78,816 വോട്ടുകൾ മാത്രം നേടാനേ തുഷാറിന് കഴിഞ്ഞുള്ളൂ. ഇടുക്കിയിലെ ബി ഡി ജെ എസ് സ്ഥാനാർഥിയായ ബിജുകൃഷ്ണൻ വാങ്ങിയ വോട്ടിനടുത്താണ് തുഷാർ വാങ്ങിയത്. വെറും 168 വോട്ടുമാത്രമേ ബിജുകൃഷ്‌നേക്കാൾ കൂടുതലായി തുഷാറിനുള്ളൂ.

സംസ്ഥാനത്ത് എൻ ഡി എയിൽ പതിനെട്ടാമനായി തുഷാർ മാറിയെന്നതും വലിയ തിരിച്ചടിയായായാണ് വിലയിരുത്തപ്പെടുന്നത്. എൻ ഡി എയുടെ മറ്റൊരു ഘടക കക്ഷിയായ കേരള കോൺഗ്രസിന്റെ പി സി തോമസ് കോട്ടയത്ത് 1,55,135 വോട്ട് നേടിയിട്ടും ബി ഡി ജെ എസിന് നേട്ടമുണ്ടാക്കാനാവാത്തത് നാണക്കേടായെന്നും വിമർശമുണ്ട്. ബി ഡി ജെ എസിന്റെ സംസ്ഥാനത്തെ നേതാക്കളെല്ലാം വയനാട്ടിലെത്തി പ്രചാരണം നടത്തിയിട്ടും വയനാട്ടിൽ ഈഴവവോട്ടുകൾ പോലും കേന്ദ്രീകരിക്കാനായില്ലെന്ന് ആർ എസ് എസും വിലയിരുത്തിയിരുന്നു. ബി ഡി ജെ എസ് മത്സരിച്ച ഇടുക്കിയിൽ ബിജു കൃഷ്ണൻ 78,648 വോട്ടും ആലത്തൂരിൽ ടിവി ബാബു 89,837 വോട്ടുമാണ് നേടിയത്. മാവേലിക്കരയിൽ മത്സരിച്ച തഴവാ സഹദേവന് മാത്രമാണ് ഒരു ലക്ഷം കടക്കാനായത്(1,33,546).

ശബരിമല വിവാദത്തിൽ സർക്കാർ നിലപാടുകൾക്കൊപ്പം നിന്ന എസ് എൻ ഡി പി സംഘപരിവാർ നിലപാടുകളെ തുറന്നു വിമർശിച്ചിരുന്നു. അപ്പോഴും എസ് എൻ ഡി പി യിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ ബി ഡി ജെ എസിനൊപ്പം നിൽക്കുമെന്നായിരുന്നു ബി ജെ പി കരുതിയിരുന്നത്. നേരത്തെ ചെങ്ങന്നൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ ഡി എക്കൊപ്പംനിന്ന് ബി ഡി ജെ എസ് ഇടതുമുന്നണിയെ സഹായിക്കുകയായിരുന്നെന്ന ആർ എസ് എസ് ആക്ഷേപം പോലും ബി ജെ പി കാര്യമായി കണക്കിലെടുത്തിരുന്നില്ല. പക്ഷെ, ഇപ്പോൾ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ ബി ഡി ജെ എസിന്റെ കരുത്തിൽ സംശയം പ്രകടിപ്പിക്കുകയാണ് സംഘപരിവാറിലെ ഒരു വിഭാഗം. ഇത് ഭാവിയിൽ ബി ഡി ജെ എസിനെ സമ്മർദത്തിലാക്കിയേക്കും.അതേ സമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ഡി ജെ എസ് മത്സരിച്ച ചില മണ്ഡലങ്ങളിൽ ബി ജെ പി വലിയ തോതിൽ വോട്ട് കച്ചവടം നടത്തിയിരുന്നതായി ആരോപണമുണ്ടായിരുന്നു. ഇത്തവണയും ഇത്തരം ആരോപണങ്ങൾ വോട്ടുകുറവിന് കാരണമായി ബി ഡി ജെ എസ് ഉന്നയിച്ചേക്കും.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest