Connect with us

Editors Pick

അക്കൗണ്ട് തുറന്നില്ല; ബി ജെ പിയിൽ പൊട്ടിത്തെറി

Published

|

Last Updated

തിരുവനന്തപുരം: സംഘ്പരിവാറിന്റെ സംഘടനാ സംവിധാനം മുഴുവൻ ഉപയോഗിച്ചിട്ടും അക്കൗണ്ട് തുറക്കാനാകാതെ ഒരിക്കൽ കൂടി കീഴടങ്ങിയതോടെ ബി ജെ പി കേരള ഘടകത്തിൽ പൊട്ടിത്തെറി. ശബരിമല സ്ത്രീ പ്രവേശമെന്ന ബി ജെ പിക്ക് ഏറ്റവും അനുകൂലമായ വർഗീയ അവസരമുണ്ടായിട്ടും അക്കൗണ്ട് തുറക്കാനാകാത്തതാണ് ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരേ പടയൊരുക്കത്തിന് ആക്കം കൂട്ടിയിരിക്കുന്നത്. അടുത്തയാഴ്ച ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ പരസ്പരം പഴിചാരലും പൊട്ടിത്തെറിയും പ്രകടമാകും. അതേസമയം, ലോക്‌സഭാതിരഞ്ഞെടുപ്പിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ വോട്ട് വിഹിതം കാര്യമായി വർധിപ്പിക്കാനും കഴിഞ്ഞിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ 15.01 ശതമാനം വോട്ട് നേടിയ ബി ജെ പിക്ക് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വർധിപ്പിക്കാനായത് ഒരു ശതമാനത്തിൽ താഴെയാണ്.
അനുകൂല സാഹചര്യങ്ങളേറെയുണ്ടായിട്ടും മുതലെടുക്കാനാകാതെ പോയതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമാണെന്ന മുരളീധരപക്ഷ നിലപാട്, ബി ജെ പിയിൽ ശ്രീധരൻപിള്ള പക്ഷത്തിനെതിരായ പുതിയ പടപ്പുറപ്പാടിനുള്ള തുടക്കമാണ്. ശബരിമല സമരങ്ങളിലടക്കം സംസ്ഥാന അധ്യക്ഷന്റെ നിരന്തരമായ നിലപാട് മാറ്റങ്ങൾ പാർട്ടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്‌തെന്നാണ് മുരളീപക്ഷത്തിന്റെ പ്രധാന വിമർശം.

ഈ സാഹചര്യത്തിൽ ആർ എസ് എസിന് അനഭിമതനായ സംസ്ഥാന അധ്യക്ഷനെതിരെ ആർ എസ് എസിന്റെ ആശീർവാദത്തോടെ എതിരിടാനാണ് മുരളീധര പക്ഷം കരുക്കൾ നീക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ആർ എസ് എസും മുരളീപക്ഷത്തിനൊപ്പമുണ്ടാകുമെന്ന് തിരിച്ചറിയുന്ന ശ്രീധരൻ പിള്ള ആർ എസ് എസിനെതിരായി നീക്കമാരംഭിച്ചിട്ടുണ്ട്. ആർ എസ് എസിന്റെ അമിത ഇടപെടലിൽ അതൃപ്തിയുള്ള പി കെ കൃഷ്ണദാസിന്റെ സഹകരണത്തോടെയാണ് ആർ എസ് എസിനെതിരായ നീക്കം. തിരുവനന്തപുരത്തേയും പത്തനംതിട്ടയിലേയും തോൽവിയാണ് ആർ എസ് എസിനെതിരായ പിള്ളയുടെ പ്രധാന ആയുധം. കുമ്മനത്തെയും സുരേന്ദ്രനെയും ഇറക്കാനുള്ള ആർ എസ് എസ് കടുംപിടുത്തം തോൽവിയുടെ കാരണങ്ങളായി പിള്ള ദേശീയ നേതൃത്വത്തിന് മുന്നിൽ നിരത്തും. തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ താൻ മത്സരിച്ചിരുന്നെങ്കിൽ ന്യൂനപക്ഷ വോട്ടുകൾ കൂടി താമരയിൽ വീഴുമായിരുന്നുവെന്നാണ് പിള്ളയുടെ വാദം.

അതേസമയം, കേരളത്തിൽ അക്കൗണ്ട് തുറക്കാനാകാത്തതിൽ കേന്ദ്ര നേതൃത്വത്തിനും കടുത്ത അമർഷമുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി അമിത്ഷായുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതാണ് കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. എന്നാൽ ശബരിമലയുടെ നേട്ടം യു ഡി എഫ് കൊണ്ടുപോയെന്ന സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ കേന്ദ്ര നേതൃത്വം അംഗീകരിക്കാനിടയില്ല. കേരളത്തിൽ അക്കൗണ്ട് തുറക്കാൻ കുമ്മനം രാജശേഖരനെന്ന തീവ്രഹിന്ദു നേതാവിനെ മിസോറാമിൻ നിന്ന് ഗവർണർ സ്ഥാനം രാജിവെപ്പിച്ചാണ് ഗോദയിലിറക്കിയത്. എന്നാൽ മൂന്നാം അങ്കത്തിന് കച്ചകെട്ടിയ ശശി തരൂരിന് മുന്നിൽ ഒരു ലക്ഷത്തിലധികം വോട്ടിനാണ് കുമ്മനം കീഴടങ്ങിയത്.

തിരഞ്ഞെടുപ്പിന് മുമ്പ് വ്യക്തമായ പദ്ധതികളോടെ തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിൽ സംഘ്പരിവാർ സംഘടനകളുടെ മുഴുവൻ സന്നാഹവും ഉപയോഗിച്ച് ബൂത്ത് തലത്തിൽ നിന്ന് പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ കാറ്റഗറികളായി മണ്ഡലങ്ങളെ വേർതിരിച്ച് കർമപദ്ധതി ആവിഷ്‌കരിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കൈവരിച്ച മുന്നേറ്റം നിലനിർത്താനായില്ല. കഴിഞ്ഞ വർഷം കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം മണ്ഡലങ്ങളിൽ ഒന്നാമതെത്തിയ ബി ജെ പിക്ക് ഇത്തവണ നേമത്ത് മാത്രമാണ് ലീഡ് പിടിക്കാനായത്. വിജയമുറപ്പിച്ച് പ്രചാരണം നടത്തിയ പത്തനംതിട്ടയിൽ ബി ജെ പിക്ക് രണ്ടാം സ്ഥാനത്തെത്താൻ പോലും കഴിഞ്ഞില്ല.

Latest