Connect with us

National

ഇത് ചരിത്രം, ജയിച്ച് കയറിയത് 76 വനിതകൾ

Published

|

Last Updated

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ വിജയിച്ച് കയറിയത് 76 വനിതകൾ. ചരിത്രത്തിലാദ്യമായാണ് ഇത്രയും വനിതകൾ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 17ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 542 സീറ്റുകളിൽ 14 ശതമാനം സീറ്റുകളാണ് വനിതകൾ നേടിയിരിക്കുന്നത്.

കഴിഞ്ഞ തവണ 66 വനിതകളാണ് ലോക്‌സഭയിലെത്തിയത്. ബി ജെ പി വൻ വിജയം നേടിയ ഉത്തർ പ്രദേശിൽ നിന്നും മമത ആധിപത്യം പുലർത്തുന്ന പശ്ചിമ ബംഗാളിൽ നിന്നും 11 വീതം വനിതകൾ വിജയിച്ചു. ഏറ്റവും കൂടുതൽ വനിതാ എം പിമാർ ബി ജെ പിയിൽ നിന്നാണ്.

ബി ജെ പി മത്സരിപ്പിച്ച 47 സ്ത്രീകളിൽ മധ്യപ്രദേശിലെ ഭോപാലിൽ നിന്നുള്ള പ്രഗ്യാ സിംഗ് ഠാക്കൂറടക്കം 34 പേരും ജയിച്ചുകയറി.

അതേസമയം, ഇത്തവണ 41 ശതമാനം വനിതാ സ്ഥാനാർഥികളെയാണ് മമത ബാനർജി പോരാട്ടത്തിനിറക്കിയത്. 17 സ്ത്രീകളിൽ 11 പേരും വിജയിച്ചു. തൃണമൂൽ കോൺഗ്രസ് ആകെ 22 സീറ്റുകളാണ് ഇത്തവണ നേടിയത്. ഇതിന് പുറമെ ഒഡിഷയിൽ നവീൻ പട്‌നായികിന്റെ ബിജു ജനതാദൾ മത്സരിപ്പിച്ച സ്ത്രീകളിൽ ആറ് പേരാണ് ലോക്‌സഭയിലേക്ക് യോഗ്യത നേടിയത്.
സോണിയാ ഗാന്ധി, മനേക ഗാന്ധി, സ്മൃതി ഇറാനി, ഹേമമാലിനി, കനിമൊഴി എന്നിവരാണ് വിജയിച്ച വനിതകളിൽ പ്രമുഖർ. ആന്ധ്രാ പ്രദേശിൽ വൈ എസ് ആർ കോൺഗ്രസ് പാർട്ടി മത്സരിപ്പിച്ച നാല് സ്ത്രീകളും തമിഴ്‌നാട്ടിൽ ഡി എം കെ മത്സരിപ്പിച്ച രണ്ട് പേരും ജയിച്ചുകയറി.

എന്നാൽ യു പിയിൽ റാംപൂരിൽ നിന്ന് മത്സരിച്ച ബി ജെ പിയുടെ താര സ്ഥാനാർഥി ജയപ്രദ എസ് പിയുടെ അഅ്സം ഖാനോട് പരാജയപ്പെട്ടു. മുംബൈ നോർത്തിൽ മത്സരിച്ച ബോളിവുഡ് നടി ഊർമിള മണ്ഡോദ്കറും പരാജയപ്പെട്ടു.

Latest