Connect with us

National

ബംഗാളിൽ ബി ജെ പിയുടെ വർഗീയതയേറ്റു; നേടിയത് 40 ശതമാനം വോട്ട്

Published

|

Last Updated

ന്യൂഡൽഹി: ബി ജെ പി പുറത്തിറക്കിയ വർഗീയ തന്ത്രം കൃത്യമായി ഏറ്റുവെന്ന് തെളിയിക്കുന്നതാണ് പശ്ചിമ ബംഗാളിൽ നിന്നുള്ള തിരഞ്ഞെടുപ്പ് വിശകലനങ്ങൾ. സംസ്ഥാനത്ത് ബി ജെ പി വർഷങ്ങൾ നീണ്ട വർഗീയ പ്രചാരണം നടത്തിയിരുന്നു. ആസൂത്രിതമായി ഈ നീക്കത്തിലൂടെ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി നേടിയത് 40 ശതമാനത്തിലധികം വോട്ടാണ്. 2014ൽ 17.02 ശതമാനം മാത്രമുണ്ടായിരുന്നത്. ഇത്തവണ 40.25 ശതമാനമായി ഉയർന്നു.

42ൽ 18 സീറ്റുകളാണ് ഈ തിരഞ്ഞെടുപ്പിൽ ബി ജെ പി നേടിയത്. 2014ൽ ബി ജെ പി ബംഗാളിൽ നിന്ന് മൂന്ന് സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്. 2016ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ 10.16 ശതമാനം മാത്രമായിരുന്നു ബി ജെ പിയുടെ വോട്ടുവിഹിതം.

43.28 ശതമാനമാണ് 22 സീറ്റ് നേടിയ തൃണമൂൽ കോൺഗ്രസിന്റെ വോട്ട് വിഹിതം. 2014ലെ തിരഞ്ഞെടുപ്പിൽ 39.05 ശതമാനമായിരുന്നു തൃണമൂലിന്റെ വോട്ട് വിഹിതം. 2016ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ ഇത് 44.91 ശതമാനമായി ഉയർന്നിരുന്നു. 2014ൽ 22.96 ശതമാനമുണ്ടായിരുന്ന സി പി എമ്മിന്റെ വോട്ട് വിഹിതം ഇത്തവണ 6.28 ശതമാനമായി കുറഞ്ഞു. രണ്ട് സീറ്റ് നേടിയ കോൺഗ്രസിന്റെ വോട്ട് വിഹിതം 5.61 ശതമാനമാണ്.കഴിഞ്ഞ ദിവസം പാർട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച വിജയാഹ്ലാദത്തിനിടെ ഒത്തുചേർന്ന പ്രവർത്തകരോട് അമിത് ഷാ പങ്കുവെച്ചത് ബംഗാളിലെ തിരഞ്ഞെടുപ്പ് വിജയമായിരുന്നു. കൃത്യമായ ആസൂത്രണത്തോടെ പാർട്ടി നടപ്പാക്കിയ പദ്ധതികളുടെ വിജയമായിരുന്നുവെന്ന് ആണയിടുന്നതാണ് ഷായുടെ പ്രസംഗം. വർഗീയ പ്രചാരണത്തിനായിരുന്നു ഇതിൽ പ്രധാന്യം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് നിരവധി വർഗീയ കലാപങ്ങൾ അരങ്ങേറി. ഇവയല്ലാം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബി ജെ പി ആസൂത്രണമായിരുന്നു. എന്നാൽ സി പി എം ഉൾപ്പടെയുള്ള മതേതര കക്ഷികൾ ഇത്തരം വിഷയങ്ങളിൽ ഇടപെടാൻ പോലും തയ്യാറായില്ല.

മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ബി ജെ പിയുടെ അതിവേഗത്തിലുള്ള വളർച്ച കണ്ട് ചെറിയ പ്രതിരോധങ്ങൾ ഉയർത്തിയപ്പോഴേക്കും സമയം വൈകിയിരുന്നു. സി പിഎമ്മും കോൺഗ്രസും ഉൾപ്പടെയുള്ള മതേതര കക്ഷികളുടെ വോട്ടുകൾ ഉൾപ്പെടെയുള്ളവയാണ് സംസ്ഥാനത്ത് ബി ജെ പി സ്വന്തമാക്കിയിരിക്കുന്നത്.