Connect with us

National

വരാനിരിക്കുന്നത് തിരക്കിട്ട വിദേശകാര്യ തീരുമാനങ്ങളുടെ നാളുകൾ

Published

|

Last Updated

ന്യൂഡൽഹി: പ്രധാനമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കപ്പെടുന്ന വിദേശപ്രതിനിധികൾ ആരായിരിക്കുമെന്നത് വിദേശനയത്തിന്റെ സൂചനയായി വായിക്കപ്പെടുന്നതിനാൽ മോദിയുടെ രണ്ടാമൂഴത്തിൽ ആരെത്തുമെന്നത് ഉറ്റുനോക്കുകയാണ് രാജ്യം. ആരെ ക്ഷണിക്കണമെന്നതിൽ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയവും രാഷ്ട്രപതി ഭവനും പറയുന്നത്. 2014ൽ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ തന്നെ എല്ലാ സാർക്ക് രാഷ്ട്രത്തലവൻമാരെയും ക്ഷണിച്ചിരുന്നു. ഇതിലൂടെ “അയൽപ്പക്കം ആദ്യം” എന്ന സന്ദേശം പങ്കുവെക്കാനായി.

അന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശേഖ് ഹസീന ഒഴികെയുള്ളവരെല്ലാം എത്തിയിരുന്നു. ഇപ്രാവശ്യം ആരെയൊക്കെ ക്ഷണിക്കണമെന്നത് സംബന്ധിച്ച് ഈ മാസം ആദ്യം തന്നെ പ്രധാനമന്ത്രി മോദി ഉന്നതതല യോഗം വിളിക്കുകയും ക്ഷണിതാക്കളുടെ പട്ടിക സംബന്ധിച്ച് അഭിപ്രായം പറയാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നുവത്രേ. എല്ലാ അയൽക്കാരെയും ക്ഷണിക്കുമോ അതല്ല മറ്റ് രാഷ്ട്ര നേതാക്കൾ വരുമോയെന്ന് രാജ്യത്തോടൊപ്പം ലോകവും ഉറ്റുനോക്കുന്നു.

പ്രധാനമന്ത്രിമാരുടെ ആദ്യ വിദേശയാത്ര ഏതെങ്കിലും സാർക്ക് രാജ്യത്തേക്കാകണമെന്ന കീഴ്‌വഴക്കം നിലവിലുണ്ട്. 2014ൽ സത്യപ്രതിജ്ഞക്ക് ശേഷം ഭൂട്ടാനിലേക്കായിരുന്നു മോദി പോയിരുന്നത്. ഇപ്രാവശ്യവും ഭൂട്ടാൻ തന്നെയായിരിക്കും തിരഞ്ഞെടുക്കുക എന്നത് സംബന്ധിച്ച് സൂചനയുണ്ട്. കഴിഞ്ഞ വർഷമാണ് ഇന്ത്യയും ഭൂട്ടാനും നയതന്ത്രബന്ധത്തിന്റെ അമ്പതാണ്ട് ആഘോഷിച്ചത്. ഭൂട്ടാന്റെ പുതിയ പ്രധാനമന്ത്രി ഡോ. ലോട്ടയ് ഷെറിംഗ് കഴിഞ്ഞ ഡിസംബറിൽ രാജ്യത്തെത്തിയിരുന്നു. ഫലം വന്ന ദിവസം മോദിയെ അഭിനന്ദിച്ച് ഭൂട്ടാൻ പ്രധാനമന്ത്രി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ സന്ദർശന ക്ഷണം പുതുക്കുകയും ചെയ്തിരുന്നു. ഭൂട്ടാൻ രാജാവ് ജിഗ്മെ കേസർ നാംഗ്യെൽ വാംഗ്ചുകും മോദിയുമായി സംസാരിച്ചിരുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി ശേഖ് ഹസീനയുമായും മോദി സംസാരിക്കുകയും അടുത്തുതന്നെ കൂടിക്കാഴ്ചക്ക് തീയതി കാണുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഇവിടെ അവശേഷിക്കുന്ന വലിയ ചോദ്യം പാക്കിസ്ഥാനിൽ നടക്കാനിരിക്കുന്ന സാർക്ക് ഉച്ചകോടിയിൽ മോദി പങ്കെടുക്കുമോയെന്നതാണ്. 2016ലെ ഉറി ആക്രമണത്തിലെ പ്രതിഷേധമെന്ന നിലക്ക് മോദി ഉച്ചകോടി റദ്ദാക്കിയിരുന്നു. ജൂണിൽ മാത്രം മോദിക്ക് രണ്ട് പ്രധാന ഉച്ചകോടിയുണ്ട്. അവയിൽ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ജൂൺ 13- 14ലെ ഷാംഗ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയിൽ റഷ്യ, ചൈന, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, മധ്യേഷ്യൻ രാജ്യങ്ങൾ തുടങ്ങിയവ പങ്കെടുക്കും. ബിഷ്‌കേകിൽ അടുത്ത മാസം നടക്കുന്ന ഷാംഗ്ഹായ് സഹകരണ സംഘടനാ (എസ് സി ഒ) ഉച്ചകോടിയുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി ഇംറാൻ ഖാനുമായുള്ള കൂടിക്കാഴ്ചയും ഏവരും ഉറ്റുനോക്കുന്നതാണ്.

ജൂൺ 28- 29ന് ജപ്പാനിലെ ഒസാകയിൽ നടക്കുന്ന ജി- 20 ഉച്ചകോടിയിലും മോദി പങ്കെടുക്കും. ലോകത്തെ ഏറ്റവും വലിയ ജി ഡി പി രാജ്യങ്ങൾ ആഗോള സമ്പദ്ഘടന ചർച്ച ചെയ്യുന്ന വേദിയാണിത്. 2022ൽ ഇന്ത്യയാണ് ജി- 20 ഉച്ചകോടിക്ക് വേദിയാകുക. ആഗസ്റ്റ് 24 -26ന് നടക്കുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവേൽ മാക്രോണും മോദിയെ ക്ഷണിച്ചിട്ടുണ്ട്. കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ, അമേരിക്ക രാജ്യങ്ങളാണ് ഇതിൽ പങ്കെടുക്കുക. രണ്ട് ഉച്ചകോടികളിലും മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്.

തിരഞ്ഞെടുപ്പ് സമയത്ത് ഉടലെടുത്ത ചില നയതന്ത്ര പ്രതിസന്ധിയെ പുതിയ സർക്കാർ തുടക്കത്തിൽ തന്നെ അഭിമുഖീകരിക്കേണ്ടി വരും. ഇറാൻ- യു എസ് ബന്ധം വഷളായതാണ് അതിൽ പ്രധാനം. കഴിഞ്ഞയാഴ്ച ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ള്വരീഫ് ഡൽഹി സന്ദർശിച്ചപ്പോൾ, ഇറാന് എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ ഏർപ്പെടുത്തിയ അമേരിക്കൻ ഉപരോധം സംബന്ധിച്ച തങ്ങളുടെ തീരുമാനം തിരഞ്ഞെടുപ്പിന് ശേഷം അറിയിക്കാമെന്നാണ് ഇന്ത്യ പ്രതികരിച്ചത്. ഉപരോധം ഭയന്ന് ഇറാൻ എണ്ണക്കുള്ള ഓർഡറുകൾ ഇന്ത്യൻ ഇറക്കുമതി കമ്പനികൾ നിർത്തിവെച്ചിരിക്കുകയാണ്. എണ്ണ വില ഉയരുന്നതും അധികം ചെലവില്ലാത്ത ബദൽ മാർഗങ്ങൾ സ്വീകരിക്കുന്നതും പുതിയ സർക്കാറിന് മുമ്പിൽ വെല്ലുവിളിയാകും. റഷ്യൻ സൈനിക ഘടകങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധവും മറ്റൊരു ആശങ്കയാണ്. വരുന്ന എസ്- 400 മിസൈൽ പ്രതിരോധ ഇടപാട് പോലുള്ളവയെയാണ് ഇത് ബാധിക്കുക.