ബ്രക്‌സിറ്റിൽ ഉരുകിപ്പോയ ഉരുക്ക് വനിത

Posted on: May 24, 2019 11:28 pm | Last updated: May 25, 2019 at 12:30 pm
ബ്രിട്ടന്റെ ഭരണസിരാ കേന്ദ്രമായ ഡൗണിംഗ് സ്ട്രീറ്റിൽ രാജിപ്രഖ്യാപനം നടത്തുന്ന തെരേസ മെയ്

ലണ്ടൻ: യൂറോപ്യൻ യൂനിയനിൽ നിന്ന് പുറത്തുപോകാനുള്ള പഴുതുകളെല്ലാം പയറ്റിയിട്ടും തോറ്റുപോയപ്പോഴാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജിവെച്ചൊഴിയുന്നത്. 2016ൽ ഹിത പരിശോധനയിലൂടെ ബ്രക്‌സിറ്റിന് പച്ചക്കൊടി കാണിച്ച ബ്രിട്ടീഷ് ജനതയോട് വാക്ക് പാലിക്കാനായില്ലെന്ന ആത്മരോദനത്തോടെയാണ് മെയ് ഡൊണിംഗ് സ്ട്രീറ്റിൽ വെച്ച് തന്റെ രാജിപ്രഖ്യാപനം നടത്തിയത്. മൂന്ന് വർഷക്കാലം കിണഞ്ഞ് പരിശ്രമിച്ചിട്ടും ബ്രക്‌സിറ്റെന്ന തന്റെ ഏറ്റവും പ്രധാന ദൗത്യം നിർവഹിക്കാനായില്ലെന്ന ബോധ്യം അവർക്കുണ്ട്. അതുകൊണ്ടാകാം പ്രസംഗത്തിനിടെ അവർ വിതുമ്പി പോയത്.

എന്നാൽ, ബ്രക്‌സിറ്റിന് വേണ്ടി തനിക്കു സാധ്യമായ വിധത്തിലെല്ലാം പരിശ്രമിച്ചെന്നാണ് മെയ് പറയുന്നത്. എന്നാൽ, ഇത് നടപ്പാക്കാനുള്ള ശ്രമങ്ങളോരോന്നും പരാജയപ്പെടുകയായിരുന്നു. ഇതോടെ പാർട്ടിക്കുള്ളിലും യൂറോപ്യൻ യൂനിയനിലും അവർ ഒറ്റപ്പെട്ടു. അമേരിക്ക ഉൾപ്പെടെയുള്ള സൗഹൃദ രാഷ്ട്രങ്ങളുടെ നേതാക്കന്മാരുമായി പോലും അകൽച്ചയിലായി. വിശ്വസ്തരായി കൂടെക്കൂട്ടിയവർ ഒാരോരുത്തരായി പ്രതിസന്ധിഘട്ടങ്ങളിൽ കൈയൊഴിഞ്ഞപ്പോൾ അവസാന അടവെന്ന നിലയിൽ പ്രതിപക്ഷത്തെപ്പോലും വിശ്വാസത്തിലെടുക്കാൻ ശ്രമിച്ചു. ഇതും പരാജയപ്പെട്ടിട്ടും പിടിച്ചുനിന്ന അവർ കഴിഞ്ഞ ദിവസം കോമൺസ് ലീഡർ ആൻഡ്രിയ ലീഡ്‌സം കൂടി രാജിെവച്ച് പിന്തുണ പിൻവലിച്ചതോടെയാണ് സ്ഥാനമൊഴിയാൻ തീരുമാനിച്ചത്.

ആൻഡ്രിയയുടെ രാജി മേയ്‌യെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായ പ്രഹരമായിരുന്നു. ഇതോടെ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടുമായും ആഭ്യന്തര സെക്രട്ടറി സാജിദ് ജാവേദുമായും അവർ കൂടിക്കാഴ്ച നടത്തി. എന്നാൽ, ഇവരിൽ നിന്ന് ശക്തമായ പിന്തുണ തനിക്കില്ലെന്ന് ബോധ്യപ്പെട്ട പ്രധാനമന്ത്രി രാജി പ്രഖ്യാപനം നടത്തുകയായിരുന്നു. ഹിതപരിശോധനയിൽ രാജ്യം ബ്രക്‌സിറ്റിനായി വാദിച്ചതോടെ രാജിവെച്ചൊഴിഞ്ഞ ഡേവിഡ് കാമറൂണിന്റെ പിൻഗാമിയായി 2016ലാണ് തെരേസ മെയ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്.

ബ്രക്‌സിറ്റ് സാധ്യമാക്കുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു മെയ് സ്ഥാനമേറ്റത്. ആറ് വർഷക്കാലം ഡേവിഡ് കാമറൂണിന്റെ മന്ത്രിസഭയിൽ ആഭ്യന്തര സെക്രട്ടറിയായിരുന്നു മെയ്. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന രണ്ടാം വനിതയായ മെയ്ക്ക് പക്ഷേ സന്തോഷത്തോടെ പടിയിറങ്ങാൻ സാധിച്ചില്ല. പ്രഥമ വനിതാ പ്രധാനമന്ത്രിയായ മാർഗരറ്റ് താച്ചറിനെ പോലെ മെയ് കോളിളക്കങ്ങൾക്ക് ശേഷം രാജിവെക്കേണ്ടി വന്നു. ഇരുവർക്കുമെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെയാണ് പടയൊരുക്കമുണ്ടായത്. മെയ് അധികാരത്തിലേറിയതിന് ശേഷം 30 ഓളം മന്ത്രിമാരാണ് പലഘട്ടങ്ങളിലായി രാജിവെച്ചൊഴിഞ്ഞത്. ബ്രക്‌സിറ്റിന്റെ പേരിലാണ് നല്ലൊരു ശതമാനവും മന്ത്രിസഭ വിട്ടത്. പാർട്ടിക്കുള്ളിൽ നിന്ന് പിന്തുണ ലഭിക്കാതിരുന്ന തെരേസ മെയ്ക്ക് പ്രതിപക്ഷത്തിന്റെ സഹായം വരെ തേടേണ്ടിവന്നു.
യൂറോപ്യൻ യൂനിയനുമായി ഉണ്ടാക്കിയ വേർപിരിയൽ ഉടമ്പടിക്ക് പാർലിമെന്റിന്റെ അംഗീകാരം നേടിയെടുക്കാൻ സാധിക്കാത്ത സ്ഥിതിയുണ്ടായി. ബ്രക്‌സിറ്റ് നടപ്പാക്കിയാലും അയർലൻഡ് അതിർത്തി വഴി ക്രയവിക്രയവും സ്വതന്ത്ര സഞ്ചാരവും സാധ്യമാകുന്ന വ്യവസ്ഥയാണ് ഇതിന് മുഖ്യ തടസ്സമായത്.

ബ്രക്‌സിറ്റ് നടപ്പാക്കേണ്ടിയിരുന്ന അവസാന തിയതിയായ മാർച്ച് 29ന് മുമ്പ് കരാർ വ്യവസ്ഥകൾക്ക് അംഗീകാരം നൽകാനായി മാരത്തൺ ചർച്ചകളുമായി തെരേസ മെയ് പലവട്ടം ലണ്ടനിൽ നിന്ന് ബ്രസൽസിലേക്കും തിരിച്ചും പറന്നുനടന്നു. ചെറിയ ചെറിയ ഭേദഗതികളുമായി പാർലിമെന്റിലെത്തിയ പ്രധാനമന്ത്രിക്ക് ഒരുഘട്ടത്തിലും ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ നേടാനായില്ല. ഇതോടെ അവർ മാനസികമായി തളർന്നു.
തുടക്കം മുതലെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ തെരേസക്കെതിരായ ഗൂഢാലോചന നടന്നിരുന്നു.
ബ്രക്‌സിറ്റിനെ പിന്തുണച്ച് കാമറൂണിനെ താഴെയിറക്കിയ ബോറിസ് ജോൺസണായിരുന്നു ഇതിന് തുടക്കം കുറിച്ചത്. പ്രധാനമന്ത്രി പദവി മോഹിച്ച ബോറിന് വിദേശകാര്യ സെക്രട്ടറി സ്ഥാനത്തിരുന്ന് തൃപ്തിപ്പെടാനായില്ല. പ്രധാനമന്ത്രിക്കും മന്ത്രിസഭക്കുമെതിരെ നിരന്തരം അദ്ദേഹം പാരപണിതുകൊണ്ടിരുന്നു.

ഒടുവിൽ പരസ്യമായി വിമത വേഷമണിഞ്ഞ ബോറിസിനെ ഒഴിവാക്കി മുന്നേറിയ തെരേസക്ക് ഒരോ പ്രതിസന്ധി ഘട്ടത്തിലും വിശ്വസ്തരായി കൂടെക്കൂട്ടിയ പലരെയും നഷ്ടമായി.