Connect with us

Ongoing News

50 ശതമാനത്തിലേറെ വോട്ട് വർധനയുമായി ബി ജെ പി

Published

|

Last Updated

ന്യൂഡൽഹി: പതിനേഴാമത് ലോക്‌സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബി ജെ പി വിജയം സമാനകളില്ലാത്തതാണെന്ന് തെളിയിക്കുന്നതാണ് ഓരോ സംസ്ഥാനത്തേയും വോട്ട് വിഹിതം. പതിമൂന്ന് സംസ്ഥാനങ്ങളിലാണ് ബി ജെ പി അമ്പത് ശതമാനത്തിലധികം വോട്ട് വിഹിതം നേടിയിരിക്കുന്നത്. ഉത്തർപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഝാർഖണ്ഡ്, ഹിമാചൽപ്രദേശ്, ഗോവ, കർണാടക, ഡൽഹി, ചണ്ഡിഗഢ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മൊത്തം വോട്ട് വിഹിതത്തിന്റെ അമ്പത് ശതമാനത്തിലധികം നേടിയത്.

ഇതിന് പുറമെ പശ്ചിമബംഗാളിൽ 40 ശതമാനവും ജമ്മുകശ്മീരിൽ 46 ശതമാനവും വോട്ട് ബി ജെ പി സ്വന്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ 27 ശതമാനവും, അസമിൽ 35ഉം ബീഹാറിൽ 24 ശതമാനവും ബി ജെ പി നേടി. കോൺഗ്രസിന് ആശ്വാസ ജയം നൽകിയ പഞ്ചാബിൽ പോലും ബി ജെ പി 10 ശതമാനം വോട്ട് നേടിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ മാത്രമാണ് ബി ജെ പിക്ക് രണ്ടക്കം കടക്കാൻ കഴിയാതെ പോയത്. ഇവിടെ മൂന്ന് ശതമാനം വോട്ട് മാത്രമാണ് ബി ജെ പി നേടിയത്.

അതേസമയം, മുഖ്യ പ്രതിപക്ഷമെന്ന് വാഴ്ത്തി പാടിയ കോൺഗ്രസിന് പല സംസ്ഥാനങ്ങളിലും ലഭിച്ചത് നാമമാത്ര വോട്ട് വിഹിതമാണ്. കോൺഗ്രസ് 50 ശതമാനത്തിലധികം വോട്ട് വിഹിതം നേടിയത് പോണ്ടിച്ചേരിയിൽ മാത്രമാണ്. 40 ശതമാനത്തോളം വോട്ട് നേടിയത് കേരളത്തിലും പഞ്ചാബിലും മാത്രം. ഉത്തർപ്രദേശിൽ കോൺഗ്രസ് നേടിയത് വെറും ആറ് ശതമാനം വോട്ടാണ്.

ബീഹാറിൽ ഏഴ് ശതമാനം. പശ്ചിമ ബംഗാളിൽ ആറ് ശതമാനം, ആന്ധ്രപ്രദേശിലും സിക്കി മിലും ഒരു ശതമാനം മാത്രം. കോൺഗ്രസ് ബി ജെ പിയെ സംബന്ധിച്ച് മുഖ്യ എതിരാളി പോലുമാകുന്നില്ലെന്നാണ് തിരഞ്ഞെടുപ്പ് വോട്ട് വിഹിതം വ്യക്തമാക്കുന്നത്. ഗ്രൗണ്ട് ലെവലിൽ ബി ജെ പിയോട് ഏറ്റുമുട്ടാൻ കോൺഗ്രസ് ഇനിയുമേറേ പണിയെടുക്കേണ്ടതുണ്ടെന്നതാണ് ഇത് വ്യക്തമാക്കുന്നത്.