Connect with us

National

യു പിയിൽ എട്ടിടത്ത് ബി ജെ പിക്ക് വിജയമൊരുക്കിയത് കോൺഗ്രസ്

Published

|

Last Updated

തിരുവനന്തപുരം: ഉത്തർപ്രദേശിൽ ബി ജെ പിക്കെതിരായ മഹാഗഡ് ബന്ധൻ സഖ്യത്തെ തോൽപ്പിച്ചത് ഇവിടങ്ങളിൽ തനിച്ചുമത്സരിച്ച കോൺഗ്രസ്. അവസാന ഘട്ടം വരെ പിറകിൽ നിന്ന കേന്ദ്രമന്ത്രി മനേകാ ഗാന്ധിയുൾപ്പെടെ എട്ട് സീറ്റുകളിൽ ബി ജെ പിക്ക് വിജയമൊരുക്കിയത് കോൺഗ്രസ് സാന്നിധ്യമായിരുന്നു. ബി ജെ പിയെ നേരിടാൻ ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി- ബഹുജൻ സമാജ് പാർട്ടി കൂട്ടുകെട്ടിൽ രൂപംകൊണ്ട മഹാഗഡ് ബന്ധൻ സഖ്യത്തോട് പുറം തിരിഞ്ഞു നിന്ന് കോൺഗ്രസ് തനിച്ചുമത്സരിച്ചതാണ് ബി ജെ പിക്ക് സഹായകമായത്.

ബദാവുൻ, ബാന്ദ, ബാരബംഗി, ബസ്തി, ദൗരാറ, മീററ്റ്, സെന്റ് കബീർ നഗർ, സുൽത്താൻ പൂർ എന്നിവിടങ്ങളിലാണ് മഹാസഖ്യത്തെ തകർത്ത് കോൺഗ്രസ് ബി ജെ പിക്ക് വിജയമൊരുക്കിയത്. സമാജ്‌വാദി പാർട്ടിയുടെ ധർമേന്ദ്ര യാദവ് 18,494 വോട്ടിന് ബി ജെ പിയുടെ ഡോ. സംഘമിത്ര മൗര്യയോട് തോറ്റ ബദാവുനിൽ കോൺഗ്രസ് സ്ഥാനാർഥി സലീം ഇഖ്ബാർ ഷർവാനി നേടിയത് 51,896 വോട്ടുകളായിരുന്നു. എസ് പിയുടെ തന്നെ ശ്യാം ചരൺ ഗുപ്ത ബി ജെ പിയിലെ ആർ കെ സിംഗ് പാട്ടീലിനോട് 58,938 വോട്ടിന് തോറ്റ ബാന്ധയിൽ കോൺഗ്രസ് സ്ഥാനാർഥി ബാലകുമാർ പട്ടേൽ 75,438 വോട്ടുകൾ നേടിയിരുന്നു. ബി ജെ പിയുടെ ഉപേന്ദ്ര സിംഗ് റാവത്ത് എസ് പിയിലെ രാംസാഗർ റാവത്തിനെ 1,10,140 വോട്ടിന് തോൽപ്പിച്ച ബാരബംഗിയിൽ കോൺഗ്രസിലെ തനൂജ് പൂനിയ 1,59,611 വോട്ട് പിടിച്ചിരുന്നു.
ബി എസ് പിയിലെ രാംപ്രസാദ് ചൗധകി 30,354 വോട്ടിന് ബി ജെ പിയിലെ ഹരീഷ് ചന്ദ്ര ദ്വിവേദിയോട് തോറ്റ ബസ്തിയിൽ കോൺഗ്രസിലെ രാജി കിഷോർ സിംഗിന്റെ പെട്ടിയിൽ വീണത് 86,920 വോട്ടുകളായിരുന്നു. ബി എസ് പിയിലെ അർഷദ് ഇൽയാസ് സിദ്ദീഖിയെ 1,60,611 വോട്ടിന് തോൽപ്പിക്കാൻ സഹായകമായത് കോൺഗ്രസിലെ കുൻവർ ജിതിൻ പ്രസാദിന്റെ 1,62,856 വോട്ടായിരുന്നു. മുസ്‌ലിം ഭൂരിപക്ഷ മേഖലയായ മീററ്റിൽ ബഹുജൻ സമാജ്‌വാദി പാർട്ടിയിലെ ഹാജി മുഹമ്മദ് യാഅ്കൂബിനെ 4,729 വോട്ടിന് ബി ജെ പിയിലെ രാജേന്ദ്ര അഗർവാൾ പരാജയപ്പെടുത്തിയപ്പോൾ കോൺഗ്രസിലെ ഹരീന്ദ്ര അഗർവാൾ 34,479 വോട്ടുകൾ നേടിയിരുന്നു.

ന്യൂനപക്ഷ വോട്ടുകൾ നിർണായക ശക്തിയായ സെന്റ്കബീർ നഗറിൽ ബി ജെ പിയുടെ പ്രവീൺകുമാർ നിഷാദ് ബി എസ് പിയിലെ ഭീഷ്മ ശങ്കറെ 35,745 വോട്ടിന് പരാജയപ്പെടുത്തിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥിക്ക് ഇവിടെ നിന്ന് 1,28,506 വോട്ടുകൾ ലഭിച്ചിരുന്നു. ഒപ്പം വോട്ടണ്ണലിൽ അവസാനഘട്ടം വരെ പിന്നിലായിരുന്ന ബി ജെ പിയുടെ മുതിർന്ന നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന മനേകഗാന്ധി താരതമ്യേന ചെറിയ ഭൂരിപക്ഷമായ 14,499 വോട്ടിന് ജയിക്കാൻ സഹായകമായത് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി ഡോ. സഞ്ജയ് സിംഗ് നേടിയ 41, 468 വോട്ടുകൾ തന്നെയായിരുന്നു. ഒപ്പം ഫൈസാബാദിലെ എസ് പി സ്ഥാനാർഥിയുടെ വിജയം തടഞ്ഞ് ബി ജെ പിയെ സഹായിക്കാൻ എസ് പിയിൽ നിന്ന് പിരിഞ്ഞുപോയ ശിവ്പാൽ യാദവിന്റെ പാർട്ടിയായ പ്രഗതി ശീൽ സമാജ്‌വാദി പാർട്ടിയും രംഗത്തുണ്ടായിരുന്നു.

അഖിലേഷ് യാദവിന്റെയും മായാവതിയുടെയും ക്ഷണം നിരസിച്ച കോൺഗ്രസ് കൂടെ നിന്നിരുന്നുവെങ്കിൽ ഈ എട്ട് സീറ്റുകളിലും ബി ജെ പിയെ തറ പറ്റിക്കാൻ കഴിയുമായിരുന്നുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. മാത്രമല്ല കോൺഗ്രസ് കൂടി മഹാസഖ്യത്തിൽ ഉണ്ടായിരുന്നെങ്കിൽ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചിത്രത്തിൽ മാറ്റമുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest