സൂറത്തില്‍ ട്യൂഷന്‍ സെന്ററിലെ തീപ്പിടിത്തം: മരണം 19 ആയി

Posted on: May 24, 2019 6:30 pm | Last updated: May 25, 2019 at 2:14 pm

സൂറത്ത്: ഗുജറാത്തിലെ സൂറത്തിലെ സര്‍ത്താനയിലെ ട്യൂഷന്‍ സെന്ററില്‍ ഇന്നലെ വൈകിട്ടുണ്ടായ തീപ്പിടിത്തതില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ഇതില്‍ 16 പേരും പെന്‍കുട്ടികളാണ്. 19 വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. നിരവധി വിദ്യാര്‍ഥികള്‍ തീപിടിച്ച കെട്ടിടത്തില്‍ താഴേക്ക് ചാടി രക്ഷപ്പെട്ടു. ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് പേര്‍ മരിച്ചത്. വരെല്ലാം 19 വയസിന് താഴെയുള്ളവരാണ്. മൃതദേഹങ്ങള്‍ ഭൂരിഭാഗവും കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു.

ട്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്ന മന്നാം നിലയില്‍ സ്മാര്‍ട്ട് ഡിസൈന്‍ സ്റ്റുഡിയോയിലാണ് തീപിടുത്തമുണ്ടായത്. എ സിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് അഗ്‌നിരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഗ്‌നിരക്ഷാ സേനയുടെ പക്കല്‍ മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി. തീപിടുത്തം നടന്ന മൂന്നാം നിലയിലേക്ക് ജീവനക്കാര്‍ക്ക് എത്തിപ്പെടാന്‍ ആകെ ഒരു കോണി മാത്രമാണുണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പരക്കുകയാണ്. ദൃക്‌സാക്ഷികള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിത്.. 15 അഗ്നിശമന സേന യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധ ദു:ഖം രേഖപ്പെടുത്തി. ഇരകളായവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി ഗുജറാത്ത് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അതേ സമയം സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ച വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.