Connect with us

Sports

കളിമണ്ണിലേക്ക് ഫെഡറര്‍ തിരിച്ചെത്തുന്നു

Published

|

Last Updated

പാരിസ്: നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപണിലേക്ക് തിരിച്ചെത്തുന്നു. വെല്ലുവിളി ഉയര്‍ത്താന്‍ റാഫേല്‍നദാലും നൊവാക് ജൊകോവിചും രംഗത്തുണ്ട്.

ഞായറാഴ്ചയാണ് ഫ്രഞ്ച് ഓപണ്‍ ആരംഭിക്കുന്നത്. മുപ്പത്തേഴ് വയസുള്ള ഫെഡറര്‍ 2016 മുതല്‍ നടുവേദന കാരണം പാരിസിലെ കളിമണ്‍ കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇത്തവണ, മാഡ്രിഡ് ഓപണില്‍ കളിച്ചു കൊണ്ട് കളിമണ്‍ പ്രതലത്തിലെ ടെന്നീസിലേക്ക് തിരിച്ചുവരവ് നടത്തി. മാഡ്രിഡില്‍ ക്വാര്‍ട്ടറിലെത്തി ഇരുപത് തവണ ഗ്രാന്‍സ്ലാം ചാമ്പ്യനായ സ്വിസ് ഇതിഹാസം.
എന്റെ ഫോമില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. കളിമണ്‍ പ്രതലത്തില്‍ തിളങ്ങാന്‍ സാധിക്കും – ഫെഡറര്‍ തിരിച്ചുവരവിനോട് പ്രതികരിച്ചു.
കഴിഞ്ഞാഴ്ച ഇറ്റാലിയന്‍ ഓപണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കാലിന് പരിക്കേറ്റ് ഫെഡറര്‍ പിന്‍മാറിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയ ഫെഡറര്‍ പൂര്‍ണ ആരോഗ്യവാനായിരുന്നു.

സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ നൊവാക് ജൊകോവിച് അപൂര്‍വ റെക്കോര്‍ഡ് ലക്ഷ്യമിടുന്നു. നാല് ഗ്രാന്‍സ്ലാം തുടരെ രണ്ട് തവണ ഒരേ സീസണില്‍ സ്വന്തമാക്കിയ ആദ്യ താരം ആവുകയാണ് സെര്‍ബിയക്കാരന്റെ ലക്ഷ്യം.നദാല്‍ ഫ്രഞ്ച് ഓപണ്‍ പന്ത്രണ്ടാം തവണ നേടി സ്വന്തം പേരിലുള്ള റെക്കോര്‍ഡ് പുതുക്കാനാണ് വരുന്നത്. റൊളാന്‍ഡ് ഗാരോസിലെ രാജകുമാരനാണ് നദാല്‍. കളിമണ്‍ കോര്‍ട്ടില്‍ സ്പാനിഷ് താരത്തെ തോല്‍പ്പിക്കുക ശ്രമകരം. പതിനേഴ് തവണ ഗ്രാന്‍സ്ലാം ചാമ്പ്യനായ നദാല്‍ ഇത്തവണയും ഫേവറിറ്റാണ്.

ഇറ്റാലിയന്‍ ഓപണിലെ കളിമണ്‍ കോര്‍ട്ടില്‍ കഴിഞ്ഞാഴ്ച കിരീടം ഉയര്‍ത്തിയത് നദാലിന്റെ ഫോം അടിവരയിടുന്നു.
മുപ്പത്തിരണ്ട് വയസായ നദാല്‍ പതിനൊന്ന് തവണ ഫ്രഞ്ച് ഓപണില്‍ മുത്തമിട്ടു.

ഒരു ഗ്രാന്‍സ്ലാം ഓപണ്‍ കൂടുതല്‍ തവണ നേടിയ മാര്‍ഗരെറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡാണ് നദാല്‍ ലക്ഷ്യമിടുന്നത്.
1960 മുതല്‍ 1973 വരെ മാര്‍ഗരെറ്റ് ആസ്‌ത്രേലിയന്‍ ഓപണ്‍ പന്ത്രണ്ട് തവണ നേടിയതാണ് റെക്കോര്‍ഡ്.
ഈ വര്‍ഷം നദാലിന്റെ ആദ്യ കിരീട ജയമായിരുന്നു ഇറ്റാലിയന്‍ ഓപണ്‍. കരിയറിലെ എണ്‍പത്തൊന്നാം ടൂര്‍ണമെന്റില്‍ ചാമ്പ്യനായ നദാല്‍ ഫ്രഞ്ച് ഓപണ്‍ ഗ്രാന്‍സ്ലാമില്‍ വീണ്ടും വെന്നിക്കൊടി പാറിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ബ്രിട്ടന്റെ ആന്‍ഡി മുറെ കളിക്കുന്നില്ല. ഇതോടെ, യോഹന്ന കോന്റ, കൈല്‍ എഡ്മുന്‍ഡ് എന്നിവരിലായി ബ്രിട്ടന്റെ പ്രതീക്ഷ.

വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ സെറീന വില്യംസ് 24 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ എന്ന റെക്കോര്‍ഡ് മുന്നില്‍ കാണുന്നു.
അതേ സമയം, സെറീനയുടെ ഫിറ്റ്‌നെസ് എത്രമാത്രം പുരോഗമിച്ചു എന്നത് വ്യക്തമല്ല.