Connect with us

National

പിതാവില്‍ നിന്ന് ബാറ്റണ്‍ ഏറ്റെടുത്ത തേജസ്വി പൂര്‍ണ പരാജയം; ആര്‍ ജെ ഡിക്ക് പാര്‍ട്ടിയുടെ ചരിത്രത്തിലെ വന്‍ തോല്‍വി

Published

|

Last Updated

ന്യൂഡല്‍ഹി: ലാലു പ്രസാദ് യാദവില്‍ നിന്ന് രാഷ്ട്രീയ ജനതാദളിന്റെ ബാറ്റണ്‍ ഏറ്റെടുത്ത മകന്‍ തേജസ്വിനി യാദവ് ഏറ്റുവാങ്ങിയത് സമ്പൂര്‍ണ പരാജയം. നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ജനതാദള്‍ യുനൈറ്റഡും രാംവിലാസ് പസ്വാന്‍ നയിച്ച ലോക് ജന്‍ശക്തി പാര്‍ട്ടിയും ബി ജെ പിയും ചേര്‍ന്നു നടത്തിയ തേരോട്ടത്തില്‍ ബിഹാറില്‍ തേജസ്വിയുടെ പാര്‍ട്ടി പൂജ്യത്തിലേക്ക് തൂത്തെറിയപ്പെട്ടു. മൂന്നു പതിറ്റാണ്ടു മുമ്പ് രൂപവത്കരിച്ച ആര്‍ ജെ ഡിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം.

ബിഹാറിലെ 40 ലോക്‌സഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പി കൊയ്‌തെടുത്തത് 17 സീറ്റുകള്‍. ജെ ഡി യുവിന് ലഭിച്ചത് 16 എണ്ണം. മത്‌സരിച്ച ആറു സീറ്റിലും വിജയിച്ച എല്‍ ജെ പിയും കരുത്തറിയിച്ചു. 40ല്‍ 39 സീറ്റും ജെ ഡി യു-എല്‍ ജെ ഡി-ബി ജെ പി സഖ്യം നേടി. ഒരു സീറ്റ് കോണ്‍ഗ്രസിനാണ്. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലാലുവിന്റെ നേതൃത്വത്തില്‍ നാലു സീറ്റുകള്‍ നേടിയ ആര്‍ ജെ ഡി നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു.

അഴിമതിക്കേസില്‍ കുടുങ്ങി കഴിഞ്ഞ വര്‍ഷം പിതാവ് ജയിലിലായതിനെ തുടര്‍ന്നാണ് തേജസ്വി യാദവ് പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്. തുടക്കം മുതലേ മൂത്ത സഹോദരി മിസാ ഭാരതി, സഹോദരന്‍ തേജ് പ്രതാപ് യാദവ് എന്നിവരുടെ കടുത്ത വിരോധത്തിന് ഇരയായ തേജസ്വി പക്ഷെ, ട്വീറ്റുകളിലൂടെയും കടുത്ത പ്രസ്താവനകളിലൂടെയും രാഷ്ട്രീയ കേന്ദ്രങ്ങളുടെ ശ്രദ്ധ നേടിയെടുത്തിരുന്നു. സംസ്ഥാനത്തെ ഭാവി നേതാവായി അദ്ദേഹം വിലയിരുത്തപ്പെട്ടു. എന്നാല്‍, ഇതൊന്നു വോട്ടായി മാറിയില്ല എന്നാണ് തിരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നത്.

ജനവിധിയെ അംഗീകരിക്കുന്നുവെന്നും നരേന്ദ്ര മോദിയെ ഹൃദയംഗമമായി അഭിനന്ദിക്കുന്നുവെന്നും തിരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തുവന്ന ശേഷം തേജസ്വി യാദവ് ട്വീറ്റ് ചെയ്തു. തൊഴില്‍-കൃഷി-സാമ്പത്തിക മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നടപടികള്‍ സ്വീകരിക്കാനും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഭരിക്കാനും മോദിക്കു കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മഹാത്മാ ഗാന്ധി, ലോഹ്യ, ജയപ്രകാശ് നാരായണ്‍, കര്‍പൂരി താക്കൂര്‍ എന്നിവരുടെ തത്വങ്ങളില്‍ അടിയുറച്ച് ഭാവിയിലും പ്രവര്‍ത്തിക്കുമെന്ന് മറ്റൊരു ട്വീറ്റില്‍ തേജസ്വി വ്യക്തമാക്കി.

---- facebook comment plugin here -----

Latest