Connect with us

Ongoing News

തിരിച്ചടി ഉള്‍ക്കൊള്ളാനാകാതെ കോണ്‍ഗ്രസ്; സംഘടനാ സംവിധാനത്തില്‍ വിപുലമായ അഴിച്ചുപണിക്ക് സാധ്യത

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിലെ അത്യന്തം നിരാശാജനകവും അടിത്തറ ഇളക്കുന്നതുമായ പ്രകടനം കോണ്‍ഗ്രസിനെ ഇരുത്തിച്ചിന്തിപ്പിക്കുന്നു. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സംഘടനാ സംവിധാനങ്ങളെല്ലാം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ശക്തവും സജീവവുമായ പ്രചാരണം നടത്തുകയും ചെയ്തിട്ടും ഇത്രയും വലിയൊരു പരാജയം പാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. പാര്‍ട്ടി അധ്യക്ഷന്‍ പോലും സിറ്റിംഗ് സീറ്റില്‍ തോല്‍വിയുടെ കയ്പ്പറിഞ്ഞുവെന്നതും ബി ജെ പി ഒറ്റക്ക് കഴിഞ്ഞ തവണത്തെക്കാള്‍ സീറ്റ് നേടിയെന്നതും വീഴ്ചയുടെ ആഴം കൂട്ടുന്നു.

തിരഞ്ഞെടുപ്പിന് മുമ്പും വോട്ടെണ്ണല്‍ വരെയും വലിയ അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടും 52 സീറ്റുകള്‍ മാത്രമെ നേടാനായുള്ളൂവെന്നതിന്റെ പൊള്ളലില്‍ നിന്ന് മുക്തമാവുക കോണ്‍ഗ്രസിന് അത്ര എളുപ്പമായിരിക്കില്ല.
തിരിച്ചടി വിലയിരുത്തുന്നതിന് പാര്‍ട്ടിയുടെ നയരൂപവത്കരണ സമിതിയായ വര്‍ക്കിംഗ് കമ്മിറ്റി (സി ഡബ്ല്യു സി)യുടെ യോഗം ശനിയാഴ്ച വിളിച്ചുചേര്‍ത്തിട്ടുണ്ട്.

പതനത്തിന്റെ ഉത്തരവാദിത്തം രാഹുല്‍ ഗാന്ധി ഏറ്റെടുത്തിട്ടുണ്ട്. അധ്യക്ഷ പദവി ഒഴിയാനുള്ള സന്നദ്ധതയും അദ്ദേഹം വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ അറിയിക്കുമെന്നാണ് സൂചന. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരും സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്നവരും സ്ഥാനമൊഴിഞ്ഞേക്കും. 2014ലെ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് സ്ഥാനമൊഴിയാന്‍ അന്നത്തെ അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷനായിരുന്ന രാഹുലും സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും വര്‍ക്കിംഗ് കമ്മിറ്റി ഐകകണ്‌ഠ്യേന തള്ളുകയായിരുന്നു.

തിരഞ്ഞെടുപ്പു വാഗ്ദാനമായി പാര്‍ട്ടി മുന്നോട്ടുവച്ച ന്യൂന്‍തം ആയ് യോജനാ (ന്യായ്) പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ വോട്ടര്‍മാരില്‍ എത്തിക്കുന്നതിലുണ്ടായ വീഴ്ചകളുള്‍പ്പടെയുള്ള കാര്യങ്ങളും യോഗത്തില്‍ നിശിത ചര്‍ച്ചകള്‍ക്ക് വിധേയമാകും. സംഘടനാ സംവിധാനത്തില്‍ വിപുലമായ അഴിച്ചുപണിക്ക് പാര്‍ട്ടി അധ്യക്ഷന്‍ മുതിര്‍ന്നേക്കുമെന്നും സൂചനയുണ്ട്. സംസ്ഥാന അധ്യക്ഷന്മാരില്‍ പലരെയും മാറ്റാനും പുതിയ ജനറല്‍ സെക്രട്ടറിമാരെയും സംസ്ഥാന ചുമതലക്കാരെയും നിയമിക്കാനും രാഹുല്‍ മുതിര്‍ന്നേക്കും.

മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ നിയമസഭകളിലേക്ക് ഈ വര്‍ഷാവസാനം നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്കായി പാര്‍ട്ടിയെ പോരാട്ടത്തിനു സജ്ജമാക്കുക എന്നതായിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ പ്രഥമവും പ്രധാനവുമായ ദൗത്യം. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനുണ്ട്.

---- facebook comment plugin here -----

Latest