Connect with us

Ongoing News

തിരുവനന്തപുരത്ത് തലയുയർത്തി തരൂർ

Published

|

Last Updated

തിരുവനന്തപുരം: കണക്കുകൂട്ടലുകളെല്ലാം കാറ്റിൽ പറത്തിയ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നിയോജകമണ്ഡലത്തിൽ ശശി തരൂരിന് ഹാട്രിക് വിജയം. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ 1,00,132 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തരൂർ തിരുവനന്തപുരം മണ്ഡലത്തിൽ തന്റെ ഹാട്രിക് വിജയം ഉറപ്പിച്ചത്. 4,14,057 വോട്ടുകൾ നേടിയാണ് തരൂർ വിജയിച്ചത്.
സംസ്ഥാനത്ത് ബി ജെ പി അക്കൗണ്ട് തുറക്കുമെന്ന് എക്‌സിറ്റ് പോളുകളെല്ലാം വിജയം പ്രവചിച്ച തിരുവനന്തപുരത്ത് ബി ജെ പി സ്ഥാനാർഥി കുമ്മനം രാജശേഖരനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് തരൂർ വിജയിച്ചത്. കുമ്മനം രാജശേഖരൻ 3,13,925 വോട്ടുകൾ നേടിയപ്പോൾ മൂന്നാം സ്ഥാനത്തെത്തിയ എൽ ഡി എഫ് സ്ഥാനാർഥി സി ദിവാകരന് 2,56,470 വോട്ടുകൾ നേടാനേ കഴിഞ്ഞുള്ളൂ.

സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നായ തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് പ്രചാരണം ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരുന്നു. ശബരിമല വിഷയം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിൽ ബി ജെ പി ഉയർത്തിയ വലിയ വെല്ലുവിളി അതിജീവിച്ചാണ് തിരുവനന്തപുരത്ത് ശശി തരൂർ വിജയിക്കുന്നത്. കഴിഞ്ഞ തവണ ഒ രാജഗോപാലിനെതിരെ നേടിയ 15,470 വോട്ടുകളുടെ ഭൂരിപക്ഷം 1,00,132 വോട്ടായി വർധിപ്പിച്ചാണ് തരൂർ വിജയമുറപ്പിച്ചത്.

കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, പാറശാല, കോവളം, നെയ്യാറ്റിൻകര എന്നീ നിയമസഭാ മണ്ഡലങ്ങൾ ഒപ്പം നിന്നപ്പോൾ തരൂർ വിജയം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ തവണ കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം മണ്ഡലങ്ങളിൽ ഒ രാജഗോപാൽ ഒന്നാമതെത്തിയ സ്ഥാനത്ത് ഇക്കുറി നേമം നിയോജകമണ്ഡലത്തിൽ മാത്രമാണ് ബി ജെ പിക്ക് ഒന്നാമതെത്താനായത്. പാറശാല, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ രണ്ടാമതെത്തിയ എൽ ഡി എഫ് സ്ഥാനാർഥി സി ദിവാകരൻ മറ്റു നിയമസഭാ മണ്ഡലങ്ങളിൽ അവസാന സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

തിരുവനന്തപുരത്ത് ബി ജെ പിയുടെ കുമ്മനം രാജശേഖരൻ വിജയിക്കുമെന്ന പ്രചാരണത്തിൽ ന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ചത് ശശി തരൂരിന് ഗുണകരമായി. ശബരിമല വിഷയത്തിൽ ബി ജെ പി ഉയർത്തിയ വികാരത്തിൽ ഭൂരിപക്ഷ വിഭാഗത്തിലെ വോട്ടുകളിൽ വിള്ളൽ വന്നതോടെ ഇടതുപക്ഷത്തിന് ലഭിക്കേണ്ട വോട്ടുകളും യു ഡി എഫിന് അനുകൂലമായി വീണു. ഇതിനോടൊപ്പം വ്യക്തിപ്രഭാവവും പത്ത് വർഷം എം പിയെന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളും തരൂരിന്റെ വോട്ട് വർധനക്ക് കാരണമായിട്ടുണ്ടെന്ന കണക്കു കൂട്ടലിലാണ് യു ഡി എഫ് ക്യാമ്പ്.

വൻ വിജയം പ്രതീക്ഷിച്ചാണ് ബി ജെ പിയുടെ കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച് തലസ്ഥാനത്തേക്ക് മത്സരത്തിലെത്തിയത്. ശബരിമല വിഷയം മുഖ്യആയുധമാക്കി ആർ എസ് എസ്-സംഘ്പരിവാർ പിന്തുണയോടെ പ്രചാരണ രംഗത്തു നിറഞ്ഞെങ്കിലും വിജയം അകന്ന് പോയി.
ഇടതുമുന്നണിയുടെ ശക്തനായ സ്ഥാനാർഥി സി ദിവാകരനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി രണ്ടാമതെത്താൻ കഴിഞ്ഞെന്ന ആശ്വാസത്തിലാണ് ബി ജെ പി.