Connect with us

Ongoing News

ആന്ധ്രയിൽ ജഗൻമയം

Published

|

Last Updated

അമരാവതി: ചന്ദ്രബാബു നായിഡു സർക്കാറിനെതിരെ ജനവികാരം ആളിക്കത്തിച്ചും വികസന പൊള്ളത്തരം തുറന്നുകാട്ടിയും ജനഹൃദയങ്ങളിലേക്ക് “നടന്നു”കയറിയ വൈ എസ് ജഗൻ മോഹൻ റെഡ്ഢി ഒരിക്കൽ കൂടി ആന്ധ്രാ പ്രദേശിന്റെ അമരക്കാരനാകുന്നു. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനെതിരായ ജനസമ്മതി കൂടിയായി ആന്ധ്രയിലേത്.

നിയമസഭയിലെ 175 സീറ്റുകളിൽ 145 എണ്ണവും നേടിയാണ് വൈ എസ് ആർ സി പിയുടെ കപ്പിത്താൻ ജഗൻ മോഹൻ വീണ്ടും മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നത്. പ്രധാന എതിരാളിയും ഭരണകക്ഷിയുമായിരുന്ന ടി ഡി പി 29 സീറ്റുകളിൽ ഒതുങ്ങി. പവൻ കല്യാണിന്റെ ജന സേന പാർട്ടി അടക്കമുള്ളവക്കാണ് ബാക്കി അഞ്ച് സീറ്റുകൾ. അതേസമയം, ദേശീയ പാർട്ടികളായ കോൺഗ്രസിനും ബി ജെ പിക്കും ഒരു സീറ്റ് പോലും നേടാനായിട്ടുമില്ല.

സംസ്ഥാനത്തെ 25 ലോക്‌സഭാ മണ്ഡലങ്ങളിൽ 24ലുള്ള വൈ എസ് ആർ സി പി ആധിപത്യം, നിയമസഭാ സീറ്റുകളിലും ദൃശ്യമാണ്. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും എല്ലാ വിഭാഗം ജനങ്ങളിലും പടർന്നുകയറാൻ ജഗൻ മോഹൻ റെഡ്ഢിക്ക് സാധിച്ചു. പതിമൂന്ന് ജില്ലകളിലും വൈ എസ് ആർ സി പിയുടെ ആധിപത്യം ദൃശ്യമാണ്. മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന് മത്സരിച്ച മണ്ഡലത്തിൽ പോലും അടിതെറ്റുമാറ് വൈ എസ് ആർ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. നായിഡുവിന്റെ കുപ്പം മണ്ഡലത്തിൽ ആദ്യഘട്ട റൗണ്ടുകളിൽ എതിരാളിയും മുൻ ഐ എ എസ് ഉദ്യോഗസ്ഥനുമായ വൈ എസ് ആർ സി പിയുടെ സ്ഥാനാർഥി ചന്ദ്രമൗലിയായിരുന്നു മുന്നിട്ടത്. അവസാന റൗണ്ടുകളിലാണ് നായിഡുവിന് തിരിച്ചുകയറാനായത്.

നായിഡുവിന്റെ മകൻ അടക്കമുള്ള അധിക മന്ത്രിമാരും പരാജയം രുചിച്ചു. സംസ്ഥാനത്തിന്റെ വികസനം മാത്രം മുൻനിർത്തി അധികാരം നിലനിർത്താമെന്നാണ് നായിഡു കരുതിയത്. തലസ്ഥാനമായ അമരാവതിയുടെ നിർമാണം, പൊലാവരം ജലസേചന പദ്ധതി, വയോജന പെൻഷൻ പോലെയുള്ള ക്ഷേമ പദ്ധതികൾ, സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾക്കുള്ള സഹായം, കർഷകർക്ക് വിള വായ്പാ ഇളവ് തുടങ്ങിയവയൊന്നും വോട്ടായി മാറിയില്ല. അതേസമയം, നായിഡു സർക്കാറിന് കീഴിലുള്ള ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും അധികാര പോരായ്മയും പ്രചാരണ തുരുപ്പുചീട്ടാക്കിയ ജഗൻ, അമരാവതി തലസ്ഥാന നിർമാണത്തെ റിയൽ എസ്റ്റേറ്റ് വ്യവസായമായും ജലസേചന പദ്ധതികളിൽ അഴിമതി ആരോപിച്ചും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാൻ പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടിയും കത്തിക്കയറി.

മാത്രമല്ല, 3,648 കിലോമീറ്റർ കാൽനടയാത്ര നടത്തിയത് പിതാവ് വൈ എസ് രാജശേഖര റെഡ്ഢിയുടെ ഓർമകൾ ജനഹൃദയങ്ങളിലെത്തിച്ചു. 2003ൽ നായിഡുവിനെ പുറത്താക്കാൻ വൈ എസ് ആർ സ്വീകരിച്ച സമാന തന്ത്രം ജഗൻ രാഷ്ട്രീയത്തിലെ അനന്തര സ്വത്തായി ഉപയോഗിച്ചു. അന്ന് അവിഭക്ത ആന്ധ്രയുടെ മുക്കുംമൂലയും നടന്നാണ് വൈ എസ് ആർ തെലുങ്കന്റെ മാനസപുത്രനായത്. മാത്രമല്ല, 2018ൽ പാർട്ടി പ്ലീനറി അംഗീകരിച്ച ഒമ്പത് വാഗ്ദാനങ്ങളടങ്ങിയ “നവരത്‌നലു” വാഗ്ദാനവും ജനങ്ങൾ സ്വീകരിച്ചതിന്റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പിലുണ്ടായത്. ആന്ധ്രക്ക് പ്രത്യേക പദവി ലഭ്യമാക്കാൻ കഴിയാതിരുന്നതും നായിഡുവിന് വിനയായി. ആന്ധ്ര വിഭജിച്ച് തെലങ്കാന രൂപവത്കരിക്കുമ്പോൾ അന്നത്തെ യു പി എ സർക്കാർ നൽകിയ വാഗ്ദാനമായിരുന്നു ആന്ധ്രക്ക് പ്രത്യേക പദവി. പിന്നീട് എൻ ഡി എയുടെ സഖ്യകക്ഷിയായി നായിഡുവിന്റെ ടി ഡി പി മാറിയെങ്കിലും പ്രത്യേക പദവി മാത്രം ആന്ധ്രക്ക് സാധിച്ചില്ല.
ഒടുവിൽ ഇക്കാര്യത്തിൽ തട്ടി എൻ ഡി എയിൽ നിന്ന് ടി ഡി പി പുറത്തുപോകുകയും കഴിഞ്ഞ വർഷം മോദി സർക്കാറിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തു.

രാജ്യം ഭരിക്കുന്ന സഖ്യത്തിന്റെ ഭാഗമായിട്ടുപോലും ആന്ധ്രക്ക് പ്രത്യേക പദവി നേടിക്കൊടുക്കാൻ നായിഡുവിന് സാധിക്കാതെ പോയത് അദ്ദേഹത്തിന്റെ കഴിവില്ലായ്മയായി വിലയിരുത്തപ്പെട്ടു. സഖ്യത്തിന്റെ പുറത്തുപോയി പ്രതിഷേധിച്ചെങ്കിലും അതൊന്നും ആ വലിയ പരുക്കിനെ ഭേദമാക്കാനായില്ല. തെലുങ്കന്റെ ആത്മാഭിമാനത്തിനേറ്റ ക്ഷതമായി അത് മുഴച്ചുനിന്നു. അത് ജഗൻ മുതലെടുക്കുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആന്ധ്രയില്‍ വൈ എസ് ആര്‍ പി തരംഗം ആഞ്ഞടിച്ചു. ആകെ 25 സീറ്റില്‍ 24ഉം വൈ എസ് ആര്‍ പി തൂത്തുവാരി. ടി ഡി പി ഒരു സീറ്റിലൊതുങ്ങി. 2014ല്‍ ഡി ടി പിക്ക് 15, വൈ എസ് ആര്‍ പിക്ക് എട്ട്, ബി ജെ പിക്ക് രണ്ട് എന്നിങ്ങനെയായിരുന്നു സീറ്റ് നില.

Latest